Kerala
ശബരിമലയില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി. പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം അറ്റകുറ്റപ്പണി നടത്താന്‍ കോടതി അനുമതി നല്കി. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ ആവശ്യപ്പെട്ടു. മറുപടി നല്കാന് നാല് ആഴ്ചത്തെ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വനഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്ന് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് ഉന്നതാധികാര സമിതി സെക്രട്ടറി അമര്‍നാഥ് ഷെട്ടി സുപ്രീം കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് സംബന്ധിച്ച വാദങ്ങള്‍ക്കിടെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
കുടിവെള്ള വിതരണം, ശൗചാലയങ്ങള്‍ എന്നിവയുടെ നിര്‍മാണം മാത്രമേ അന്തിമ മാസ്റ്റര്‍ പ്ലാന്‍ തയ്യാര്‍ ആകുന്നത് വരെ അനുവദിക്കാവൂ. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാനോ, അറ്റകുറ്റപണി നടത്താനോ ഇപ്പോള്‍ അനുമതി നല്‍കരുത്. പമ്പയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് എതിരെ നടപടി വേണമെന്നും ഉന്നതാധികാര സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.