മറ്റാരുടേയും തൊഴുത്തിലൊതുങ്ങുന്നതല്ല എന്‍എസ്എസ്; കോടിയേരിയുടെ ഉപദേശം അജ്ഞതമൂലം: ജി സുകുമാരന്‍ നായര്‍

Posted on: December 19, 2018 3:05 pm | Last updated: December 19, 2018 at 3:05 pm

ചങ്ങനാശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന് മറുപടിയുമായി എന്‍എസ്എസ്. എന്‍എസ്എസ് മറ്റാരുേടയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ലെന്നും കോടിയേരിയുടെ ഉപദേശവും പരാമര്‍ശവും അജ്ഞത മൂലവും നിലവിലെ സാഹചര്യങ്ങളിലെ നിരാശമൂലവുമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കോടിയേരി ആരോപിച്ചിരുന്നു. മന്നത്ത് പത്മനാഭനുണ്ടായിരുന്നുവെങ്കില്‍ കുടുംബാംഗങ്ങളോടൊപ്പം വനിതാമതിലില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടേനെയെന്നും ആത്മഹത്യാപരമായ നിലപാട് എന്‍എസ്എസ് തിരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് സുകുമാരന്‍ നായരുടെ പ്രസ്താവന.

നവോത്ഥാന വിഷയങ്ങളെക്കുറിച്ച് കോടിയേരി പഠിക്കണം. രാഷ്ടീയത്തിനതീതമായ മതേതര നിലപടാണ് എന്നും എന്‍എസ്എസിന്റേത്. സ്വന്തം വീഴ്ചകള്‍ തിരുത്താനാണ് കോടിയേരി ശ്രമിക്കേണ്ടത്. എന്‍എസ്എസ് എക്കാലവും വിശ്വാസികള്‍ക്കൊപ്പമാണ് . എന്‍എസ്എസ് നിരീശ്വരവാദത്തിനെതിരാണ്. ഇക്കാര്യം കോടിയേരി അറിയണമെന്നും ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ സുകുമാരന്‍ നായര്‍ പറഞ്ഞു.