Connect with us

Gulf

ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ 56 ഗള്‍ഫ് പ്രതിനിധികള്‍

Published

|

Last Updated

ദുബൈ: ഫെബ്രുവരി 15, 16 തിയതികളില്‍ യു എ ഇ യില്‍ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തില്‍ ഗള്‍ഫിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 56 പേര്‍ പങ്കെടുക്കുമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ വരദരാജനും സി ഇ ഒ ഹരികിഷന്‍ നമ്പൂതിരിയും ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രമുഖര്‍ എത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ എത്തും. 15ന് ഉച്ച കഴിഞ്ഞു മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നടന്ന പ്രഥമ ലോക കേരളസഭ രൂപംകൊടുത്ത ഏഴ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി കണ്ടെത്തിയ 24 പദ്ധതികള്‍ മേഖല സമ്മളനം ചര്‍ച്ചചെയ്യും.

24 പദ്ധതികള്‍ സംസ്ഥാന ഭരണകൂടം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വേണ്ടി ലോക കേരളസഭയില്‍ രണ്ടു സെഷനുകള്‍ ഉണ്ടാകും. സഊദിയില്‍ നിന്നും മറ്റും നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കുവേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്യും. സമ്മേളനത്തിന്റെ ചെലവ് വഹിക്കുന്നത് എം എ യൂസുഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍, ഡോ. ഷംഷീര്‍ വയലില്‍, എസ് എം സി മുരളി എന്നിവരാണ്.

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് യുവജനോത്സവം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. യു എ ഇ യില്‍ ഏഴു എമിറേറ്റുകളിലെ വിദ്യാര്‍ഥികള്‍ ഗ്രൂപ്പ് തിരിഞ്ഞാണ് മത്സരിക്കുക. സഊദിയില്‍ മൂന്നു മേഖലകളിലെ വിദ്യാര്‍ഥികള്‍ മത്സരിക്കും. വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭ്യമാക്കും. രണ്ടാം ലോക കേരളസഭ അടുത്ത വര്‍ഷം ഡിസംബറില്‍ തിരുവനന്തപുരത്തു നടത്തും.

സംസ്ഥാന ഭരണകൂടത്തിന്റെ സാമ്പത്തിക പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്നതൊക്കെ നോര്‍ക്ക ചെയ്യുന്നുണ്ട്. യു എ ഇയിലെ പൊതുമാപ്പ് പദ്ധതി പ്രകാരം നാടിലേക്ക് മടങ്ങാന്‍ 310 പേര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ ഡോ. രവിപിള്ള സഹായിച്ചുവെന്നും വരദരാജന്‍ പറഞ്ഞു. ക്ഷേമനിധി ബോര്‍ഡ് അംഗം കൊച്ചുകൃഷ്ണന്‍ പങ്കെടുത്തു.

Latest