Connect with us

Kerala

വൈസനിയം സമാപന സമ്മേളനത്തിന് ഇന്ന് തുടക്കം

Published

|

Last Updated

മലപ്പുറം: ജ്ഞാനസമൃദ്ധി നിറഞ്ഞൊഴുകിയ ഇരുപതാണ്ടിന്റെ ലക്ഷ്യ സാക്ഷാത്കാരവുമായി മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം സമ്മേളനം സമാപനത്തിലേക്ക്. മുസ്‌ലിം കൈരളിയുടെ കണ്ണും കാതും ഇന്ന് മുതല്‍ ഞായറാഴ്ച വരെ വിജ്ഞാനത്തിന്റെയും ആത്മീയതയുടെയും സംഗമ ഭൂമിയായ സ്വലാത്ത് നഗര്‍ കേന്ദ്രീകരിക്കും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അന്താരാഷ്ട്ര വ്യക്തിത്വങ്ങളുടെ സാന്നിധ്യം ഉള്‍പ്പെടെ രാജ്യത്തെ മത, വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും മഅ്ദിന്‍ അക്കാദമിയിലെത്തുന്നുണ്ട്. സമാപന സമ്മേളനത്തില്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. അദാമ ഡിംഗ് മുഖ്യാതിഥിയാകുമെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മഅ്ദിന്‍ അക്കാദമിയില്‍ നിന്ന് ബിരുദമെടുത്ത അദനിമാര്‍ക്കുള്ള സനദ്ദാനം ഇന്ന് രാവിലെ പത്തിന് മഅ്ദിന്‍ എജ്യു പാര്‍ക്കില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. രണ്ടിന് നടക്കുന്ന സായിദ് വര്‍ഷം അന്താരാഷ്ട്ര സെമിനാറും സൗഹൃദ സംഗമവും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് തലവന്‍ എം എ യൂസുഫലി ശൈഖ് സായിദ് അനുസ്മരണ പ്രഭാഷണവും മന്ത്രി കെ ടി ജലീല്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും. വൈകീട്ട് ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനം ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.

നാളെ രാവിലെ ഇസ്‌ലാമിക് ഫൈനാന്‍സ് സിമ്പോസിയം നടക്കും. വൈകീട്ട് സായിദ് ഹൗസില്‍ “ഇന്ത്യ; ഭാവിയുടെ വിചാരങ്ങള്‍” എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചാ സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു മുഖ്യാതിഥിയാകും. ഡോ. ഫൈസാന്‍ മുസ്തഫ വിഷയാവതരണം നടത്തും. രാത്രി 8.30ന് ഖുര്‍ആന്‍ വിസ്മയം പരിപാടി ശൈഖ് മുഹമ്മദ് സാലിം ബൂസഈദി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ ഒമ്പതിന് എജ്യൂപാര്‍ക്ക് പീസ് ലോഞ്ചില്‍ ബിസിനസ് ബ്രഞ്ച് നടക്കും. ടി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനം ഡോ. അന്‍വര്‍ ബഗ്ദാദി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് എജ്യൂപാര്‍ക്ക് അമിറ്റി സ്‌ക്വയറില്‍ ബ്രോസ് ആന്‍ഡ് ബോസ് നടക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന മലബാര്‍ മൂറിംഗ്‌സ് തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് സായിദ് ഹൗസില്‍ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനം ഡോ. അബ്ദുല്ല ഫദ്അഖ് സഊദി ഉദ്ഘാടനം ചെയ്യും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒമ്പതിന് സായിദ് ഹൗസില്‍ നടക്കുന്ന ഗ്ലോബല്‍ മലയാളി മീറ്റ് ജലവിഭവ മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും പത്തിന് മുല്‍തഖല്‍ അശ്‌റാഫ് സാദാത്ത് സംഗമം ശൈഖ് ഹബീബ് ഉമര്‍ ഹഫീളും ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് സായിദ് ഹൗസില്‍ നടക്കുന്ന നവോത്ഥാന സമ്മേളനം വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. പി എ ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം അധ്യക്ഷത വഹിക്കും.

വൈസനിയത്തിന്റെ സമാപന സമ്മേളനം വൈകീട്ട് നാലിന് സ്വലാത്ത് നഗറില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. ശൈഖ് ഹബീബ് ഉമര്‍ ഹഫീള്, ഡോ. അബ്ദുല്‍ ഫത്താഹ് അബ്ദുല്‍ ഗനി, ഗുട്ടിറെസ് കവനാഗ്, രമേശ് ചെന്നിത്തല, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കര്‍ണാടക നഗര വികസന മന്ത്രി യു ടി ഖാദര്‍, സി എം ഇബ്‌റാഹീം, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രസംഗിക്കും.
സ്വാഗത സംഘം കണ്‍വീനര്‍മാരായ മുസ്തഫ കോഡൂര്‍, ദുല്‍ഫുഖാറലി സഖാഫി, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, കോ ഓര്‍ഡിനേറ്റര്‍ ഉമര്‍ മേല്‍മുറി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Latest