ലണ്ടന്‍ ഡെര്‍ബി ജയിച്ച് ആഴ്‌സണല്‍

Posted on: December 3, 2018 6:18 am | Last updated: December 3, 2018 at 9:23 am

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ലണ്ടന്‍ ഡെര്‍ബിയില്‍ ആഴ്‌സണല്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ടോട്ടനം ഹോസ്പറിനെ കീഴടക്കി. മറ്റൊരു മത്സരത്തില്‍ ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫുള്‍ഹാമിനെയും തോല്‍പ്പിച്ചു.
ലീഗ് ടേബിളില്‍ 14 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റുമായി ആഴ്‌സണല്‍ നാലാം സ്ഥാനത്തേക്ക് കയറി. 30 പോയിന്റുള്ള ടോട്ടനം ഹോസ്പറിനെയാണ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ചെല്‍സി 31 പോയിന്റുമായി നാലാം സ്ഥാനത്ത്. 38 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി, 34 പോയിന്റുള്ള ലിവര്‍പൂള്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

ആഴ്‌സണലിന്റെ തിരിച്ചുവരവ്..

ആദ്യപകുതിയില്‍ 1-2ന് പിറകിലായിരുന്നു ആഴ്‌സണല്‍. ഹോം ഗ്രൗണ്ടില്‍ അവര്‍ തിരിച്ചുവരവ് നടത്തിയത് രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ അടിച്ചു കയറ്റിക്കൊണ്ട്. ഓബമെയാംഗ് (56), ലകാസെറ്റ(74), ടൊറേറ (77) എന്നിവരാണ് സ്‌കോര്‍ ചെയ്തത്.
ടോട്ടനം ഹോസ്പറിനായി എറിക് ഡയര്‍ (30), കാന്‍ (34, പെനാല്‍റ്റി) ഗോളടിച്ചു. പത്താം മിനുട്ടില്‍ ഓബമെയാംഗിലൂടെ ആഴ്‌സണലാണ് ലീഡെടുത്തത്.

തോല്‍വിയറിയാതെ 19 മത്സരങ്ങള്‍..

പുതിയ കോച്ച് ഉനെയ് എമെറിക്ക് കീഴില്‍ ആഴ്‌സണല്‍ പത്തൊമ്പത് മത്സരങ്ങളില്‍ അപരാജിതരായി കുതിക്കുന്നു. ആര്‍സെന്‍ വെംഗറില്‍ നിന്ന് പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം സ്പാനിഷ് കോച്ചിന് കീഴില്‍ ആഴ്‌സണല്‍ പതിയെ പുരോഗതി കൈവരിക്കുന്നതിന്റെ സൂചനയാണ് ഈ കുതിപ്പ്. രണ്ടാം പകുതിയില്‍ എമെറി നടത്തിയ സബ്സ്റ്റിറ്റിയൂഷന്‍ ശ്രദ്ധേയമായി. അലക്‌സാന്‍ഡ്രെ ലകാസെറ്റെയും ആറോണ്‍ റാംസിയും ഇറങ്ങിയത് മത്സരം ഗണ്ണേഴ്‌സിന് അനുകൂലമാക്കി.
ഓബമെയാംഗിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത് വെയില്‍സിന്റെ റാംസിയായിരുന്നു.

രണ്ടടിച്ച് ചെല്‍സി..

ഫുള്‍ഹാമിനെതിരെ ചെല്‍സിക്ക് ജയമൊരുക്കിയത് സ്പാനിഷ് താരം പെഡ്രോ റൊഡ്രിഗസും (4), ലോഫ്റ്റസ് ചീക്കും (82) നേടിയ ഗോളുകള്‍. ചെല്‍സിയുടെ മുന്‍ കോച്ച് ക്ലോഡിയോ റാനിയേരി ഫുള്‍ഹാമിന്റെ കോച്ചായി നവംബര്‍ 14ന് സ്ഥാനമേറ്റതിന് ശേഷം ആദ്യമായി മുന്‍ ക്ലബ്ബിനെ നേരിടുകയായിരുന്നു.
റാനിയേരിക്ക് കീഴില്‍ ഫുള്‍ഹാം വളരെ മികച്ച പ്രതിരോധ നിരയായി മാറിയെന്ന് ചെല്‍സി കോച്ച് മൗറിസിയോ സറി പറഞ്ഞു. ഫുള്‍ഹാമിന്റെ പ്രതിരോധം തകര്‍ക്കാന്‍ സാധിച്ചത് ചെല്‍സിക്ക് മുന്നോട്ടുള്ള കുതിപ്പിന് ആത്മവിശ്വാസമേകുന്നുവെന്നും സറി.

സിറ്റിക്ക്ജയം; മാഞ്ചസ്റ്ററിന് സമനില

മാഞ്ചസ്റ്റര്‍ സിറ്റി 3-1ന് ബൗണ്‍മൗത്തിനെ തകര്‍ത്തപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സതംപ്ടണിനെതിരെ സമനില പൊരുതിയെടുത്തു. ലെസ്റ്റര്‍ സിറ്റിയും ക്രിസ്റ്റല്‍പാലസും ജയിച്ചപ്പോള്‍ ന്യൂകാസില്‍ യുനൈറ്റഡ് തോറ്റു.
2-0ന് പിറകില്‍ നിന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലുകാകു (33), ഹെരേര (39) എന്നിവരുടെ ഗോളുകളില്‍ സമനില നേടി.
മാഞ്ചസ്റ്റര്‍ സിറ്റിക്കായി ബെര്‍നാര്‍ഡോ സില്‍വ (16), സ്‌റ്റെര്‍ലിംഗ് (57), ഗുന്‍ഡോഗന്‍ (79) എന്നിവര്‍ സ്‌കോര്‍ ചെയ്തു.