Connect with us

National

യു പിയില്‍ പോലീസുകാരന്റെ കൊലപാതകം; ഒമ്പതു നിഷാദ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

|

Last Updated

ലക്‌നൗ: യു പിയിലെ ഘാസിപൂരില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമ്പതു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരടക്കം 32 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭാരതീയ നിഷാദ് പാര്‍ട്ടി പ്രവര്‍ത്തകരെയാണ് കോണ്‍സ്റ്റബിള്‍ സുരേഷ് വത്സനെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റ് ചെയ്തത്.

പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ പ്രവേശനം ലഭിക്കാത്തതില്‍ രോഷാകുലരായ പ്രവര്‍ത്തകര്‍ ദേശീയ പാതയില്‍ നടത്തിയ കുത്തിയിരിപ്പിനിടെയുണ്ടായ കല്ലേറിലാണ് സുരേഷ് കൊല്ലപ്പെട്ടത്. സുരേഷും മറ്റു പോലീസുകാരും ചേര്‍ന്ന് പ്രതിഷേധക്കാരെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കല്ലേറ്. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റിനും പോലീസ് സൂപ്രണ്ടിനും നിര്‍ദേശം നല്‍കിയിരുന്നു. മരിച്ച പോലീസുകാരന്റെ ഭാര്യക്ക് 50 ലക്ഷം രൂപയും മാതാപിതാക്കള്‍ക്ക് പത്ത് ലക്ഷം രൂപയും നല്‍കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

ഡിസം: മൂന്നിന് ഗോഹത്യയുമായി ബന്ധപ്പെട്ട് ബുലന്ദ്ഷഹറില്‍ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് പശുവിനെ കൊന്ന് മാംസം പൊതു സ്ഥലത്ത് വിതറിയതെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ക്കു നേരെ വെടിവെച്ചയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Latest