ചാനലുകളില്‍ കോട്ടിട്ടിരിക്കുന്നവരല്ല, ജനങ്ങളാണ് അന്തിമവിധികര്‍ത്താക്കള്‍: മുഖ്യമന്ത്രി

Posted on: May 31, 2018 2:17 pm | Last updated: May 31, 2018 at 10:51 pm

തിരുവനന്തപുരം: ജനങ്ങളാണ് അന്തിമവിധികര്‍ത്താക്കളെന്ന് തെളിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിശക്തമായ അസത്യപ്രചാരണത്തിനിടയിലും സത്യം വേര്‍തിരിച്ചു കാണാനുള്ള ജനങ്ങളുടെ കഴിവിനെ അഭിവാദ്യം ചെയ്യുന്നു. ജാതിമത വിലപേശലുകള്‍ക്ക് പ്രസക്തിയില്ലാത്ത കാലം കേരളത്തില്‍ പിറക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം.
നന്മയുടെയും ക്ഷേമത്തിന്റേയും മതനിരപേക്ഷതയുടേയും പക്ഷത്തിനൊപ്പം നില്‍ക്കാനുള്ള പുതിയൊരു രാഷ്ട്രീയ സംസ്‌കാരം രൂപപ്പെട്ടുവന്നിരിക്കുകയാണ്. രാഷ്ട്രീയ ലാഭത്തിനു വേണ്ടി വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കുന്ന പ്രതിപക്ഷ നിലപാടിനേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെതിരെയും ശക്തമായ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. ചെന്നിത്തലയുടെ വീടിന് ചുറ്റുമുള്ളവര്‍ പോലും അദ്ദേഹത്തെ അംഗീകരിക്കുന്നില്ലെന്ന വസ്തുത വ്യക്തമായി. സ്വന്തം നാട്ടുകാര്‍ പോലും വിശ്വസിക്കാത്ത അസത്യങ്ങള്‍ ഇനി പറയരുതെന്നും ചെന്നിത്തലയോട് മുഖ്യമന്ത്രി പറഞ്ഞു

മുന്‍പ് തങ്ങള്‍ക്കൊപ്പം ഇല്ലാതിരുന്ന ഇത്തവണ ഇടതുപക്ഷത്തിനു വോട്ടു ചെയ്ത വിഭാഗത്തെ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഇങ്ങോട്ട് നിരവധി തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കിയത്. കോട്ടിട്ട് ചാനല്‍ റൂമുകളില്‍ ഇരുന്ന് വിധിപറയുന്ന അവതാരകരല്ല, ജനങ്ങളാണ് യഥാര്‍ഥ വിധികര്‍ത്താക്കളെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായതായി മുഖ്യമന്ത്രി പറഞ്ഞു.