കോടതി വിധികള്‍ മത താത്പര്യങ്ങളെ ഹനിക്കുന്നതാകരുത്: സമസ്ത

Posted on: October 11, 2018 9:03 am | Last updated: October 11, 2018 at 9:03 am

കണ്ണൂര്‍: സുപ്രീം കോടതിയില്‍ നിന്ന് സമീപ നാളുകളിലുണ്ടായ ചില വിധിപ്രസ്താവങ്ങള്‍ മത താത്പര്യങ്ങളെ ഹനിക്കുന്നതും സാമൂഹിക സുരക്ഷിതത്വത്തിന് ഭീഷണിയുയര്‍ത്തുന്നതുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ സംഘടിപ്പിച്ച ഉത്തര മേഖലാ പണ്ഡിത ക്യാമ്പ് അഭിപ്രായപ്പെട്ടു. മതവിശ്വാസവുമായി ബന്ധപ്പെട്ട കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് മുമ്പ് വിശ്വാസി സമൂഹത്തെയും അവരുടെ നേതൃത്വത്തെയും മുഖവിലക്കെടുക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. വിശ്വാസികള്‍ക്ക് വലിയ വേദനയുണ്ടാക്കിയ വിധി പ്രസ്താവങ്ങള്‍ പുനഃപരിശോധിക്കാന്‍ പരമോന്നത കോടതി തയ്യാറാകണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.

ഇസ്‌ലാമിക ദഅ്‌വത്തിന് നൂതന രീതിയും ശൈലിയും സ്വീകരിച്ച് പുതുതലമുറയെ യഥാര്‍ഥ ഇസ്‌ലാമിക വിശ്വാസാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വഴിനടത്തുന്നതിന് ക്യാമ്പ് പദ്ധതികളാവിഷ്‌കരിച്ചു. മതപരിഷ്‌കരണ വാദികള്‍ സൃഷ്ടിക്കുന്ന വികല വിശ്വാസാചാരങ്ങള്‍ പ്രതിരോധിക്കുന്നതിന് ദീര്‍ഘകാല പദ്ധതി ചര്‍ച്ച ചെയ്യുകയും പ്രസ്ഥാനത്തിന്റെ പുതിയ കര്‍മ പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു.

കണ്ണൂര്‍ കാമ്പസാറിലെ ഹോട്ടല്‍ റെയിന്‍ബോ സ്യൂട്ടില്‍ നടന്ന ക്യാമ്പ് കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി ആമുഖ പ്രഭാഷണം നടത്തി. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം എന്നിവര്‍ വിഷയാവതരണം നടത്തി. മേഖല തലങ്ങളില്‍ നടത്തിവരുന്ന രണ്ടാമത്തെ ക്യാമ്പാണ് കണ്ണൂരില്‍ സമാപിച്ചത്.
പ്രഥമ ക്യാമ്പ് ഇക്കഴിഞ്ഞ മൂന്നിന്ന് മലപ്പുറത്ത് നടന്നിരുന്നു. ദക്ഷിണ മേഖലാ ക്യാമ്പ് നവംബര്‍ ആദ്യവാരം കായംകുളത്ത് നടക്കും. ഉത്തരമേഖലാ ക്യാമ്പില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 192 പണ്ഡിത പ്രതിനിധികളാണ് പങ്കെടുത്തത്.