രാജ്യത്തിന് വേണ്ടത് സ്ഥിരതയുള്ള കരുത്തുറ്റ സര്‍ക്കാര്‍: അജിത്ത് ഡോവല്‍

Posted on: October 25, 2018 10:04 pm | Last updated: October 26, 2018 at 10:47 am

ന്യൂഡല്‍ഹി: രാജ്യത്ത് ദുര്‍ബലമായ കൂട്ടുകക്ഷി സര്‍ക്കാറുകള്‍ വന്നാല്‍ അത് രാജ്യപുരോഗതിക്ക് തടസമാകുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍. അടുത്ത പത്ത് വര്‍ഷത്തേക്ക് രാജ്യത്തിന് വേണ്ടത് സ്ഥിരതയുള്ള കരുത്തുറ്റ സര്‍ക്കാറാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഡോവല്‍.

ശക്തമായ തീരുമാനങ്ങളെടുക്കേണ്ട സാഹചര്യങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ദുര്‍ബലമായ അധികാര കേന്ദ്രങ്ങള്‍ക്ക് അത്തരമൊരു തീരുമാനമെടുക്കനാകില്ല. രാജ്യത്തെ സ്വകാര്യ കമ്പനികള്‍ക്ക് നല്ല പ്രോത്സാഹനം നല്‍കേണ്ടതുണ്ട്. ചൈന ഇക്കാര്യത്തില്‍ അത്തരമൊരു സമീപനമാണ് കാണിക്കുന്നത്. ആലിബാബ പോലുള്ള ചൈനീസ് കമ്പനികള്‍ സര്‍ക്കാര്‍ പിന്തുണയോടെ വലിയ വളര്‍ച്ചയാണ് നേടിയത്. ഇന്ത്യയിലെ സ്വകാര്യ കമ്പനികളും ഇത്തരത്തില്‍ പുരോഗതി കൈവരിക്കണം . സര്‍ക്കാറിന് എപ്പോഴും ജനകീയ നടപടികള്‍ എടുക്കാന്‍ കഴിയില്ല. സര്‍ക്കാറിന് രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രാധാന്യം നല്‍കേണ്ടി വരും.അത്തരം നടപടികള്‍ കുറച്ച് കാലത്തേക്കെങ്കിലും ജനങ്ങള്‍ക്ക് ചെറിയ അനിഷ്ടങ്ങള്‍ സമ്മാനിച്ചേക്കാമെന്നും ഡോവല്‍ പറഞ്ഞു.