Connect with us

Editorial

ശബരിമല സമരത്തിനും കീഴാറ്റൂരിന്റെ ഗതി

Published

|

Last Updated

കീഴാറ്റൂര്‍ വയല്‍ക്കിളികളെ സി പി എമ്മിനെതിരായ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു ബി ജെ പിയെന്ന് സമരസമിതിക്കാര്‍ക്ക് ഇപ്പോഴാണ് ബോധ്യപ്പെട്ടത്. ബി ജെ പിയില്‍ വിശ്വാസമര്‍പ്പിച്ചത് വിഡ്ഢിത്തമായിപ്പോയെന്നും പാര്‍ട്ടി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും കീഴാറ്റൂര്‍ സമര സമിതി നേതാവ് സുരേഷ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ദേശീയപാതാ ബൈപാസിന്റെ നിര്‍മാണം കീഴാറ്റൂര്‍ വയലിലൂടെ തന്നെ മുന്നോട്ട് കൊണ്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ പാതാ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയ സാഹചര്യത്തിലായിരുന്നു ഈ കുറ്റസമ്മതം. എന്നാല്‍ വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി കഴിഞ്ഞ സെപ്തംബറില്‍ ബി ജെ പി രംഗത്തു വന്നപ്പോള്‍, സി പി എം ഗ്രാമമായ കീഴാറ്റൂരിനെ രാഷ്ട്രീയമായി കയ്യിലെടുക്കാനുള്ള അടവാണിതെന്നും പരിസ്ഥിതി സ്‌നേഹമല്ലെന്നും അന്നേ തന്നെ പലരും ചൂണ്ടിക്കാട്ടിയതാണ്.

ദേശീയപാത 66 നാല് വരിയായി വികസിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തിയായ കാലിക്കടവ് മുതല്‍ മുഴുപ്പിലങ്ങാട് വരെ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ദേശീയപാത തളിപ്പറമ്പ് നഗരത്തിലൂടെ കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന വന്‍നഷ്ടം ഒഴിവാക്കാന്‍ കുപ്പം- കീഴാറ്റുര്‍- കൂവോട്- കുറ്റിക്കോല്‍ ബൈപ്പാസ് നിര്‍മിക്കാനാണ് പദ്ധതി. കീഴാറ്റൂരില്‍ ഒമ്പത് ഹെക്ടര്‍ വയല്‍ ഉള്‍പ്പെടെ 12.22 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതറിഞ്ഞതോടെ സി പി എമ്മുകാര്‍ ഉള്‍പ്പെടെ വയല്‍ക്കിളികള്‍ എന്ന സംഘടനാ ബാനറില്‍ നാട്ടുകാര്‍ സമരത്തിനിറങ്ങുകയായിരുന്നു. കീഴാറ്റൂര്‍ വയല്‍ വിഭജിച്ചു പാത പണിയുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും വയല്‍ ഒഴിവാക്കി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. അതേസമയം വികസനത്തിനു എതിര് നില്‍ക്കരുതെന്നും, ദേശീയപാത അലൈന്‍മെന്റ് ഒഴിവാക്കാനാവില്ലെന്നും സി പി എം നേതൃത്വം നിലപാടെടുത്തതോടെ സി പി എമ്മുകാരില്‍ മിക്കപേരും സമരത്തില്‍ നിന്നു പിന്മാറി. ഇതോടെ സമരരംഗത്ത് അവശേഷിച്ചവരെ രാഷ്ട്രീയമായി കയ്യിലെടുക്കാമെന്ന കാഴ്ചപ്പാടിലാണ് ബി ജെ പി സമരമുഖത്തേക്ക് വരുന്നത്. തുടര്‍ന്ന് കക്ഷി വ്യത്യാസമില്ലാതെ ഉടലെടുത്ത സമരത്തെ സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള ആക്രമണമായി അവര്‍ വഴിതിരിച്ച് വിടുകയായിരുന്നു. സമരത്തിന്റെ ഭാഗമായി പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിന്റെ ഉദ്ഘാടനചടങ്ങില്‍ ബിജെപി അഖിലേന്ത്യാ സെക്രട്ടറി രാഹുല്‍ സിന്‍ഹ നടത്തിയ പ്രഖ്യാപനം ഈ അജന്‍ഡയിലേക്ക് വ്യക്തമായ സൂചനയാണ്. ബംഗാളിലെ നന്ദിഗ്രാമിലേത് പോലെ കീഴാറ്റൂര്‍ കേരളത്തില്‍ സി പി ഐ എമ്മിന്റെ ശവക്കല്ലറയാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവം.

കേന്ദ്ര ഭരണകക്ഷിയെന്ന നിലയില്‍ കേന്ദ്രസര്‍ക്കാറില്‍ സ്വാധീനം ചെലുത്തി ദേശീയ അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനം മരവിപ്പിക്കുകയും അലൈന്‍മെന്റ് മാറ്റിക്കുകയും ചെയ്യുമെന്ന സംസ്ഥാന ബി ജെ പി നേതാക്കളുടെ ഉറപ്പിന്മേലാണ് വയല്‍ക്കിളികള്‍ സമരത്തില്‍ പാര്‍ട്ടിയെ സഹകരിപ്പിച്ചത്. വയല്‍ക്കിളി സമരസമിതി നേതാക്കളായ മമ്പറം ജാനകിയെയും സുരേഷ് കീഴാറ്റൂരിനെയും ബി ജെ പി സംഘം ഡല്‍ഹിയിലെത്തിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗാഡ്കരിയുമായുള്ള ചര്‍ച്ചക്ക് സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്തു. ബൈപ്പാസിന് ബദല്‍ പാത നിര്‍മിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ച് സങ്കേതിക പഠനം നടത്തുമെന്നും സമിതിയുടെ തീരുമാനത്തിനു ശേഷം മാത്രമേ അലൈന്‍മെന്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും ചര്‍ച്ചയില്‍ നിതിന്‍ ഗാഡ്ഗരി ഉറപ്പു നല്‍കിയെന്നാണ് സമര സമിതി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇതോടെ വയല്‍ക്കിളി സമരത്തിന് കേന്ദ്രത്തിന്റെ അംഗീകാരമെന്ന അവകാശവാദത്തോടെയാണ് സമരം നിര്‍ത്തിവെച്ചത്. എന്നാല്‍ അലൈന്‍മെന്റ് മാറ്റുന്നതില്‍ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും അത് പ്രയാസമാണെന്നും ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ നേരത്തേ തന്നെ കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരിയെ ധരിപ്പിച്ചിരുന്നുവെന്നാണ് വിവരം. എല്ലാ സാധ്യതകളും പരിശോധിച്ച ശേഷം ജനജീവിതത്തെ ഏറ്റവും കുറഞ്ഞ രീതിയില്‍ ബാധിക്കുന്ന അലൈന്‍മെന്റ് എന്ന നിലയിലാണ് വയലിലൂടെയുള്ള നിര്‍മാണത്തിന് പരിഗണന നല്‍കിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഇതടിസ്ഥാനത്തില്‍ അലൈന്‍മെന്റ് മാറ്റാന്‍ കഴിയില്ലെന്ന ഉത്തമ ബോധ്യത്തോടെയാണ് മന്ത്രി സമര നേതാക്കള്‍ക്ക് മാറ്റാമെന്ന വാക്ക് കൊടുത്തത്.

ശബരിമല സ്ത്രീപ്രവേശ പ്രശ്‌നത്തിലെ ബി ജെ പി ഇടപെടലും ഇതുപോലൊരു രാഷ്ട്രീയ കളിയാണ്. സന്നിധാനത്ത് ഏതുപ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി വന്ന ഉടനെ ബി ജെ പി, ആര്‍ എസ് എസ് നേതാക്കളെല്ലാം അതിനെ സ്വാഗതം ചെയ്തതാണ്. കോടതിവിധിയെ തള്ളിപ്പറയാനാകില്ലെന്നാണ് ഈ അടുത്ത ദിവസം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്. ശബരിമലയില്‍ യുവതികള്‍ ദര്‍ശനത്തിന് വരുന്നതിനോട് എതിര്‍പ്പില്ല, സി പി എമ്മിനെതിരെയാണ് തങ്ങളുടെ സമരമെന്ന് തുറന്നു പറഞ്ഞത് സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയാണ്. സുപ്രീംകോടതിയുടെ വിധി നടപ്പാക്കാതിരിക്കാന്‍ തന്ത്രിയെ ഉപദേശിച്ചത് പിള്ളയാണെന്ന കാര്യവും അദ്ദേഹത്തിന്റെ നാവിലൂടെ തന്നെ പുറത്തു വന്നു. ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതും സംഘികളായിരുന്നു. പിന്നെന്തിനാണ് ആര്‍ എസ് എസും ബി ജെ പിയും സംഘ്പരിവാറിലെ മറ്റു ശക്തികളും ശബരിമലയും സന്നിധാനവും കയ്യടക്കാന്‍ ശ്രമിക്കുന്നതും പരിപാവനമെന്ന് അയ്യപ്പഭക്തര്‍ വിശ്വസിക്കുന്ന പതിനെട്ടാം പടിയെപ്പോലും അപമാനിച്ച് അഴിഞ്ഞാട്ടം നടത്തുന്നതും? പരമാവധി ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ മാത്രമേ ഇതെല്ലാം തുടരുകയുള്ളൂ. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വയല്‍ക്കിളികളെ കൈവിട്ടതു പോലെ അയ്യപ്പ ഭക്തരെയും സംഘ്പരിവാര്‍ കയ്യൊഴിയും.