രക്ഷാകര്‍ത്താവിന്റെ ജനനം

മക്കളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ ആവശ്യങ്ങളെ യഥോചിതം യഥാസമയം നിര്‍വഹിച്ചു കൊടുക്കുന്നതില്‍ വിജയിക്കുമ്പോഴാണ് ഒരു രക്ഷാകര്‍ത്താവ് ജനിക്കുന്നത്. ഇവ നിര്‍വഹിച്ചു കൊടുക്കുന്നതിലെ പരാജയം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് മക്കളില്‍ വഴിവെക്കുന്നുവെന്നര്‍ഥം.
വിരല്‍ത്തുമ്പ്
Posted on: December 2, 2018 10:40 am | Last updated: December 2, 2018 at 10:40 am

‘മാതാവും പിതാവുമാകുക എളുപ്പമാണ്. നല്ല രക്ഷിതാവാകുക പ്രയാസവും’. പ്രവാസ ഭൂമികയില്‍ ഈ പ്രസ്താവത്തിന് പ്രസക്തി കൂടുതലാണ്. പൊന്നോമനകളെ നാട്ടില്‍ വിട്ടേച്ചു പോന്ന പ്രവാസം ഏറെ മാനസിക പ്രയാസങ്ങളും പിരിമുറുക്കങ്ങളും അനുഭവിച്ചുകൊണ്ടാണ് ഓരോ ദിനവും കഴിച്ചുകൂട്ടുക. എന്നാലും അവര്‍ക്ക് ചെറിയൊരാശ്വാസമുണ്ട്. മക്കളെ ജനിച്ചു വളര്‍ന്ന അന്തരീക്ഷത്തില്‍ കൂട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കുമൊപ്പം സംരക്ഷണം കൊടുത്തു വളര്‍ത്താന്‍ ചില അടുത്ത ബന്ധങ്ങളുണ്ടെന്ന ആശ്വാസം. പെറ്റുവളര്‍ന്ന നാട്ടിലെ കാറ്റും മഴയും ആകാശവും ഭൂമിയും അനുഭവിക്കാനുള്ള അവസരം അവര്‍ക്കുണ്ടെന്ന വിശ്വാസം. കുടുംബസമേതം പ്രവാസ ജീവിതം നയിക്കുന്നവര്‍ മക്കളുടെ കാര്യത്തില്‍ പറയാന്‍ പറ്റാത്ത വിഷമതകള്‍ അനുഭവിക്കുന്നവരാണ്.

ഏറെ മൂല്യമുള്ള സമ്പത്തായ മക്കളെ വളര്‍ത്തല്‍ എളുപ്പമുള്ള വ്യായാമമാണെന്ന് ആരും പറഞ്ഞതായി കേട്ടിട്ടില്ല. മക്കളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ ആവശ്യങ്ങളെ യഥോചിതം യഥാസമയം നിര്‍വഹിച്ചു കൊടുക്കുന്നതില്‍ വിജയിക്കുമ്പോഴാണ് ഒരു രക്ഷാകര്‍ത്താവ് ജനിക്കുന്നത്. ഇവ നിര്‍വഹിച്ചു കൊടുക്കുന്നതിലെ പരാജയം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് മക്കളില്‍ വഴിവെക്കുന്നുവെന്നര്‍ഥം. പ്രവാസി രക്ഷിതാക്കളെന്നപോലെ നാട്ടിലുള്ളവര്‍ക്കും ഇതൊക്കെ ബാധകമാണ്.

ആരല്ല, നല്ല രക്ഷാകര്‍ത്താവ്
വളരെയധികം ചെലവുകൂടിയ മൊബൈല്‍, ബൈക്ക്, വസ്ത്രങ്ങള്‍, ഷൂ തുടങ്ങിയവ വാങ്ങിക്കൊടുക്കുന്ന രക്ഷിതാവ് മാര്‍ക്കറ്റില്‍ വിലപിടിപ്പുള്ളയാളാണ്. പക്ഷേ, മൂല്യത്തില്‍ ഇടിവു സംഭവിച്ച രക്ഷിതാവാണിയാള്‍. ഒരു നിയന്ത്രണവുമില്ലാതെ കമ്പ്യൂട്ടറോ ടെലിവിഷനോ പുതിയ ഗെയിം സിസ്റ്റങ്ങളോ വാങ്ങിക്കൊടുത്തു സന്തോഷിപ്പിക്കുന്നത് വളരെ വൈകാതെ ദുഃഖം കൊണ്ടുവരുന്ന അതീവ ഗൗരവമായ വിഷയമാണ്. നിങ്ങള്‍ പോകുന്നിടത്തെല്ലാം മക്കളെയും കൊണ്ടുപോവുക എപ്പോഴും നല്ലതായിരിക്കില്ല. മക്കള്‍ക്ക് പലപ്പോഴും ശ്രദ്ധിക്കാനും ഇടപെടാനും താത്പര്യമില്ലാത്ത മീറ്റിംഗുകളോ ഓഫീസ് സിറ്റിംഗുകളോ ആകുമ്പോള്‍ അവിടെയുള്ളവര്‍ക്കെന്ന പോലെ മക്കള്‍ക്കും അലോസരമുണ്ടാകും. മക്കളുടെ മുറികള്‍ എന്നും നിങ്ങള്‍ തന്നെ വൃത്തിയാക്കുമ്പോള്‍ അവര്‍ക്കു ചെയ്തു പഠിക്കാനുള്ള അവസരമാണ് പാഴാക്കുന്നത്. നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ സാധനവും മക്കളെ കൊണ്ടും പ്രവര്‍ത്തിപ്പിക്കുന്നത് ഉപകാരത്തേക്കാള്‍ പലപ്പോഴും ഉപദ്രവമായിരിക്കും. കാറോ ബൈക്കോ പ്രായപൂര്‍ത്തിയാകാത്ത മകന് കൊടുത്ത് അങ്ങാടിയില്‍ പോയി സാധനങ്ങള്‍ കൊണ്ടുവരാന്‍ പറയുന്നത് ചിലപ്പോള്‍ അപകട യാത്രയിലേക്കായിരിക്കും.

പലയാവര്‍ത്തി തെറ്റുകള്‍ ചെയ്യുന്നത് കാണുമ്പോഴും തീരെ ശാസിക്കാതിരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. നല്ല എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തീരെ അഭിനന്ദിക്കാതിരിക്കുന്നത് കുട്ടികളില്‍ മാനസിക പ്രയാസങ്ങളുണ്ടാക്കുമെന്നത് നമുക്കറിയാവുന്നതാണല്ലോ. അമിതമായി ചിപ്‌സും സോഡയും ഐസ്‌ക്രീമും ജങ്ക്ഫുഡും വാങ്ങിക്കൊടുത്തു മക്കളെ സന്തോഷിപ്പിക്കാമെന്ന് കരുതുന്നത് നല്ലതല്ല. ആരോഗ്യം കെട്ട് ദുര്‍മേദസ്സ് നിറഞ്ഞ മക്കളായി വളരുന്നത് നമ്മള്‍ തന്നെ കാണേണ്ടി വരും. പ്രവാസഭൂമികയില്‍ അനിയന്ത്രിതമായ ജീവിതശൈലിയായി ഇത് മാറിയിട്ടുണ്ട്. കളിപ്പാട്ടങ്ങളുമായി കളിക്കുന്നതിനിടയില്‍ കുട്ടികള്‍ സ്ഥലം മാറ്റി വച്ച കളിപ്പാട്ടങ്ങളെ നമ്മളായി ശരിയാക്കി വെക്കരുത്. അപ്പോള്‍ ചിന്തിക്കാനുള്ള വഴി നാം അടക്കുന്നു. അവരുടെ ജിജ്ഞാസ നമ്മള്‍ തന്നെ കെടുത്തുന്നു. മക്കളുടെ മുമ്പില്‍വെച്ച് സിഗരറ്റ് വലിക്കുകയോ കാണാന്‍ സുഖകരമല്ലാത്തത് കാണുകയോ ഭാര്യയോട് വഴക്കിടുകയും തുടര്‍ന്ന് അടിയില്‍ കലാശിക്കുകയും ചെയ്യുകയോ ഒക്കെ ഉണ്ടാകുമ്പോള്‍ നാമറിയാതെ മക്കള്‍ ഇതെല്ലാം ഏതെങ്കിലും വിധേന ജീവിതത്തില്‍ അഭിനയിച്ചു കാണിക്കാന്‍ തുടങ്ങും.
.