Connect with us

Editorial

എസ് പി, ബി എസ് പി നീക്കം വിവേകശൂന്യം

Published

|

Last Updated

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് നേടിയ വിജയത്തിന്റെ ബലത്തില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പുറത്താക്കി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര സഖ്യത്തിന് അധികാരത്തിലേറാനാകുമെന്ന പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് യു പിയില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും മറ്റും വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. യു പിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോണ്‍ഗ്രസിനെ ഒഴിവാക്കി എസ് പി- ബി എസ് പി സഖ്യം രൂപവത്കരിക്കാനുള്ള നീക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതായാണ് വിവരം. അജിത് സിംഗിന്റെ ആര്‍ എല്‍ ഡിയും മുന്നണിയില്‍ ചേരുമെന്നും ആര്‍ എല്‍ ഡിക്ക് മൂന്ന് സീറ്റുകള്‍ നീക്കിവെച്ച് ബാക്കിയുള്ള സീറ്റുകള്‍ എസ് പിയും ബി എസ് പിയും തുല്യമായി പങ്കിടാന്‍ ധാരണയായതായുമാണ് വാര്‍ത്തകള്‍. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ബംഗാള്‍ മന്ത്രിയുമായ സുബ്രത മുഖര്‍ജി കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്.

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ തട്ടകമായിരുന്ന ഫുല്‍പൂരിലും മാര്‍ച്ചില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി എസ് പിയുടെ പിന്തുണയോടെ സമാജ്‌വാദി പാര്‍ട്ടി നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇരുകക്ഷികളും കോണ്‍ഗ്രസിനെ കൂടാതെയുള്ള സഖ്യത്തിലേക്ക് നീങ്ങിയത്. യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും രാജി വെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഗോരഖ്പൂരിലും ഫുല്‍പൂരിലും എസ് പി സ്ഥാനാര്‍ഥികള്‍ യഥാക്രമം 21,961 വോട്ടുകള്‍ക്കും 59,613 വോട്ടുകള്‍ക്കും വിജയിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ഇരു മണ്ഡലങ്ങളിലും കെട്ടിവെച്ച കാശ് പോലും ലഭിച്ചില്ല. അതേസമയം കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷ കക്ഷികളുടെ വിശാലസഖ്യ രൂപവത്കരണത്തിന് തിരിച്ചടിയാണ് മായാവതിയുടെയും അഖിലേഷിന്റെയും മമതാ ബാനര്‍ജിയുടെയും ഈ നിലപാട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ് 80 സീറ്റുകളുള്ള യു പിയും 42 സീറ്റുകളുള്ള ബംഗാളും.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പ്രതിരോധിക്കാന്‍ വിശാല മതേതര സഖ്യം അനിവാര്യമാണ്. ഇതിനായി എന്തു വിട്ടുവീഴ്ചക്കും തയ്യാറാണ് പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ഭാവി പ്രധാനമന്ത്രിയായാണ് പാര്‍ട്ടി രാഹുലിനെ വളര്‍ത്തിക്കൊണ്ടു വന്നതെങ്കിലും പഞ്ചസംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി പദത്തിന് അവകാശ വാദമുന്നയിക്കാന്‍ പറ്റാത്ത വിധം ദയനീയാവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്. ഈയൊരു രാഷ്ട്രീയ പശ്ചാത്തലം മമതയിലും മായാവതിയിലും പവാറിലുമെല്ലാം പ്രധാനമന്ത്രി മോഹം ഉദിക്കാന്‍ ഇടയാക്കിയിരുന്നു. ബി ജെ പിയുടെ ആധിപത്യത്തിലായിരുന്ന മൂന്ന് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയും മോദിയോട് കിടപിടിക്കാവുന്ന നേതാവായി രാഹുല്‍ മാറുകയും ചെയ്തതോടെ കളി മാറി. കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും അപ്രതീക്ഷിത തിരിച്ചുവരവ് എസ് പിക്കും ബി എസ് പിക്കും തൃണമൂലിനുമടക്കം ക്ഷീണം വരുത്തുകയും മായാവതിയുടെയും മമതയുടെയും പ്രധാനമന്ത്രി മോഹത്തിനു തിരിച്ചടിയാകുകയും ചെയ്യും. സംസ്ഥാന തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ മിക്ക പ്രതിപക്ഷ നേതാക്കളും കോണ്‍ഗ്രസിനും രാഹുലിനും അഭിനന്ദനം രേഖപ്പെടുത്തിയപ്പോള്‍ മമത മൗനം കൊള്ളുകയും മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ മായാവതിയും അഖിലേഷും വിട്ടുനില്‍ക്കുകയും ചെയ്തതിന്റെ സാഹചര്യവുമിതാണ്.

മായാവതിയുടെയും അഖിലേഷിന്റെയും നീക്കങ്ങള്‍ ആപത്കരമാണ്. യു പിയില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കാന്‍ ഇതിടയാക്കുകയും ആ വിടവിലൂടെ ബി ജെ പി നേട്ടമുണ്ടാക്കുകയും ചെയ്യും. കോണ്‍ഗ്രസിനെ കൂടി കൂട്ടിയുള്ള സഖ്യമാണ് രാജ്യത്തിനിന്നാവശ്യം. ബി ജെ പിയേതര സഖ്യത്തെ നയിക്കാന്‍ രാഹുല്‍ യോഗ്യത നേടിക്കഴിഞ്ഞതായി അദ്ദേഹം തെളിയിക്കുകയും ചെയ്തു. പഞ്ച സംസ്ഥാന തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പൊടുന്നനെ ഉണ്ടായതല്ല രാഹുലിന്റെ നേതൃപരമായ വളര്‍ച്ച. അടുത്ത കാലത്തായി അദ്ദേഹത്തിന്റെ നയങ്ങളിലും ഇടപെടലുകളിലുമെല്ലാം പ്രതീക്ഷാ നിര്‍ഭരമായ മാറ്റങ്ങള്‍ പ്രകടമായിരുന്നു. ജൂലൈയില്‍ ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ നടത്തിയ പ്രസംഗവും മോദിയെ ആലിംഗനം ചെയ്തതിലൂടെ കാണിച്ച നാടകീയതയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയിലും പ്രതിപക്ഷ പാര്‍ട്ടി നേതാവെന്ന നിലയിലും രാഹുലിന്റെ പ്രകടനം പോരെന്ന വിമര്‍ശനത്തിനുള്ള ശക്തമായ മറുപടിയായാണ് അദ്ദേഹത്തിന്റെ അന്നത്തെ പ്രകടനങ്ങളെ നിരീക്ഷകരും മാധ്യമങ്ങളും വിശേഷിപ്പിച്ചത്. മോദിപ്രഭാവം കുറഞ്ഞ് രാഹുല്‍പ്രഭാവം വര്‍ധിച്ചു വരുന്നതായി സര്‍വേ ഫലങ്ങള്‍ കാണിക്കുകയും ചെയ്യുന്നു. ഇതെല്ലാം കണ്ടറിയാനുള്ള രാഷ്ട്രീയ വിവേകമാണ് മായാവതിയില്‍ നിന്നും അഖിലേഷില്‍ നിന്നും മതേതര ഇന്ത്യ പ്രതീക്ഷിക്കുന്നത്.

Latest