Connect with us

National

#മീടൂ: മുകേഷിനെതിരായ ആരോപണം രാഷ്ട്രീയവത്കരിച്ചതിന് എതിരെ ടെസ് ജോസഫ്

Published

|

Last Updated

മുംബൈ: നടനും എംഎല്‍എയുമായ മുകേഷിന് എതിരെ മീടു ക്യാമ്പയിനില്‍ ആരോപണമുന്നയിച്ച മലയാളി കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് വിശദീകരണവുമായി രംഗത്ത് വന്നു. തന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയവത്കരിക്കരുതെന്നും തന്റെ ജീവിതം രാഷ്ട്രീയ മുതലെടുപ്പിനുള്ളതല്ലെന്നും അവള്‍ വ്യക്തമാക്കി. ട്വിറ്ററില്‍ നല്‍കിയ വിശദീകരണ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെട്ടതായി കാണുന്നു. പലരും അക്കാര്യങ്ങള്‍ പറഞ്ഞു. ഒന്ന് വ്യക്തമാക്കട്ടെ, ഇതെന്റെ ജീവിതമാണ്. നിങ്ങളുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ളതല്ല…. എന്ന് തുടങ്ങുന്ന കുറിപ്പില്‍ മുകേഷിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതിനെ രൂക്ഷമായി എതിര്‍ക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ തന്റെ കാര്യങ്ങളെ സ്വന്തം അജണ്ടകള്‍ക്കായി ഉപയോഗിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളല്‍ നിലപാടെടുക്കുകയാണ് മീടു ക്യാമ്പയിനില്‍ ചേരുന്നതിലൂടെ താന്‍ ലക്ഷ്യമിട്ടത്. 19 വര്‍ഷം എന്തിന് കാത്തുനിന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നു. വീട്ടുകാര്‍ ഉള്‍പ്പെടെ താനുമായി അടുപ്പമുള്ള എല്ലാവര്‍ക്കും ഇക്കാര്യം അറിയാമായിരുന്നു. എന്നാല്‍ വിശ്വാസത്തോടെ പറയാന്‍ വേദിയില്ലാത്തതുകൊണ്ടാണ് ഇതുവരെ മൗനം പാലിച്ചതെന്നും ടെസ് കുറിപ്പില്‍ വ്യക്തമാക്കുന്നു.

കോടീശ്വരന്‍ എന്ന ടിവി ഷോയുടെ ഷൂട്ടിംഗിനിടെ നടന്‍ മുകേഷില്‍ നിന്ന് മോശം അനുഭവമുണ്ടായതായി ടെസ് ജോസഫ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. മീടു ക്യാമ്പയിനില്‍ മലയാള നടന് നേരെ ആദ്യമായി ഉയര്‍ന്ന വെളിപ്പെടുത്തലാണിത്.

Latest