പിറവം പള്ളിക്കേസില്‍നിന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്‍മാറി

Posted on: December 11, 2018 3:40 pm | Last updated: December 11, 2018 at 3:40 pm

കൊച്ചി : പിറവം പള്ളിക്കേസ പരിഗണിക്കുന്നതില്‍നിന്നും ജസ്റ്റിസ് പി ആര്‍.രാമചന്ദ്ര മേനോനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്‍മാറി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നേരത്തെ സഭാ തര്‍ക്കം സംബന്ധിച്ച കേസില്‍ ഹാജരായിട്ടുണ്ടെന്നു കേസില്‍ കക്ഷി ചേരാനെത്തിയവര്‍ തടസം ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു പിന്‍മാറ്റം.പുതിയ ബെഞ്ച് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കും.

കേസില്‍ കക്ഷി ചേരുന്നതിനായി വിശ്വാസികളുടേതായ ഹര്‍ജിയുമായി എത്തിയ അഭിഭാഷകനാണ് ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്നും പുതിയ ബെഞ്ച് കേസ് പരിഗണിക്കണമെന്നും ആവശ്യം ഉന്നയിച്ചത്. നേരത്തേ യാക്കോബായ സഭയുടെ അഭിഭാഷകനായിരുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ജഡ്ജി ആയി എത്തിയപ്പോള്‍ തന്നെ ആര്‍ക്കെങ്കിലും ആക്ഷേപം ഉണ്ടോ എന്ന ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്ന് ഇരുവിഭാഗവും വിശ്വാസം രേഖപ്പെടുത്തിയെങ്കിലും കേസ് അവസാന ഘട്ടത്തിലെത്തി വിധിപറയാനിരിക്കെയാണ് വിശ്വാസികളുടെ ഹര്‍ജി എന്നപേരില്‍ എത്തി പുതിയ ആവശ്യം ഉന്നയിച്ചത്.