ജീവിതമാര്‍ഗം പ്രളയം കവര്‍ന്നു; കനിവ് തേടി മുംതാസ്

മലപ്പുറം
Posted on: December 25, 2018 3:58 pm | Last updated: December 25, 2018 at 6:29 pm


മലപ്പുറം: സ്വന്തം വീട് മാത്രമല്ല, ജീവിതം തന്നെ തകര്‍ന്ന് കഴിയുകയാണ് ചങ്ങരംകുളം നന്നംമുക്കിലെ കുഞ്ഞനിലത്ത് മുംതാസ്. കുടുംബം പോറ്റാന്‍ കുടുംബശ്രീ അംഗമായ ഇവര്‍ നന്നംമുക്ക് പഞ്ചായത്ത് 11ാം വാര്‍ഡ് ധനശ്രീ അയല്‍ക്കൂട്ട അംഗമാണ്. തുണികള്‍ വാങ്ങി തയ്പിച്ച് കുടുംബശ്രീ വഴി വില്‍പ്പന നടത്തി ജീവിതം കണ്ടെത്തിയിരുന്ന ഇവരിന്ന് എല്ലാം തകര്‍ന്ന് കടക്കെണിയിലാണ്. കഴിഞ്ഞ ആഗസ്റ്റില്‍ ചെങ്ങന്നൂരില്‍ നടന്ന സരസ് മേളയില്‍ വില്‍ക്കാന്‍ കൊണ്ടുപോയ വസ്ത്രങ്ങളെല്ലാം പ്രളയത്തില്‍ നശിച്ചു. മേളയുടെ ഉദ്ഘാടനം കഴിഞ്ഞ് രാത്രി ഉറങ്ങാന്‍ പോയ ഇവര്‍ പിറ്റേദിവസം കണ്ടത് കാലവര്‍ഷത്തില്‍ ഇവരുടെ സ്വപ്‌നങ്ങളെല്ലാം ഒഴുകിപ്പോയതാണ്.

5,36,000 രൂപയാണ് ഇവര്‍ക്കുണ്ടായ നഷ്ടം. തുണി വാങ്ങി നിലമ്പൂരിലെ കുടുംബശ്രീ യൂനിറ്റിലെത്തിച്ച് തയ്ച്ചാണ് വസ്ത്രം വില്‍പ്പനക്ക് കൊണ്ടു പോയിരുന്നത്. പലരില്‍ നിന്നായി കടം വാങ്ങിയാണ് തുണി വാങ്ങാനും തുന്നലിനുമുള്ള തുക കണ്ടെത്തിയത്. എന്നാല്‍, മേളയിലെ സ്റ്റാള്‍ ഉള്‍പ്പെടെ പ്രളയം കൊണ്ടു പോയതോടെ ഇവരുടെയും കുടുംബത്തിന്റെയും ജീവിതം വഴിമുട്ടി. സ്വന്തം വീടിന്റെ ഭിത്തി മഴയില്‍ തകരുകയും ചെയ്തതോടെ വാടക വീട്ടിലേക്ക് താമസം മാറ്റി. ഇതോടെ വാടക നല്‍കാനും വഴിയില്ലാതെയായി. ഭൂമി പാട്ടത്തിനെടുത്ത് നടത്തിയിരുന്ന കൃഷിയും വെള്ളംകയറി നശിച്ചു.

എഴുപത്തിയെട്ടുകാരനായ ഭര്‍ത്താവ് കുഞ്ഞയമു തലച്ചോറില്‍ രക്തം കട്ടയാകുന്ന രോഗം ബാധിച്ച് ചികിത്സയിലാണ്. 32 വയസുള്ള ഏക മകന്‍ അമിതമായ പ്രമേഹം കാരണം ജോലിക്ക് പോകാന്‍ പോലും കഴിയാതെ കിടപ്പിലുമാണ്. മകന്റെ ഭാര്യയേയും രണ്ട് പെണ്‍ മക്കളും അടങ്ങുന്ന കുടുംബത്തെ നോക്കേണ്ട ഭാരിച്ച ചുമതലയാണ് കിഡ്‌നി രോഗി കൂടിയായ മുംതാസിനുള്ളത്.