Connect with us

Articles

വിത്തെടുത്തു കുത്തിയാലും സദ്യ നടത്തണം

Published

|

Last Updated

രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ന്നു കുത്തുപാളയെടുത്തിരിക്കുന്നു എന്ന് എല്ലാ സാമ്പത്തിക വിദഗ്ധരും പറയുന്നു. രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിലാണ്. വളര്‍ച്ചാ നിരക്ക് കൃത്രിമമായിപ്പോലും പിടിച്ചു നിര്‍ത്താന്‍ കഴിയുന്നില്ല. ഇന്ധനവില കുതിച്ചുയരുന്നു. നോട്ടു നിരോധനത്തിന്റെ ഫലമായുണ്ടായ മാന്ദ്യം പരിഹരിക്കുന്നതിന് പകരം ജി എസ് ടി കൊണ്ടുവന്ന് ഗ്രാമീണ അനൗപചാരിക സമ്പദ്ഘടനയാകെ തകര്‍ത്തിരിക്കുന്നു. പണപ്പെരുപ്പവും വിലക്കയറ്റവും കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. പ്രതിവര്‍ഷം രണ്ട് കോടി പുതിയ തൊഴില്‍ എന്ന വാഗ്ദാനം നിറവേറ്റിയില്ല എന്നു മാത്രമല്ല, ഇപ്പോള്‍ ഉള്ള തൊഴിലവസരങ്ങള്‍ തന്നെ കുറഞ്ഞുകൊണ്ടിരിക്കുന്നു. അച്ഛാ ദിന്‍ തുടങ്ങിയ മുദ്രാവാക്യങ്ങളില്‍ നിന്നും പള്ളിയും അമ്പലവും എന്നതിലേക്ക് മാറിയിരിക്കുന്നു ബി ജെപിയും സംഘ്പരിവാറും. അയോധ്യക്കൊപ്പം ശബരിമലയും അതിനുള്ള വഴികളാണ്. ഈ സാമ്പത്തിക കുഴപ്പങ്ങളുടെ ഒരു ലക്ഷണമാണ് കേന്ദ്ര സര്‍ക്കാറും രാജ്യത്തിന്റെ ധനാടിത്തറയായ റിസര്‍വ് ബോങ്കുമായുള്ള തര്‍ക്കങ്ങള്‍.

എന്താണ് റിസര്‍വ് ബേങ്ക്? നമുക്കറിയാവുന്ന ഒരു കാര്യം രാജ്യത്തെ കറന്‍സി ( നാണയവും നോട്ടുകളും) അടിക്കുന്ന സ്ഥാപനമാണത് എന്നാണ്. ആ സ്ഥാപനത്തിന് മറ്റു നിരവധി ചുമതലകള്‍ ഉണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് 1926 ലാണ് ഇന്നത്തെ റിസര്‍വ് ബേങ്കിന്റെ ആരംഭം. രാജ്യത്തിന് ഒരു കേന്ദ്ര ബേങ്ക് ആവശ്യമാണെന്ന് അവര്‍ കണ്ടു. സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ അതിന്റെ അടിസ്ഥാന ചട്ടങ്ങളെല്ലാം രൂപപ്പെട്ടിരുന്നു. അതിന്റെ സ്ഥാപിത ലക്ഷ്യങ്ങളായി കണ്ടത്, കറന്‍സികളുടെ നിയന്ത്രണം, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതക്കാവശ്യമായ കരുതല്‍ ധനം സൂക്ഷിക്കല്‍, രാജ്യത്തിന്റെ ഗുണത്തിന് വേണ്ടി ബേങ്കിംഗ് സംവിധാനത്തിന്റെ നിയന്ത്രണം എന്നിവയാണ്. പിന്നീട് മാറി മാറി വന്ന സര്‍ക്കാറുകള്‍ ചില ഭേദഗതികള്‍ വരുത്തി എങ്കിലും അതിന്റെ അടിസ്ഥാനസ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല.

കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബേങ്കും തമ്മിലുള്ള തര്‍ക്കങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അത് മറ്റു രാജ്യങ്ങളിലും സംഭവിച്ചിട്ടുണ്ട്. മിക്കപ്പോഴും പ്രധാന തര്‍ക്കവിഷയം പലിശനിരക്ക് സംബന്ധിച്ചാണ്. പണപ്പെരുപ്പം ഉണ്ടാകുമ്പോള്‍ അത് കുറക്കാന്‍ ബേങ്ക് സാധാരണ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് പലിശനിരക്ക് വര്‍ധിപ്പിക്കുക എന്നത്. രണ്ട് രീതിയില്‍ ഇത് പ്രവര്‍ത്തിക്കുന്നു. പലിശ കൂടുതലായാല്‍ വായ്പ കുറയും. അതുപോലെ ബേങ്കില്‍ പണം നിക്ഷേപിക്കുന്നത് ലാഭകരമാക്കും. മൊത്തത്തില്‍ കമ്പോളത്തില്‍ വരുന്ന പണം കുറയും. പക്ഷേ, ഈ പഴയ കാല സിദ്ധാന്തങ്ങളൊന്നും ഇന്ന് പഴയതു പോലെ പ്രവര്‍ത്തിക്കുന്നില്ല എന്നത് മറ്റൊരു കാര്യം. നിരവധി ഘടകങ്ങള്‍ ഇന്ന് പണപ്പെരുപ്പത്തിന് കാരണമാകുന്നുണ്ട്.

ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ തുടങ്ങുന്നത് നോട്ടു നിരോധനത്തിന് ശേഷമാണ്. ആ നടപടി ശരിയല്ലെന്ന് ശക്തമായി വാദിച്ചത് മൂലം സ്ഥാനം ഒഴിയേണ്ടിവന്ന രഘുറാം രാജന്‍ എന്ന ഗവര്‍ണര്‍ക്ക് പകരം മോദിയെ പിന്താങ്ങിക്കൊണ്ട് ആ സ്ഥാനത്ത് വന്ന ഉര്‍ജിത് പട്ടേല്‍ ഇപ്പോള്‍ മോദിക്ക് അപ്രിയനായിരിക്കുന്നു. പലിശനിരക്ക് തന്നെയാണ് ഇപ്പോഴും ഒരു പ്രധാന തര്‍ക്കവിഷയം. എന്നാല്‍, അതിനുമപ്പുറം പലവിധ രാഷ്ട്രീയ സാമ്പത്തിക പ്രശ്ങ്ങള്‍ ഉണ്ട്. പൊതുമേഖലാ ബേങ്കുകളുടെ കിട്ടാക്കടം അവയുടെ അടിത്തറ തകര്‍ക്കുന്നു എന്നും അത് പരിഹരിക്കാന്‍ ആ കടങ്ങളില്‍ കുറെയെങ്കിലും തിരിച്ചു പിടിക്കണമെന്നുമാണ് രഘുറാം രാജന്‍ പറഞ്ഞത്. 2017 ലെ കണക്കു വെച്ചുകൊണ്ട് ആകെയുള്ള കിട്ടാകടങ്ങളുടെ 87 ശതമാനവും പൊതുമേഖലാ ബേങ്കുകള്‍ വഴി നല്‍കിയ വായ്പകളാണ്. സ്വകാര്യ ബേങ്കുകളുടെ മേല്‍ റിസര്‍വ് ബേങ്കിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ട്. 2006ല്‍ കിട്ടാക്കടങ്ങളുടെ നല്ലൊരു പങ്കും സ്വകാര്യബേങ്കുകളി ലായിരുന്നു. റിസര്‍വ് ബേങ്ക് ശക്തമായി ഇടപെട്ടതിനാല്‍ അത് നിയന്ത്രിക്കാന്‍ കഴിഞ്ഞു. എന്നാല്‍ പൊതുമേഖലാ ബേങ്കുകളുടെ മേല്‍ സര്‍ക്കാറിനാണ് നിയന്ത്രണം. അതാണ് കുഴപ്പങ്ങള്‍ക്ക് കാരണം എന്ന് റിസര്‍വ് ബേങ്ക് പറയുന്നു. ഇതിന്റെ പിന്നിലെ രാഷ്ട്രീയം മനസ്സിലാക്കിയാലേ ചിത്രം വ്യക്തമാകൂ. 11 പൊതുമേഖലാ ബേങ്കുകളും ഇത്തരത്തില്‍ വന്‍ ബാധ്യതയിലാണ്. അവയുടെ മേല്‍ പി സി എ (അതിവേഗ തിരുത്തല്‍ നടപടി) എന്ന നയം പ്രഖ്യാപിച്ചതാണ് കേന്ദ്ര സര്‍ക്കാറിനെ ചൊടിപ്പിച്ചത്. ബേങ്കുകള്‍ സംശയാസ്പദമായ വായ്പകള്‍ നല്‍കുന്നതിനെ തടയുന്നതാണ് ഇത്. മോശം വായ്പകള്‍ എന്ന രീതിയില്‍ നല്‍കി ബേങ്കുകള്‍ക്ക് നഷ്ടം വന്നാല്‍ അതിന്റെ ഉത്തരവാദി സര്‍ക്കാറാണ്. അതുകൊണ്ട് തന്നെ അവിടെ ഉണ്ടാകുന്ന നഷ്ടം നികത്താന്‍ സര്‍ക്കാറിനാണ് ബാധ്യത. റിസര്‍വ് ബേങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്നും അത് നല്‍കാന്‍ കഴിയില്ല. എന്നാല്‍, സര്‍ക്കാര്‍ ഇത് സമ്മതിക്കുന്നില്ല. വായ്പാ തിരിച്ചടവില്‍ ഒരു ദിവസം വൈകിയാല്‍ പോലും വന്‍ പിഴചുമത്തുന്നതും ഇതിന്റെ ഭാഗമാണ്. കിട്ടാക്കടത്തിനു ജാമ്യം നല്‍കിയ ഭൂമി റവന്യു നടപടികള്‍ കൂടാതെ കണ്ട് കെട്ടി ലേലം ചെയ്യുന്ന സര്‍ഫാസി നിയമങ്ങളും ഇതിന്റെ ഭാഗമാണ്.

ഒരു വശത്ത് കിട്ടാക്കടങ്ങള്‍ക്ക് ബേങ്കുകളെ നിയന്ത്രിക്കുന്ന ചുമതല റിസര്‍വ് ബേങ്കിനാണ് എന്ന് പറയുകയും അതിന്മേല്‍ നിയന്ത്രണം കൊണ്ടുവന്നാല്‍ അവ അംഗീകരിക്കാതിരിക്കുകയും ചെയ്യുക എന്ന രാഷ്ട്രീയ ഇരട്ടത്താപ്പാണ് സര്‍ക്കാറിനെന്ന് റിസര്‍വ് ബേങ്ക് അധികൃതര്‍ തുറന്നടിക്കുന്നു. “നീരാവി മോദി” തട്ടിയെടുത്ത ഏഴായിരം കോടി രൂപക്ക് ഉത്തരവാദി റിസര്‍വ് ബേങ്കാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു. പക്ഷേ, ആ വായ്പ നല്‍കിയ ബേങ്കിന് മേല്‍ ഉണ്ടായിരുന്ന രാഷ്ട്രീയ സമ്മര്‍ദം അവര്‍ തുറന്നു കാട്ടുന്നു.

ആരാണ് കിട്ടാക്കടം എടുത്തവര്‍ എന്നതാണ് ഇതിന്റെ യഥാര്‍ഥ പ്രശ്‌നം. കിട്ടാക്കടത്തിന്റെ 82 ശതമാനവും നൂറില്‍ താഴെ വരുന്ന വന്‍കിട കോര്‍പറേറ്റുകള്‍ക്ക് നല്‍കിയത് വായ്പകളിലാണ്. അംബാനിയും അദാനിയും എസ്സാറുമെല്ലാം ഇങ്ങനെ വലിയ ബാധ്യത ഉള്ളവരാണ്. ഇവരുടെ കടങ്ങളില്‍ ഒരു ചെറിയ പങ്കെങ്കിലും തിരിച്ചു പിടിച്ചിരുന്നെങ്കില്‍ നോട്ടു പിന്‍വലിക്കല്‍ ആവശ്യമില്ലായിരുന്നു എന്ന സത്യമാണ് അന്ന് രഘുറാം രാജന്‍ പറഞ്ഞത്. പക്ഷേ, ഇവരെ തൊടാന്‍ കേന്ദ്ര സര്‍ക്കാറിന് ധൈര്യമില്ല. ചെറുകിട ഇടത്തരം വിഭാഗക്കാര്‍ക്ക് നല്‍കിയത് കിട്ടാക്കടത്തിന്റെ 9.6 ശതമാനം മാത്രം. കര്‍ഷകര്‍ക്കായി നല്‍കിയതില്‍ കിട്ടാക്കടം കേവലം ഒരു ശതമാനം മാത്രം. രാജ്യത്തെ മൊത്തം മൂല്യവര്‍ധനവില്‍ 32 ശതമാനവും സൃഷ്ടിക്കുന്നതും വലിയ തോതില്‍ തൊഴില്‍ നല്‍കുന്നതുമായ ചെറുകിട ഇടത്തരം മേഖലക്ക് വന്‍കിടക്കാരുടെ മേലുള്ള നിയന്ത്രം ഏര്‍പ്പെടുത്തിയാല്‍ അത് നീതിയാകില്ല. രാജ്യത്തെ ജനങ്ങളില്‍ പകുതിയോളം ആശ്രയിക്കുന്ന കാര്‍ഷിക മേഖലക്കു മേല്‍ ഇങ്ങനെ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണ് കര്‍ഷകരുടെ ആത്മഹത്യകള്‍ പെരുകാന്‍ കാരണം. സര്‍ഫാസി പോലുള്ള നിയമങ്ങള്‍ ഒരിക്കലും 82 ശതമാനം കിട്ടാക്കടങ്ങള്‍ക്ക് ഉത്തരവാദികളായ കോര്‍പറേറ്റുകള്‍ക്ക് നേരെ പ്രയോഗിക്കുകയുമില്ലല്ലോ. രാഷ്ട്രീയമായി ഈ നയം സര്‍ക്കാറിനും ഭരണകക്ഷിക്കും നല്ലതാകില്ല. വായ്പാ ലഭ്യതകുറഞ്ഞാല്‍ ഉത്പാദനവും തൊഴിലും കുറയും, ദാരിദ്ര്യം കൂടും, ജനങ്ങള്‍ എതിരാകും. എന്നാല്‍ ഇവര്‍ക്ക് ഇളവ് നല്‍കിയാല്‍ ആ പഴുതിലൂടെ വന്‍ സ്രാവുകള്‍ രക്ഷപ്പെടും.
കടങ്ങള്‍ കുറെ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല എന്നതിനൊപ്പം വായ്പകള്‍ നല്‍കുന്നതിനുള്ള നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഒരു ഏജന്‍സിയെ നിയമിക്കുന്നു എന്നതാണ് റിസര്‍വ് ബേങ്കിനെ ചൊടിപ്പിച്ച മറ്റൊരു കാര്യം. ഇത് വഴി റിസര്‍വ് ബേങ്കിന്റെ അധികാരങ്ങളില്‍ സര്‍ക്കാര്‍ കടന്നു കയറുന്നു എന്നതാണ് അവരുടെ വാദം. അവര്‍ ശക്തമായ വിയോജനക്കുറിപ്പ് നല്‍കി.

സ്വതന്ത്രമായ കേന്ദ്രബേങ്ക് എന്നത് നിയമത്തിലും തത്വങ്ങളിലും ഉണ്ടെങ്കിലും പ്രവര്‍ത്തിയില്‍ നടക്കാറില്ല. റിസര്‍വ് ബേങ്കിന്റെ ഗവര്‍ണറെയും ബോര്‍ഡ് അംഗങ്ങളെയും നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാറാണ്. എന്നാല്‍ ആ സ്ഥാനം ഇട്ടാല്‍ അതിനോട് നീതി പുലര്‍ത്താന്‍ ശ്രമിച്ചാല്‍ സ്വാഭാവികമായും തര്‍ക്കങ്ങള്‍ വരും. ഇപ്പോള്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ആയ വിരാല്‍ ആചാര്യ ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് പറഞ്ഞത് ഏറെ വിവാദമായി. കേന്ദ്ര ബേങ്കിന്റെ സ്വാതന്ത്ര്യം അംഗീകരിക്കാതെ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ വലിയ തോതിലുള്ള സാമ്പത്തിക കുഴപ്പത്തിലേക്കു പോകും, കമ്പോളം തിരിച്ചടിക്കും എന്നൊക്കെ പറഞ്ഞു അദ്ദേഹം. ധനമന്ത്രി ഇതിനു പരോക്ഷമായി മറുപടിയും നല്‍കി.

റിസര്‍വ് ബേങ്കിന്റെ ബോര്‍ഡില്‍ ആര്‍ എസ് എസുകാരെ തിരുകിക്കയറ്റുന്നു എന്ന പരാതി ഗവര്‍ണര്‍ക്കും ബോര്‍ഡ് അംഗങ്ങള്‍ക്കും ഉണ്ട്. സംഘ്പരിവാറിന്റെ സാമ്പത്തിക വിദഗ്ധനെന്നറിയപ്പെടുന്ന എസ് ഗുരുമൂര്‍ത്തിയും സതീഷ് മറാട്ടെയും അങ്ങനെ വന്നതാണ്. ഈയടുത്തദിവസങ്ങളില്‍ ഗുരുമൂര്‍ത്തി നേരിട്ട് തന്നെ ഗവര്‍ണര്‍ക്കെതിരെ രംഗത്ത് വരികയും ചെയ്തു. ബേങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്നും 3.6 ലക്ഷം കോടി രൂപ സര്‍ക്കാറിന് കൈമാറാനുള്ള നിര്‍ദേശമാണ് ഇതിനുള്ള കാരണമായത്. ഭരണത്തിലെ ധൂര്‍ത്തും ജി എസ് ടിയില്‍ നിന്നും കണക്കാക്കിയ വരുമാനത്തിലെ കുറവും മൂലം കേന്ദ്രസര്‍ക്കാറിന്റെ ധനക്കമ്മി പരിധി വിട്ടു. അത് 3.3 ശതമാനത്തിനകത്ത് നിര്‍ത്താന്‍ വേണ്ടിയാണ് ഇങ്ങനെ പണം ചോദിക്കുന്നത്. ഈ കരുതല്‍ ധനം വിദേശനാണ്യ വിനിമയത്തില്‍ രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ വേണ്ടി ഉപയോഗിക്കേണ്ടതാണ്. രൂപയുടെ മൂല്യം അടിക്കടി കുറയുകയും വിദേശവ്യാപാരത്തിലെ കമ്മി വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ കരുതല്‍ നിര്‍ണായകമാണ്. എന്നിട്ടും അതെടുക്കാന്‍ ശ്രമിക്കുന്നത് വിത്തെടുത്തു കുത്തിത്തിന്നലാണ്. പക്ഷേ, കേന്ദ്ര സര്‍ക്കാറിന് തത്കാലം അടുത്ത വര്‍ഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും മുഖം മിനുക്കി രക്ഷപ്പെടണം. രൂപക്കോ രാജ്യത്തിനോ എന്ത് സംഭവിച്ചാലും പ്രശ്‌നമല്ല. റിസര്‍വ് ബേങ്ക് അനുസരിക്കാതിരുന്നാല്‍ ആര്‍ ബി ഐ നിയമത്തിലെ ഏഴാം വകുപ്പ് ഉപയോഗിക്കും എന്നാണു സര്‍ക്കാര്‍ മുഴക്കുന്ന ഭീഷണി. നാളിതുവരെ ഒരു സര്‍ക്കാറും ഉപയോഗിക്കാത്ത ആ വകുപ്പ് വെച്ചുകൊണ്ട് ബേങ്കിന് മേല്‍ അധികാരം പ്രയോഗിച്ചു നിര്‍ബന്ധമായി പണം എടുക്കാം, നയങ്ങള്‍ മാറ്റിക്കാം. പക്ഷേ കടുത്ത പ്രതിസന്ധികളുടെ ഘട്ടങ്ങളില്‍ പോലും ഈ അധികാരം പ്രയോഗിക്കാന്‍ മുന്‍ സര്‍ക്കാറുകള്‍ തയ്യാറാകാതിരുന്നത് അത് വഴി റിസര്‍വ് ബേങ്കിന്റെ സ്വതന്ത്ര സ്വഭാവം തകരും എന്നതിനാലാണ്. ഇങ്ങനെ ചെയ്താല്‍ പിന്നെ ഗവര്‍ണര്‍ക്കും ഡെപ്യൂട്ടികള്‍ക്കും പിന്നെ രാജിയല്ലാതെ മാര്‍ഗമില്ല. ഇത്തരം സാഹചര്യങ്ങളിലാണ് ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നത്. ഇത് മോദിക്ക് കാര്യമായ പേരുദോഷം ഉണ്ടാക്കുമെന്നുറപ്പാണ്. അതൊഴിവാക്കാനും രമ്യതയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗവര്‍ണര്‍ പ്രധാനമന്ത്രിയെ നേരില്‍ കണ്ടു. ഇന്നലെ ബേങ്കിന്റെ നിര്‍ണായക ബോര്‍ഡ് യോഗം ചേര്‍ന്നു. സര്‍ക്കാറും ആര്‍ എസ് എസ് പ്രതിനിധികളും ബലം പിടിച്ചോ എന്ന് വ്യക്തമല്ല.

ഒരുപക്ഷേ, ഇത്തവണ എങ്ങനെയെങ്കിലും കാര്യങ്ങള്‍ ഒതുക്കി തീര്‍ത്തേ ക്കാം. പക്ഷേ, കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ ഒരു ഭരണഘടനാ സ്ഥാപനവും സ്വതന്ത്രമായി പ്രവര്‍ത്തിക്കില്ലെന്നുള്ളതിനു മറ്റൊരു ഉദാഹരണം കൂടി ആകുന്നു റിസര്‍വ് ബേങ്ക്. ഇതുവഴി നിക്ഷേപകര്‍ക്ക്‌ബേങ്കിംഗ് സംവിധാനത്തില്‍ മാത്രമല്ല ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയില്‍ തന്നെ സംശയം ഉയര്‍ന്നേക്കാം. ഇത് വലിയ തകര്‍ച്ചയിലേക്ക് നയിക്കും. ആസൂത്രണ കമ്മീഷന്‍ ഇല്ലാതാക്കി. സുപ്രീം കോടതിയുടെ വിശ്വാസ്യതാ നഷ്ടത്തെപ്പറ്റി നാല് മുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ പരസ്യമായി പറഞ്ഞു. യു ജി സിയെ കേവലം സര്‍ക്കാറിന്റെ ഒരു വകുപ്പാക്കി. ഹരിത ട്രിബ്യൂണല്‍ ഫലത്തില്‍ നിര്‍വീര്യമായി. സി ബി ഐ എന്ന സ്ഥാപനത്തിന്റെ അകം എത്രമാത്രം പൊള്ളയാക്കപ്പെട്ടു എന്നും നാം കണ്ടു. മാധ്യമങ്ങളെ ഒന്നുകില്‍ വരുതിയിലാക്കി, അങ്ങനെയല്ലാത്തവരെ പരമാവധി തകര്‍ത്തു. ഭരണഘടനയുടെ അന്തസ്സത്തയില്‍ വിശ്വാസമില്ലാത്ത ഒരു ഭരണകൂടമാണിതെന്ന് പ്രഖ്യാപിക്കുന്ന മറ്റു നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. അതാണ് നമ്മെ ഭയപ്പെടുത്തുന്നതും.

Latest