Connect with us

Editorial

കള്ളപ്പണം എന്നും സുരക്ഷിതം

Published

|

Last Updated

അധികാരത്തിലേറി നൂറ് ദിനങ്ങള്‍ക്കകം വിദേശ ബേങ്കുകളിലുള്ള കള്ളപ്പണം തിരിച്ചുകൊണ്ടു വരുമെന്നും ഇതില്‍ നിന്ന് ഓരോ ഇന്ത്യന്‍ പൗരന്റെ അക്കൗണ്ടിലും 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നും വാഗ്ദാനം നല്‍കിയാണ് നരേന്ദ്ര മോദി അധികാരത്തിലേറിയത്. ഇന്ത്യയെ കള്ളപ്പണരഹിത രാജ്യമാക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തിന്റെ വാഗ്ദാനം. മാത്രമല്ല, യു പി എ കാലത്ത് കള്ളപ്പണം തിരികെ കൊണ്ടു വരാത്തതിന് മന്‍മോഹന്‍ സര്‍ക്കാറിനെ മോദിയും ബി ജെ പിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതു സംബന്ധിച്ച വാഗ്വാദങ്ങള്‍ക്ക് പാര്‍ലിമെന്റ് പലപ്പോഴും സാക്ഷ്യം വഹിച്ചതാണ്. എന്നാല്‍ അധികാരത്തിലേറി നാല് വര്‍ഷം പിന്നിട്ടിട്ടും കള്ളപ്പണം തിരികെയെത്തിക്കാന്‍ മോദിക്കായില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയില്‍ നിന്ന് വിദേശ ബേങ്കുകളിലേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് വര്‍ധിക്കുകയാണുണ്ടായത്. സ്വിസ് ബേങ്കുകളിലേക്ക് പോകുന്ന ഇന്ത്യന്‍ പണത്തിന്റെ അളവ് 2017 ല്‍ 50 ശതമാനം വര്‍ധിച്ചു 7,000 കോടി എത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2004ലെ 56 ശതമാനം നിക്ഷേപ വര്‍ധനക്കുശേഷം ഏറ്റവും ഉയര്‍ന്ന നിക്ഷേപ വര്‍ധനയാണ് കഴിഞ്ഞ വര്‍ഷത്തേത്.

കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ ജയന്ത് സിന്‍ഹ, ബി ജെ പി എം പി രവീന്ദ്രകിഷോര്‍, നടന്‍ അമിതാഭ് ബച്ചന്‍ തുടങ്ങി വിദേശത്ത് ശതകോടികളുടെ കള്ളപ്പണം നിക്ഷേപിച്ച 714 ഇന്ത്യക്കാരുടെയും കോര്‍പറേറ്റുകളുടെയും വിവരം കഴിഞ്ഞ നവംബറില്‍ പാരഡൈസ് പേപ്പേഴ്‌സ് പുറത്തു വിട്ടിരുന്നു. ജര്‍മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റംഗും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും 96 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. സണ്‍ ടി വി, എസ്സാര്‍ ലൂപ്, സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍, അപ്പോളോ ടയേഴ്‌സ്, ജിന്‍ഡാല്‍ സ്റ്റീല്‍സ്, ഹാവെല്‍സ്, ഹിന്ദുജ, എമാര്‍ എം ജി എഫ്, വീഡിയോകോണ്‍, ഡി എസ് കണ്‍സ്ട്രക്ഷന്‍, ഹിരാനന്ദനി ഗ്രൂപ്പ്, വിജയ് മല്യയുടെ യുനൈറ്റഡ് സ്പിരിറ്റ്‌സ്, ജി എം ആര്‍ ഗ്രൂപ്പ് തുടങ്ങി പ്രമുഖ കോര്‍പറേറ്റുകളുടെ പേരുകള്‍ പുറത്തുവന്ന രേഖകളിലുണ്ട്. ഇതില്‍ കൂടുതലും ബര്‍മുഡയിലെ ആപ്പിള്‍ബൈ നിയമ സ്ഥാപനത്തില്‍ നിന്നുളളതാണ്. ഇന്ത്യക്കാരായ കള്ളപ്പണക്കാരാണ് ഈ കമ്പനിയുടെ ഉപഭോക്താക്കളില്‍ കൂടുതലും. അന്താരാഷ്ട്ര തലത്തില്‍ തന്നെ ആപ്പിള്‍ബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടപാടുകാര്‍ ഇന്ത്യക്കാരാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പാനമ രേഖകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഇതിനിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സ്ഥാനം തെറിക്കുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. മറ്റു പല രാജ്യങ്ങളിലും ഭരണ തലപ്പത്തുള്ള അഴിമതിക്കാരും നിയമ ലംഘകരും കടുത്ത ശിക്ഷക്ക് വിധേയരാകുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കള്ളപ്പണക്കാരും ക്രിമിനലുകളുമായ രാഷ്ട്രീയക്കാര്‍ സുരക്ഷിതരായി കഴിയുന്നു. പാരഡൈസ് പേപ്പേഴ്‌സ് വെളിപ്പെടുത്തിയവരുടെ കാര്യത്തില്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ തലത്തില്‍ ഒരു അന്വേഷണം പോലും നടത്തിയതായി വിവരമില്ല,

ഇന്ത്യ കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണെങ്കില്‍ സഹകരിക്കാമെന്നും നിയമവിരുദ്ധമായ ജോലികള്‍ ചെയ്യുന്നവരെന്ന് സംശയിക്കപ്പെടുന്ന ഇടപാടുകാരുടെ വിവരങ്ങള്‍ കൈമാറാമെന്നും സ്വിറ്റ്‌സര്‍ലാന്‍ഡ് നേരത്തേ വ്യക്തമാക്കിയതാണ്. എന്നിട്ടും അവരുടെ സഹകരണത്തോടെ ശക്തമായ നീക്കത്തിന് സന്നദ്ധമാകാത്തതെന്തു കൊണ്ടാണ്? സര്‍ക്കാറിന്റെ കൈയിലെത്തിയ കള്ളപ്പണക്കാരുടെ ലിസ്റ്റ് പരസ്യപ്പെടുത്താത്തത് എന്തുകൊണ്ടാണ്? അത് വെളിപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല കോടതിക്ക് കൈമാറാന്‍ പോലും വിമുഖത കാണിക്കുന്നു. കള്ളപ്പണക്കാരില്‍ നല്ലൊരു പങ്കും ബി ജെ പിയുടേത് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുള്ള കോര്‍പറേറ്റുകളാണെന്നത് രഹസ്യമല്ല. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ പാര്‍ട്ടി ഫണ്ടിലേക്ക് ഒഴുകുന്ന പണത്തില്‍ ഗണ്യമായ കുറവ് വരും. പേരുകള്‍ പുറത്തു വിടാനും നടപടിക്കും വിമുഖത കാണിക്കുന്നത് ഇതുകൊണ്ടാണെന്നാണ് പിന്നാമ്പുറ സംസാരം. കഴിഞ്ഞ ദിവസം ധനമന്ത്രി ജെയ്റ്റ്‌ലി പറഞ്ഞത്, 2019 ജനുവരി മുതല്‍ അനധികൃതമായി ഇടപാട് നടത്തുന്നവരുടെ പേര് പൊതുജനമറിയുന്നതിന് മുമ്പുതന്നെ അവര്‍ക്ക് ശിക്ഷ ലഭിച്ചിരിക്കുമെന്നാണ്. സ്വിസ് ബേങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം മുഴുവന്‍ കള്ളപ്പണമല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. മോദി ഭരണത്തില്‍ സ്വിസ് ബേങ്കിലെ ഇന്ത്യന്‍ നിക്ഷേപം വന്‍ തോതില്‍ വര്‍ധിച്ച വാര്‍ത്തയെ തുടര്‍ന്നു കേന്ദ്ര സര്‍ക്കാറിനും ബി ജെ പി നേതൃത്വത്തിനും ഉണ്ടായ ജാള്യത മറച്ചു പിടിക്കാനുള്ള ഒരു അടവ് എന്നതിലപ്പുറം ജെയ്റ്റ്‌ലിയുടെ പ്രസ്താവനക്ക് ആത്മാര്‍ഥതയുടെ അംശം തരിമ്പു പോലുമില്ല. കള്ളപ്പണത്തിനെതിരെയുള്ള നടപടി താമസിപ്പിക്കുന്നത് കോര്‍പറേറ്റുകള്‍ തങ്ങളുടെ നിക്ഷേപം നിയമവിധേയമാക്കാനാണെന്നും പറയപ്പെടുന്നുണ്ട്.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നുള്ള രണ്ട് ബേങ്കുകള്‍ അടക്കം മൂന്ന് യൂറോപ്യന്‍ ബേങ്കുകള്‍ ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ അനധികൃതമായി നിക്ഷേപിച്ച തുക അവരുടെ ലിസ്റ്റഡ് കമ്പനികളിലേക്ക് വഴിതിരിച്ചു വിട്ടതായി ഇതിനിടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദേശ നിക്ഷേപമായി ഈ കള്ളപ്പണം മാറ്റുകയാണ് ഇതുവഴി അവര്‍ ചെയ്തത്. കള്ളപ്പണം തിരികെ കൊണ്ടു വരലും അഴിമതി നിര്‍മാര്‍ജനവുമൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് ആയുധം മാത്രമാണ്. അധികാരത്തിലേറുന്നതോടെ ചവറ്റു കൊട്ടയാണ് അത്തരം വാഗ്ദാനങ്ങളുടെ സ്ഥാനം.