ബിജെപി പിന്മാറി; കര്‍ണാടകയില്‍ രമേശ്കുമാര്‍ സ്പീക്കര്‍

Posted on: May 25, 2018 12:36 pm | Last updated: May 25, 2018 at 3:41 pm

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാര്‍ ഉടന്‍ വിശ്വാസ വോട്ടെടുപ്പ് തേടും. സിദ്ധരാമയ്യ സര്‍ക്കാറിലെ ആരോഗ്യമന്ത്രിയായിരുന്ന കെ ആര്‍ രമേശ്കുമാര്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ബി ജെ പിയിലെ സുരേഷ്‌കുമാര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്ന് ഏകപക്ഷീയമായായിരുന്നു തിരഞ്ഞെടുപ്പ്.

വിശ്വാസ വോട്ടെടുപ്പ് അല്‍പ സമയത്തിനകം നടക്കും.
കോണ്‍ഗ്രസിന്റെ 78 അംഗങ്ങളും ജനതാദള്‍ എസിന്റെ 37ഉം രണ്ട് സ്വതന്ത്രരും ഉള്‍പ്പെടെ 117 അംഗങ്ങളുടെ പിന്തുണയാണ് സഖ്യ സര്‍ക്കാറിനുള്ളത്. പ്രതിപക്ഷമായ ബി ജെ പിക്ക് 104 അംഗങ്ങളുടെ പിന്തുണയുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ചത്തെ സമയ നല്‍കിയിരുന്നുവെങ്കിലും അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ തന്നെ ഭൂരിപക്ഷം തെളിയിക്കുമെന്ന് കുമാരസ്വാമി പ്രഖ്യാപിച്ചിരുന്നു.