നിപ്പാ: രണ്ട് മരണം കൂടി; ഒരാള്‍ക്ക് സ്ഥിരീകരിച്ചു

പഴംതീനി വവ്വാലിനെ പരിശോധനക്കയക്കും
Posted on: May 30, 2018 9:58 pm | Last updated: May 31, 2018 at 6:24 am

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലാഴി സ്വദേശി വടക്കുകുഴി മധുസൂദനന്‍ (55), മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അഖില്‍ എന്നിവരാണ് മരിച്ചത്. ഇതോടെ നിപ്പാ മരണം പതിനാറായി. ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കാരശ്ശേരി പഞ്ചായത്തിലെ 28കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ രണ്ട് പേരെ കൂടി നിപ്പാ രോഗലക്ഷണങ്ങളോടെ ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് രോഗബാധ എങ്ങനെ ഉണ്ടായി എന്നതിനെകൂറിച്ച് അന്വേഷണം നടക്കുകയാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മധുസൂദനന്‍

ബുധനാഴ്ച പന്ത്രണ്ട് പേരുടെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് കാരശ്ശേരി സ്വദേശിയില്‍ നിപ്പാ സ്ഥിരീകരിച്ചത്. ഇതോടെ നിപ്പാ സ്ഥിരീകരിച്ചവര്‍ പതിനെട്ടായി. ഇവരില്‍ രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ മരണപ്പെട്ടു.
അതേസമയം, നിപ്പായുടെ ഉറവിടം കണ്ടെത്തുന്നതിന് വേണ്ടി പഴംതീനി വവ്വാലിനെ പരിശോധനക്കായി ഇന്ന് ഭോപ്പാലിലേക്ക് കൊണ്ടുപോകും. പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയിലെ നിപ്പാ പനിമരണം നടന്ന വീട്ടിനു പിന്നിലെ മരത്തില്‍ നിന്ന് പിടികൂടിയ പഴംതീനി വവ്വാലിനെയാണ് കുപ്പിയിലാക്കി വിമാന മാര്‍ഗം കൊണ്ടുപോകുന്നത്.

നിപ്പാ വൈറസ് ബാധയുടെ ഉറവിടമാണ് എന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നത് പഴംതീനി വവ്വാലുകളെയാണ്. സൂപ്പിക്കടയിലെ മരിച്ച മൂസ വാങ്ങിയ വീട്ടിലെ കിണറ്റില്‍ നിന്ന് പ്രാണികളെ തിന്നുന്ന വവ്വാലില്‍ നിന്ന് ശേഖരിച്ച സ്രവങ്ങള്‍ ഭോപ്പാലിലയച്ച് പരിശോധിച്ചിരുന്നുവെങ്കിലും ഇവയില്‍ വൈറസുകളെ കണ്ടെത്തിയിരുന്നില്ല.

ഭാപ്പാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലേക്കാണ് പരിശോധനക്ക് കൊണ്ടുപോകുന്നത്. ഇതോടൊപ്പം നേരത്തെ ശേഖരിച്ച പഴംതീനി വവ്വാലിന്റെ വിസര്‍ജ്യങ്ങളും പരിശോധനക്കായി കൊണ്ടുപോകും. എറണാകുളത്ത് നിന്ന് കൊണ്ടുവന്ന ഡ്രൈ ഐസ് കുപ്പിയിലാണ് വവ്വാലിനെ കൊണ്ടുപോകുന്നത്. കുപ്പിയിലെ ഊഷ്മാവ് മൈനസ് എണ്‍പത് ഡിഗ്രി ആണെന്നതിനാല്‍ വവ്വാലിന്റെ ജീവന് ഭീഷണി ഇല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

എന്നാല്‍, പിടികൂടിയ വവ്വാലില്‍ നിപ്പാ വൈറസുണ്ടോയെന്ന് ഉറപ്പിച്ചു പറയുവാന്‍ പറ്റുകയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.