വി വി പാറ്റ് തകരാറിനെ തുടര്‍ന്ന് 123 ബൂത്തുകളില്‍ ഇന്ന് റീ പോളിംഗ്

Posted on: May 30, 2018 6:08 am | Last updated: May 30, 2018 at 12:12 am

ലക്‌നോ: ഉത്തര്‍ പ്രദേശിലെ കൈരാനയിലെ 73 പോളിംഗ് സ്റ്റേഷനുകളിലും മഹാരാഷ്ട്രയിലെ ഭണ്ഡാര- ഗോണ്ടിയയിലെ 49 പോളിംഗ് സ്റ്റേഷനുകളിലും നാഗാലിന്‍ഡിലെ ഒരു സ്ഥലത്തും ഇന്ന് വീണ്ടും വോട്ടെടുപ്പ്. തിങ്കളാഴ്ചത്തെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനുകള്‍ കൂട്ടത്തോടെ പണിമുടക്കിയ സാഹചര്യത്തിലാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന പത്ത് സംസ്ഥാനങ്ങളിലെ 10,300 വി വി പാറ്റുകളില്‍ പത്ത് ശതമാനവും കേടുവന്നിരുന്നു. ഇവ മാറ്റി വെക്കേണ്ടി വന്നു. കൈരാനയിലും ഭണ്ഡാര- ഗോണ്ടിയയിലും കേടുവന്ന വി വി പാറ്റ് 20 ശതമാനമാണ്. അതിനാലാണ് റീ പോളിംഗ്.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറില്ലെന്നും വി വി പാറ്റുകളാണ് പണിമുടക്കിയതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത് പറഞ്ഞു. കഴിഞ്ഞ ദിവസം ഉപയോഗിച്ചവ പുതിയതായിരുന്നു. പ്രകാശം നേരിട്ട് പതിക്കുന്നിടത്ത് വെക്കുക, കൈകാര്യം ചെയ്യുന്നിടത്തെ പിഴവ്, അത്യുഷ്ണം തുടങ്ങിയവയാണ് ഇവ കേടുവന്നതിന് കഴിഞ്ഞ ദിവസം കമ്മീഷന്‍ കാരണങ്ങള്‍ പറഞ്ഞിരുന്നത്. യു പി ഭരിക്കുന്ന ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യനിര ദൃശ്യമായ തിരഞ്ഞെടുപ്പ് കൂടിയാണ് കൈരാനയിലേത്. ഇവിടെ 175 ബൂത്തുകളില്‍ വോട്ടിംഗ് മെഷീന്‍ പണിമുടക്കിയിരുന്നു.

മെഷീനുകള്‍ സ്‌ട്രോംഗ് റൂമിലെത്തിച്ചത് സ്വകാര്യ കാറില്‍

പല്‍ഘട്: കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ പല്‍ഘട് ലോക്‌സഭാ മണ്ഡലത്തില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ ചട്ടം ലംഘിച്ച് വി വി പാറ്റ്- ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സ്വകാര്യ കാറില്‍ കൊണ്ടുപോയതായി റിപ്പോര്‍ട്ട്. സ്‌ട്രോംഗ് റൂമില്‍ സംരക്ഷിക്കാനായി പുലര്‍ച്ചെയാണ് ഇയാള്‍ തന്റെ കാറില്‍ മെഷീനുകള്‍ കൊണ്ടുപോയത്. തിരഞ്ഞെടുപ്പ് മേഖലാ ഓഫീസില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും കലക്ടര്‍ പ്രശാന്ത് നര്‍ണാവേര്‍ പറഞ്ഞു.

ഉദ്യോഗസ്ഥന്റെ കൂടെ സുരക്ഷാ ജീവനക്കാരന്‍ ഉണ്ടായിരുന്നോയെന്നത് വ്യക്തമല്ല. ബസ് കാത്തിരുന്ന് ക്ഷീണിച്ചിട്ടാണ് ഇയാള്‍ സ്വന്തം കാറില്‍ മെഷീന്‍ കൊണ്ടുപോയത്. ദഹാനു ഉപജില്ലയിലെ ചിഞ്ചാനി പോളിംഗ് ബൂത്തിലെ ഉദ്യോഗസ്ഥനാണ് ആരോപിതന്‍.