ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ യാത്രയുമായി ആര്‍ ടി എ

Posted on: May 28, 2018 9:28 pm | Last updated: May 28, 2018 at 9:28 pm
ദുബൈ ടാക്‌സി കോര്‍പറേഷന്‍-അല്‍ ഫുതൈം പ്രതിനിധികള്‍ ധാരണാപത്രം ഒപ്പുവെക്കല്‍ ചടങ്ങില്‍

ദുബൈ: ഭിന്നശേഷിക്കാര്‍ക്കായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി പുതിയ പദ്ധതി ഒരുക്കുന്നു. സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി അല്‍ ഫുതൈം മോട്ടോഴ്സുമായി സഹകരിച്ച് അല്‍ ഖൈര്‍ റൈഡ് പദ്ധതിയാണ് ആര്‍ ടി എ ഒരുക്കുന്നത്. പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കാണ് റൈഡ് ഒരുക്കുക. ഇവര്‍ക്കായി പ്രത്യേക സാങ്കേതിക വിദ്യാ സുരക്ഷാ സംവിധാങ്ങളോടെ സൗജന്യ യാത്രാ സംവിധാനങ്ങള്‍ ഒരുക്കും.

ഇതുസംബന്ധമായി ആര്‍ ടി എക്ക് കീഴിലെ ദുബൈ ടാക്‌സി കോര്‍പറേഷന്‍ അല്‍ ഫുതൈം മോട്ടോഴ്സുമായി നടന്ന കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ ആര്‍ ടി എ ബോര്‍ഡ് മെമ്പറും ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ മുഹമ്മദ് ഉബൈദ് അബ്ദുല്ല അല്‍ മുല്ല, ദുബൈ ടാക്‌സി കോര്‍പറേഷന്‍ സി ഇ ഒ ഡോ. യൂസഫ് അലി എന്നിവര്‍ സംബന്ധിച്ചു.

പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്ക് അല്‍ ഖൈര്‍ റൈഡ് സേവനം ലഭിക്കുന്നതിന് 04 2080808 എന്ന നമ്പര്‍ ഉപയോഗിക്കാവുന്നതാണ്. ആര്‍ ടി എയുടെ സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായാണ് നിശ്ചയ ദാര്‍ഢ്യക്കാര്‍ക്ക് പ്രത്യേക സൗജന്യ സവാരി ഒരുക്കുന്നതെന്നും ഡോ. യൂസുഫലി പറഞ്ഞു. ദുബൈ സര്‍ക്കാരിന്റെ എന്റെ സമൂഹം എല്ലാവരുടേതും എന്ന ആശയത്തിന് കൂടുതല്‍ കരുത്തു പകരുന്നതിനാണിത്. പ്രത്യേകമായി ഒരുക്കുന്ന ടാക്‌സികളില്‍ ആധുനിക സാങ്കേതിക വിദ്യകളും വീല്‍ചെയറുകളും മികച്ച സുരക്ഷാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതമായ രീതിയില്‍ പരിശീലനം നേടിയ ഡ്രൈവര്‍മാരാണ് നിശ്ചയ ദാര്‍ഢ്യകാരുടെ സേവനങ്ങള്‍ക്കായി വാഹനമോടിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.