Kasargod
നീലേശ്വരം കരുവാച്ചേരിയിൽ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്

നീലേശ്വരം: പ്രൈവറ്റ് ബസിന് പിറകില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. കുട്ടമത്ത് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് തിരിച്ച് വരികയായിരുന്ന ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളും രക്ഷിതാക്കളുമാണ് പരുക്കേറ്റവരിലേറെയും.
വൈകിട്ട് 7 മണിയോടു കൂടി കരുവാച്ചേരി റേഷന്‍കടയ്ക്ക് സമീപത്ത് ദേശീയ പാതയിലായിരുന്നു അപകടം. പരുക്കേറ്റവരെ നീലേശ്വരം പോലീസും ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്ന് ആംബുലന്‍സിന്റെ സഹായത്തോടു കൂടി നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചു. അപകടവിവരമറിഞ്ഞ് എം.രാജഗോപാലന്‍ എം.എല്‍.എ, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, കൗണ്‍സിലര്‍ പി.കെ.രതീഷ്, നീലേശ്വരം സി.ഐ.പി.നാരായണന്‍, എസ്.ഐ. ശ്രീദാസ്, അഡീഷണല്‍ എസ്.ഐ.രാജശേഖരന്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.