ചത്തിസ്ഗഡില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജെപിയില്‍

Posted on: October 13, 2018 2:20 pm | Last updated: October 13, 2018 at 5:26 pm

റായ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ചത്തിസ്ഗഡില്‍ ഭരണം പിടിക്കാമെന്ന കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായ രാംദയാല്‍ യുകി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മുഖ്യമന്ത്രി രമണ്‍ സിംഗും പങ്കെടുത്ത യോഗത്തില്‍ വെച്ചായിരുന്നു പാര്‍ട്ടി പ്രവേശനം. കോണ്‍ഗ്രസുമായുള്ള 18 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് രാംദയാല്‍ ബിജെപിയില്‍ ചേര്‍ന്നത്.

ആദിവാസി നേതാവ് കൂടിയായ രാംദയാല്‍ പാലി തനാഖര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. ഈ വര്‍ഷം ജനുവരിയിലാണ് ഇദ്ദേഹത്തെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത്.
അതേസമയം, പ്രമുഖ ഹിന്ദി ദിനപത്രമായ നവഭാരതിന്റെ മുന്‍ എഡിറ്റര്‍ റുചിര്‍ ഗാര്‍ഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇദ്ദേഹം റായ്പൂരില്‍ മത്സരിക്കുമന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് തവണയായി ബിജെപി ഭരിക്കുന്ന ഛത്തിസ്ഗഡില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് ഇത്തവണ കോണ്‍ഗ്രസ് ഭരണം കൈയാളുമെന്ന് അഭിപ്രായ സര്‍വേകളുണ്ടായിരുന്നു.