എന്നിട്ടും കേരളം അതിജീവിക്കുകയാണ്‌

ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് സംസ്ഥാനത്തിന്റെ വായ്പാപരിധി. ഈ പരിധി നടപ്പുവര്‍ഷത്തില്‍ 4.5 ശതമാനവും അടുത്ത വര്‍ഷം 3.5 ശതമാനവുമായി ഉയര്‍ത്തണം എന്ന ആവശ്യം കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനും കേന്ദ്രം വിസമ്മതമാണ് അറിയിച്ചിരിക്കുന്നത്. ഇതിലൂടെ കേരളത്തോട് അന്താരാഷ്ട്ര ഏജന്‍സികളും സമൂഹവും പ്രകടിപ്പിച്ച അനുഭാവം സഹായമായി മാറരുതെന്ന കുടിലമായ ചിന്തയാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഈ നാടിന്റെ പുനഃസൃഷ്ടിക്കായി ഒപ്പം നില്‍ക്കുമെന്ന് നാഴികക്ക് നാല്‍പ്പതുവട്ടം പറയുകയും അതിലേറെ തവണ സര്‍ക്കാറിന്റെ നീക്കങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് മുഖ്യപ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്.
Posted on: November 19, 2018 10:13 am | Last updated: November 19, 2018 at 10:13 am

ശബരിമലയിലെ അതിവൈകാരികതക്കു പിന്നാലെ പോയ മാധ്യമങ്ങളും സമൂഹവും മറന്നുപോയ ഒരു കേരളമുണ്ട്. കഴുത്തോളം മുങ്ങിയ പ്രളയ ജലത്തിനൊപ്പം പ്രതിസന്ധിയില്‍ കൈകാലിട്ടടിച്ച കേരളം. കൂടെയുണ്ടെന്ന് കൂടെ കൂടെ പറയുകയും ഊന്നി നില്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം കുതികാല്‍ വെട്ടുകയും ചെയ്യുന്ന പ്രതിപക്ഷം. നീണ്ടുവന്ന സഹായ ഹസ്തങ്ങള്‍ക്ക് മീതെ പരസ്യമായി തന്നെ വിലങ്ങുതീര്‍ത്ത ഒറ്റുകാര്‍. ഇങ്ങനെ ചിലരെല്ലാം പിന്നില്‍ നിന്നുകുത്തിയിട്ടും ഈ നാട് പ്രതീക്ഷയുടെ പുതിയ പുലരിയിലേക്ക് പിച്ചവെച്ചു നടക്കുകയാണ്. ഒരു മഹാപ്രളയത്തെ അതിസാഹസികമായി തന്നെ നേരിട്ട് ലോകത്തിന് മുന്നില്‍ പുതിയ മാതൃക തീര്‍ത്ത കേരളത്തിലിപ്പോള്‍ അതിന്റെ പുനരുദ്ധാരണ പ്രവര്‍ത്തന ഘട്ടത്തിലെത്തിയപ്പോള്‍ വഞ്ചനയുടെയും ഒറ്റിന്റെയും കുതികാല്‍ വെട്ടിന്റെയും ഒരു മോശമായ മാതൃക കൂടിയാണ് ചിലര്‍ ലോകത്തിന് കാണിച്ചുകൊടുക്കുന്നത്. എന്നാല്‍ കൈത്താങ്ങാകേണ്ടവര്‍ പരമാവധി ഞെക്കിക്കൊല്ലാന്‍ ശ്രമിച്ചിട്ടും അതിജയിച്ചു കരുത്താര്‍ജിച്ച ജനത എന്ന നിലയിലിലായിരിക്കും ദൈവത്തിന്റെ സ്വന്തം നാടിനെ കുറിച്ച് നാളെ ചരിത്രം രേഖപ്പെടുത്തുക.

കൂടെയുള്ളവരുടെ അപ്രതീക്ഷിതമായ വഞ്ചനയില്‍ മനം മടുത്തിരിക്കാതെ ഈ മഹാ ദുരന്തത്തിന്റെ കെടുതിയില്‍ നിന്ന് കരകയറാന്‍ തന്നെയാണ് ഈ കൊച്ചുനാടിന്റെ പരിശ്രമങ്ങളത്രയും. ഇതിനായി ചെയ്യാവുന്ന വിട്ടുവീഴ്ചകളൊക്കെ ചെയ്തും കഴിയാവുന്നത്ര സഹായങ്ങള്‍ സമാഹരിച്ചും മുന്നോട്ടുപോകുകയാണ് ഈ നാട്. ഈ സംസ്ഥാനത്തിന്റെ വാര്‍ഷിക ബജറ്റോളം വരുന്ന നഷ്ടം അതിജീവിക്കാന്‍ നന്മയുടെ അംശം ബാക്കിയുള്ളവരൊക്കെ അതിന് നേതൃത്വം നല്‍കുന്നവര്‍ക്ക് പിന്നില്‍ പിന്തുണയുമായുണ്ടെന്നത് പ്രതീക്ഷയേകുന്നതാണ്. 40,000 കോടിയിലധികം വരുന്ന നഷ്ടം നികത്താന്‍ ഏറെ കരുതലോടെ തന്നെയാണ് സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തിയത്. എന്നാല്‍, ഇതിന്റെ പത്തിലൊന്ന് ഭാഗം പോലും ഇതുവരെ സമാഹരിക്കാനായിട്ടില്ലെന്ന യാഥാര്‍ഥ്യം മനസ്സിലാക്കുമ്പോഴാണ് രാഷ്ട്രീയ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ നാടിന്റെ അതിജീവനത്തിന് അള്ളുവെച്ചവരുടെ കൗടില്യത്തിന്റെ ഭീകരത നാം തിരിച്ചറിയേണ്ടത്. നിലവിലെ സാമ്പത്തിക വരുമാനം സംസ്ഥാനത്തെ ദൈനംദിന പ്രക്രിയകള്‍ക്ക് തന്നെ തികയാതെ വരുന്ന സാഹചര്യത്തില്‍ വലിയ ഒരു ഭാരം സര്‍ക്കാറിന്റെ മാത്രം തലയില്‍ വെച്ച് നല്‍കിയ ശേഷം ഇതിനുള്ള നീക്കങ്ങളില്‍ ഇടങ്കോലിടുന്നവരെ കേരളം തിരിച്ചറിയേണ്ടതുണ്ട്. വാര്‍ഷിക പദ്ധതിക്കുപുറത്ത് പ്രതിവര്‍ഷം 6000-7000 കോടി രൂപ അധികം കണ്ടെത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ സമയത്താണ് കേരളത്തിനെതിരെ പകയോടെയുള്ള കേന്ദ്ര നീക്കമെന്നത് ശ്രദ്ധേയമാണ്.

തോളുരുമ്മി നില്‍ക്കേണ്ട കേന്ദ്രസര്‍ക്കാര്‍ അതിജീവനത്തിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പരസ്യമായി തുരങ്കംവെക്കുന്ന കാഴ്ച ഒരു ജനതയുടെ സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കു മേല്‍ മനഃപൂര്‍വം കരിനിഴല്‍ വീഴ്ത്തുന്നതായിരുന്നു. ഈ സംസ്ഥാനത്തോടും ജനങ്ങളോടുമുള്ള രാഷ്ട്രീയ വൈരാഗ്യത്തിനും വിദ്വേഷത്തിനുമപ്പുറം ഇതിന് പിന്നില്‍ മറ്റൊരു കാരണമില്ലെന്ന് വ്യക്തമാണ്. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യമാണ് ഇവരെ വിറളി പിടിപ്പിച്ചിരിക്കുന്നത്. ഭ്രാന്തമായ ജാതി-മത ചിന്തക്ക് അതീതമായ ഒരു സംസ്‌കാരവും രാഷ്ട്രീയവും ഈ കൊച്ചുനാട് മുന്നോട്ടുവെക്കുന്നുവെന്നത്് ഈ ശൈഥില്യത്തിന്റെ വാക്താക്കളെ ചൊടിപ്പിക്കുക സ്വാഭാവികം. ഈ സാഹചര്യത്തില്‍ വഞ്ചനയെയും നാടിനെ തകര്‍ക്കുന്ന ദുരന്ത മനോഭാവത്തെയും അതിജീവിക്കാന്‍ കേരളം പ്രാപ്തമാണെന്ന ആത്മവിശ്വാസമാണ് കേരളത്തിന് ഇവര്‍ക്കുമുന്നില്‍ വെക്കാനുള്ളത്.
പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകദേശം 40,000 കോടി രൂപ ആവശ്യമാണെന്നിരിക്കെ, കേന്ദ്രം ഇതുവരെ കേരളത്തിന് നല്‍കിയത് ഇതിന്റെ 1.5 ശതമാനം (അതായത് 600 കോടി രൂപ) മാത്രമാണ്. എന്നാല്‍ സ്വന്തംനിലയില്‍ അതിജീവിക്കാനുള്ള ശ്രമങ്ങളെ തല്ലിക്കെടുത്തി സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന വരുമാനം തടഞ്ഞത് ഇതില്‍ ഇരട്ടിയലധികം വരും. കേരളം അതിന്റെ നന്മകൊണ്ടും സഹവര്‍ത്തിത്വം കൊണ്ടും നേടിയെടുത്ത ബ്രാന്‍ഡ് നെയിം വഴി വരാവുന്ന കോടിക്കണക്കിന് രൂപയുടെ സഹായവും തടഞ്ഞത് വഴി കേന്ദ്രം ചെയ്ത ദ്രോഹം ചെറുതല്ല. മാത്രമല്ല ലോകത്തിന്റെ മുക്കുമൂലകളില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ച മലയാളികള്‍ തങ്ങളുടെ സ്വന്തംമണ്ണിനെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടും അത് സ്വീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് മേല്‍ സാങ്കേതികതയുടെ വിലക്കുകള്‍ തൊടുത്താണ് ഈ നാടിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത്. വിവിധ രാജ്യങ്ങളിലെ മലയാളികള്‍ സമാഹരിച്ച തുക സ്വീകരിക്കാന്‍ പോലും സംസ്ഥാന മന്ത്രിമാരെ കേന്ദ്രം അനുവദിക്കുന്നില്ല. പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പലതരം സഹായങ്ങള്‍ ആവശ്യമാണെന്നിരിക്കെ ക്രൗഡ് ഫണ്ടിംഗ് എന്ന ആശയം ഏറെ ഫലപ്രദമാണ്. ഇതിനായി വിവിധ പ്രോജക്ടുകള്‍ ഏറ്റെടുക്കാന്‍ വിദേശ മലയാളികള്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍, അതിനാവശ്യമായ സൗകര്യമൊരുക്കുന്നതിന് പകരം കേരളം നടത്തുന്ന എല്ലാ നീക്കങ്ങളുടെയും വഴിമുടക്കുകയാണ് കേന്ദ്രം. ഈ കൊച്ചുനാടിന്റെ നന്മയും ഒരുമയും രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് പ്രശസ്തമാകുന്നത് ഇവരെ ചെറുതായൊന്നുമല്ല അലോസരപ്പെടുത്തുന്നത്.
നിലവില്‍ സര്‍ക്കാറിന്റെ റവന്യൂ വരുമാനം കൊണ്ടുമാത്രം കേരളത്തിന്റെ പുനഃസൃഷ്ടിക്കായുള്ള വലിയ തുക കണ്ടെത്താനാകില്ലെന്നിരിക്കെ പ്രവാസി മലയാളികളുടെയും ഇതര ഏജന്‍സികളുടെയും സഹായം, ദുരിതാശ്വാസനിധി, വായ്പ തുടങ്ങിയ വഴികളിലൂടെ ആവശ്യമായ പണം സമാഹരിക്കാനാണ് കേരളം ശ്രമിച്ചത്. നിലവില്‍ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് സംസ്ഥാനത്തിന്റെ വായ്പാപരിധി. ഈ പരിധി നടപ്പുവര്‍ഷത്തില്‍ 4.5 ശതമാനവും അടുത്ത വര്‍ഷം 3.5 ശതമാനവുമായി ഉയര്‍ത്തണം എന്ന ആവശ്യം കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. ഇതുവഴി 15,175 കോടി രൂപ അധികമായി വായ്പയെടുക്കാനാകുമായിരുന്നു. എന്നാല്‍ ഇതിനും കേന്ദ്രം വിസമ്മതമാണ് അറിയിച്ചിരിക്കുന്നത്. ഇതിലൂടെ കേരളത്തോട് അന്താരാഷ്ട്ര ഏജന്‍സികളും സമൂഹവും പ്രകടിപ്പിച്ച അനുഭാവം സഹായമായി മാറരുതെന്ന കുടിലമായ ചിന്തയാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

കേന്ദ്രസര്‍ക്കാറിനൊപ്പം നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും പരിവാരങ്ങളും കേരളത്തെ ഒറ്റിക്കൊടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് പ്രളയത്തിന്റെ തുടക്കം മുതലേ ചെയ്തുവന്നത്. ഈ നാടിന്റെ പുനഃസൃഷ്ടിക്കായി ഒപ്പം നില്‍ക്കുമെന്ന് നാഴികക്ക് നാല്‍പ്പതുവട്ടം പറയുകയും അതിലേറെ തവണ സര്‍ക്കാറിന്റെ നീക്കങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് മുഖ്യപ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാറും സര്‍ക്കാറിനെ നിയന്ത്രിക്കുന്ന പാര്‍ട്ടിയും കേരളത്തോട് കാണിക്കുന്ന അസ്പൃശ്യത എല്ലാവര്‍ക്കും മനസ്സിലാകും. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്താനുള്ള യു ഡി എഫ് നീക്കങ്ങള്‍ എന്താണ് വ്യക്തമാക്കുന്നത്? ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് സാങ്കേതികവും അപ്രധാനവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തടസ്സവാദമുന്നയിക്കുന്നത് വഞ്ചനാപരമായ നിലപാടാണ്. പ്രളയം ശമിക്കുന്നതിന് മുമ്പ് തന്നെ പ്രളയം സര്‍ക്കാര്‍ സൃഷ്ടിയാണെന്ന വാദമുയര്‍ത്തി സഹായങ്ങളുമായി മുന്നോട്ടുവന്നവരെ നിരുത്സാഹപ്പെടുത്തിയ പ്രതിപക്ഷം പിന്നീട് സഹായം യഥാര്‍ഥ അവകാശികളില്‍ എത്തിക്കുന്നില്ലെന്നും നഷ്ടപ്പെടുത്തുന്നുവെന്നും വ്യാപക പ്രചാരണം നടത്തി. തുടര്‍ന്ന് പുതിയ കേരളം പടുത്തുയര്‍ത്താന്‍ മുഖ്യമന്ത്രിപ്രഖ്യാപിച്ച സാലറി ചലഞ്ചിനെ മനഃപൂര്‍വം പരാജയപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തിയത് കോടതിയെ മുന്നില്‍ നിര്‍ത്തിയായിരുന്നു. ദുരിതം അതിജീവിക്കാന്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ കക്ഷിരാഷ്ട്രീയ നിലപാടുകളെല്ലാം മറന്ന് വലിയ വിഭാഗം ജീവനക്കാര്‍ സ്വമേധയാ മുന്നോട്ടുവന്നിരുന്നു. കേരളത്തിലെ സിവില്‍ സര്‍വീസിന്റെ നല്ലൊരു ശതമാനവും ഈ പൊതു ആവശ്യത്തിന് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. എന്നാല്‍, ആ വിഭാഗത്തില്‍പ്പോലും ആശങ്കയും അരക്ഷിതബോധവും സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ പ്രചാരണപരിപാടികളാണ് അരങ്ങേറിയത്. ഒരു തരത്തിലുള്ള അസത്യ പ്രചാരണങ്ങള്‍ കൊണ്ടും ജീവനക്കാരെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയില്ല എന്നു ബോധ്യമായപ്പോഴാണ് സാങ്കേതികവാദം ഉയര്‍ത്തി കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ ചില മാധ്യമങ്ങളും ഒപ്പം ചേര്‍ന്നു. ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കേരളത്തിനപ്പുറം അതിന് മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് അതുവഴി ലഭിക്കുന്ന സ്വീകാര്യതയാണ് ഇവരെ ഇത്രമേല്‍ ആശങ്കപ്പെടുത്തുന്നത്.
നിലവിലെ സാഹചര്യത്തില്‍ ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതേവരെ ജനങ്ങളില്‍നിന്ന് സമാഹരിക്കാന്‍ കഴിഞ്ഞത് ആവശ്യത്തിന്റെ ചെറിയ അംശം മാത്രമാണ്. പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ എണ്ണം പതിനേഴായിരത്തിലധികം വരും. ഇവയുടെ പുനര്‍നിര്‍മാണത്തിന് മാത്രം രണ്ടായിരം കോടിയിലേറെ രൂപ കണ്ടെത്തണം. പ്രളയബാധിത പ്രദേശങ്ങളിലെ ഗതാഗതസൗകര്യം പുനഃസ്ഥാപിക്കാന്‍ വലിയ തുക വേണ്ടി വരും. 9736 കിലോമീറ്റര്‍ റോഡുകള്‍ അറ്റകുറ്റപ്പണി, റീസര്‍ഫസ്, പൂര്‍ണമായി നശിച്ചവയുടെ പുനര്‍നിര്‍മാണം എന്നിവയുള്‍പ്പെടെ 13,540 കോടി രൂപ വരും. അതേസമയം തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തന് ഒരു കിലോമീറ്റര്‍ റോഡിന് ഒരു ലക്ഷം രൂപ മാത്രമാണ് കേന്ദ്രം നല്‍കുന്നത്.

ഒരു മഹാപ്രളയത്തിലൂടെ ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെട്ട നമ്മുടെ നാടിന്റെ ഒരുമയും സ്‌നേഹവും ദയയും കൈവിട്ടിട്ടില്ലെന്നും ഒരു ദുഷ്ട ശക്തിക്കും അതിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും കാണിച്ചുകൊടുക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ കേരളീയന്റെയും കടമയാണ്.