ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്ത യുവാവിന്റെ ജനനേന്ദ്രിയം യുവതി അറുത്തുമാറ്റി

Posted on: December 27, 2018 11:37 am | Last updated: December 27, 2018 at 7:07 pm

മുംബൈ: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്ത യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി. ബുധനാഴ്ച മുംബൈയിലെ താനെയിലുള്ള നന്ദിവാലിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. തുഷാര്‍ പുജാരയെന്ന യുവാവിന്റെ ജനനേന്ദ്രിയമാണ് 47 കാരി അറുത്തെടുത്തത്. മള്‍ട്ടി നാഷണല്‍ ബേങ്കിലെ സെയില്‍സ് എക്‌സിക്യുട്ടീവാണ് അക്രമണത്തിന് ഇരയായ തുഷാര്‍ പുജാര. ഐസിയുവില്‍ തുടരുന്ന ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല. മുകേഷ് കനിയ, തേജസ് മഹത്രേ എന്നീ കൂട്ടാളികളുട സഹായത്തോടെയാണ് യുവതി ആക്രമണം നടത്തിയത്. സംഭവത്തില്‍ മൂന്ന് പേരേയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ബേങ്ക് ജീവനക്കാരനായ യുവാവിനെ യുവതി വായ്പ തരപ്പെടുത്താനെന്ന പേരില്‍ നന്ദിവാലിയിലെ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള വിജനമായ പ്രദേശത്ത് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെ വെച്ച് മുകേഷും തേജസും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. തുടര്‍ന്ന് യുവതി തന്റെ കൈയില്‍ കരുതി വെച്ചിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തന്നേ യുവാവ് നിരന്തരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നാവശ്യപ്പെട്ട് മാനസികയും ശാരീരികമായും ശല്യം ചെയ്തിരുന്നുവെന്ന് യുവതി പറഞ്ഞു. സഹികെട്ടാണ് താന്‍ കൃത്യം ചെയ്തതെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി. കൊലപാതക ശ്രമമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.