Connect with us

Kerala

അര്‍ബുദരോഗികളുടെ പെന്‍ഷനുള്ള സാങ്കേതിക തടസ്സങ്ങള്‍ നീങ്ങി

Published

|

Last Updated

പാലക്കാട്: അര്‍ബുദരോഗികള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ക്ക് വിരാമം. അനുവദിച്ചുകിട്ടിയ പെന്‍ഷന്‍ തുടര്‍ച്ചയായി ലഭിക്കുന്നതിനു വേണ്ട നടപടിക്രമം ലഘൂകരിച്ചതാണ് തടസ്സങ്ങള്‍ നീങ്ങാനിടയാക്കിയത്. ആയിരം രൂപയാണ് അര്‍ബുദരോഗികള്‍ക്ക് പെന്‍ഷന്‍ തുകയായി നല്‍കുന്നത്.

ഇതിനാവശ്യമായ രേഖകള്‍ സഹിതം വില്ലേജോഫീസ് മുഖേന തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയാല്‍ ക്രമമനുസരിച്ച് പോസ്റ്റോഫീസ് വഴി പെന്‍ഷന്‍ ലഭിക്കും. ഇത് തുടര്‍ന്ന് ലഭിക്കാന്‍ എല്ലാ വര്‍ഷവും ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റും രോഗം സംബന്ധിച്ച സാക്ഷ്യപത്രവും നല്‍കേണ്ടതുണ്ട്. എന്നാല്‍, സാക്ഷ്യപത്രം തിരുവനന്തപുരം ആര്‍ സി സിയില്‍ നിന്നോ മെഡിക്കല്‍ കോളേജുകളില്‍ നിന്നോ സംഘടിപ്പിക്കുകയെന്നത് എളുപ്പമായിരുന്നില്ല. ഇതിനാല്‍ മാസങ്ങളോളം രോഗികള്‍ക്ക് പെന്‍ഷന്‍ ലഭിക്കാത്ത സ്ഥിതിയാണ് സംജാതമായിരുന്നത്.

രോഗികളുടെ ഈ പ്രയാസം കണക്കിലെടുത്ത് നിബന്ധനകളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ സാക്ഷ്യപത്രം ജില്ലയിലെ രജിസ്‌ട്രേഡ് ഓങ്കോളജിസ്റ്റുകളില്‍ നിന്ന് വാങ്ങിയാല്‍ മതി. ഇതിന് പുറമെ ജില്ലാ ആശുപത്രികളിലും കൊടുക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.
ഇതോടെ അര്‍ബുദ രോഗികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാകുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ജില്ലാതലങ്ങളിലും
അര്‍ബുദ ചികിത്സാ സൗകര്യം

കൊച്ചി: ജില്ലാതലത്തിലും ക്യാന്‍സര്‍ ചികിത്സക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഹെല്‍ത്ത് സര്‍വീസിലേക്കും ക്യാന്‍സര്‍ ചികിത്സാ സൗകര്യം വ്യാപിപ്പിക്കും. ജനങ്ങളിലേക്കിറങ്ങി ക്യാന്‍സര്‍ കണ്ടെത്തി കീഴടക്കാനുള്ള വലിയ പോരാട്ടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രതിവര്‍ഷം 50,000 പേര്‍ക്ക് ക്യാന്‍സര്‍ ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. ചില കേസുകളില്‍ വേഗത്തില്‍ ചികിത്സ ലഭിക്കാറുണ്ട്. എന്നാല്‍ ചിലതില്‍ ചികിത്സ താമസിക്കുന്നു. ക്യാന്‍സറിനായുള്ള ആധുനിക ചികിത്സാ സൗകര്യങ്ങളും പാലിയേറ്റീവ് സംവിധാനങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. സ്വകാര്യ മേഖലയില്‍ ക്യാന്‍സര്‍ ചികിത്സ ചെലവേറിയതാണ്. പാവപ്പെട്ടവര്‍ക്കും മികച്ച ക്യാന്‍സര്‍ ചികിത്സ ലഭ്യമാക്കണം. ആര്‍ സി സിക്ക് ശേഷം ആരംഭിച്ച മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഇന്ന് പതിനായിരങ്ങള്‍ക്ക് ആശ്വാസമാണ്.

ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും വിദഗ്ധരും ഒത്തുചേര്‍ന്നാണ് കേരള ക്യാന്‍സര്‍ കണ്‍ട്രോള്‍ നയരേഖ പുറത്തിറക്കിയിരിക്കുന്നത്. ക്യാന്‍സര്‍ ചികിത്സക്കായുള്ള പ്രോട്ടോകോള്‍ ആണ് ഇതിലൂടെ വിശദമാക്കുന്നത്. ക്യാന്‍സര്‍ രജിസ്ട്രി തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആര്‍ സി സിയുടെയും എം സി സിയുടെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.