ആദിവാസി മേഖലയിലെ സാക്ഷരതാ പരീക്ഷയില്‍ 95.5 ശതമാനം വിജയം

  • പരീക്ഷ എഴുതിയവരില്‍ 90 കാരിയും
  • രണ്ടാംഘട്ട ഉദ്ഘാടനം ഈമാസം 20ന്
Posted on: May 18, 2018 6:15 am | Last updated: May 17, 2018 at 11:48 pm

തിരുവനന്തപുരം: ആദിവാസി മേഖലകളിലെ നിരക്ഷരതാ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാമിഷന്‍ വയനാട് ജില്ലയില്‍ ആരംഭിച്ച പ്രത്യേക സാക്ഷരതാ പദ്ധതിയിലെ പരീക്ഷയില്‍ 4,309 പേര്‍ വിജയിച്ചു. വിജയശതമാനം 95.5. ഇതില്‍ 3,551 പേര്‍ സ്ത്രീകളും 758 പേര്‍ പുരുഷന്മാരുമാണ്.

26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 282 കോളനികളിലായി മൊത്തം 4,512 പേരാണ് പരീക്ഷ എഴുതിയത്. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഇണ്ടേരിക്കുന്ന് കോളനിയിലെ കുംഭ (90) യാണ് പരീക്ഷയെഴുതിയവരില്‍ ഏറ്റവും പ്രായംകൂടിയവര്‍. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ ചല്‍ക്കാരക്കുന്ന് കോളനിയിലെ ലക്ഷ്മി (16), പിലാത്തോട്ടം കോളനിയിലെ ശ്രീജേഷ് (16) എന്നിവരാണ് പരീക്ഷ എഴുതിയവരില്‍ ഏറ്റവും പ്രായം കുറഞ്ഞവര്‍.

പണിയ, കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് പരീക്ഷയെഴുതിവരില്‍ ഭൂരിഭാഗവും. ഗ്രാമപഞ്ചായത്തുകളില്‍ പൊഴുതനയിലാണ് ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത്. 257 പേര്‍. ബ്ലോക്കില്‍ കല്‍പറ്റയിലും (1632), മുനിസിപ്പാലിറ്റിയില്‍ മാനന്തവാടിയിലും (202) ആണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയത്. സാക്ഷരതാ പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് സാക്ഷരതാമിഷന്റെ നാലാംതരം തുല്യതാ കോഴ്‌സില്‍ ചേരാവുന്നതാണ്.

സാക്ഷരതാ ക്ലാസുകള്‍ നടന്ന അതേ പഠനകേന്ദ്രങ്ങളില്‍തന്നെ നാലാംതരം തുല്യതാ കോഴ്‌സ് പഠിക്കാം.
എഴുത്തും വായനയും കണക്കും ചേര്‍ന്ന് രണ്ട് മണിക്കൂറായിരുന്നു പരീക്ഷ. 282 കോളനികളിലും ഒരു ആദിവാസി ഇന്‍സ്ട്രക്ടറും ഒരു പൊതുവിഭാഗം ഇന്‍സ്ട്രക്ടറും ചേര്‍ന്നാണ് ക്ലാസുകള്‍ നല്‍കിയത്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്കുകളിലായി ഡയറ്റിന്റെ നേതൃത്വത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്.

കോളനികളിലെ ക്ലാസുകള്‍ക്ക് ജനപ്രതിനിധികളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹായവും ഉണ്ടായിരുന്നു. പരിപൂര്‍ണ സാക്ഷരതാ പദ്ധതിയുടെ ഭാഗമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആദിവാസികളെ സാക്ഷരരാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സാക്ഷരതാമിഷന്‍ ആരംഭിച്ചത്.

വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും ഈമാസം 20ന് രാവിലെ 11ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും. സി കെ ശശീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ആദ്യഘട്ടം വിജയിച്ച സാഹചര്യത്തിലാണ് പദ്ധതിയുടെ രണ്ടാംഘട്ടം 200 ഊരുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നതെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല പറഞ്ഞു.