ബഹുജന പ്രക്ഷോഭം വിജയിച്ചു; കര്‍ണാടക ക്ഷേത്രങ്ങളിലെ വിവാദ ആചാരങ്ങള്‍ക്കു വിലക്ക്

Posted on: December 14, 2018 8:41 pm | Last updated: December 15, 2018 at 10:10 am

മംഗളൂരു: ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലും മറ്റും തുടര്‍ന്നു വന്നിരുന്ന വിവാദ ആചാരങ്ങള്‍ നിരോധിച്ചു. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ കീഴ്ജാതിയില്‍ പെട്ടവര്‍ കിടന്നുരുളുന്ന മഡേ സ്‌നാന, എഡേ സ്‌നാന എന്നീ ആചാരങ്ങളാണ് ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് നിരോധിച്ചത്. പര്യായ പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്‍ഥയാണ് നിരോധന വിവരം വെളിപ്പെടുത്തിയത്.

എതിര്‍പ്പുകളെ തുടര്‍ന്ന് മഡേ സ്‌നാന രണ്ടു വര്‍ഷം മുമ്പ് സുപ്രീം കോടതി നിരോധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതിന്റെ പേര് എഡേ സ്‌നാന എന്നു മാറ്റി ആചാരം തുടരുകയായിരുന്നു. കര്‍ണാടകയിലെ സി പി എം നേതൃത്വത്തില്‍ ഇടതു ശക്തികള്‍ ഈ ിവദാ ആചാരത്തിനെതിരെ നിരന്തര പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വിവാദ ആചാരങ്ങള്‍ നിലനിന്നിരുന്ന ക്ഷേത്രങ്ങളിലേക്ക് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജി വി ശ്രീറാം റെഡ്ഢി ജയില്‍വാസമനുഭവിക്കേണ്ട സ്ഥിതിയുമുണ്ടായി.

ആചാരം തുടരണമെന്ന നിലപാടിലായിരുന്നു വിശ്വഹിന്ദു പരിഷത്, ബി ജെ പി തുടങ്ങിയ ഹൈന്ദവ സംഘടനകള്‍.