ഹെയിന്‍കസ് ഒരു സംഭവം തന്നെ !

Posted on: May 15, 2018 6:04 am | Last updated: May 15, 2018 at 12:40 am

മ്യൂണിക്: എട്ട് മാസം മുമ്പ് ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തിയ യുപ് ഹെയിന്‍കസ് വിസ്മയം സൃഷ്ടിച്ചു. ലീഗില്‍ ആദ്യ ഏഴ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പിറകിലായ ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ടിലും തപ്പിത്തടയുകയായിരുന്നു.

ഹെയിന്‍കസ് വിരമിക്കല്‍ തീരുമാനം റദ്ദ് ചെയ്ത് ബയേണിനെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട കഥയാണ് ഇത്തവണത്തെ ബുണ്ടസ് ലിഗ സീസണ്‍. ബയേണ്‍ തുടരെ ആറാം സീസണിലും ബുണ്ടസ് ലിഗ ചാമ്പ്യന്‍മാരായി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെമി വരെ കുതിച്ചു. ശനിയാഴ്ച ജര്‍മന്‍ കപ്പ് ഫൈനലില്‍ ഫ്രാങ്ക്ഫര്‍ട്ടിനെ നേരിടാനിരിക്കുന്നു.

ജര്‍മന്‍ കപ്പ് കൂടി നേടിയാല്‍ ബയേണിന് സീസണില്‍ ഇരട്ടക്കിരീടം സമ്മാനിച്ചുവെന്ന സത്‌പേരും ഹെയിന്‍സിന് സ്വന്തം. എന്നാല്‍, സീസണിലെ അവസാന മത്സരം ഹെയിന്‍കസിന് നിരാശയേകുന്നതായി. സ്റ്റുട്ഗര്‍ട്ടിനോട് 4-1നാണ് തോറ്റത്. ഹോംഗ്രൗണ്ടില്‍ രണ്ട് വര്‍ഷമായി പരാജിതിരായി തുടരുന്ന ബയേണ്‍ 37 മത്സരങ്ങള്‍ക്ക് ശേഷം തോല്‍വിയേറ്റു. ലീഗ് ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി ബയേണ്‍ സ്വീകരിച്ചത് സ്റ്റുട്ഗര്‍ട്ട്ിനോടുള്ള നാണംകെട്ട തോല്‍വിക്ക് ശേഷമായിരുന്നു. ഇതിഹാസ പരിശീലകന്‍ യുപ് ഹെയിന്‍കസിന് വിജയത്തോടെ ബുണ്ടസ് ലീഗ രിശീലകകരിയറിന് വിട നല്‍കാനും ബയേണ്‍ താരങ്ങള്‍ക്ക് സാധിച്ചില്ല.

ജര്‍മന്‍ കപ്പ് ജയിച്ചു കൊണ്ട് ഉചിതമായ വിടപറച്ചിലൊരുക്കാന്‍ ബയേണ്‍ താരങ്ങള്‍ പരിശ്രമിക്കും. ബയേണിന്റെ പുതിയ കോച്ച് നികോ കോവാക് ആണ് ജര്‍മന്‍ കപ്പ് ഫൈനലിലെ എതിരാളിയായ എയിന്‍ട്രാച് ഫ്രാങ്ക്ഫര്‍ട്ടിന്റെ കോച്ച്. ജര്‍മന്‍ ഫുട്‌ബോള്‍ ഉറ്റുനോക്കുന്ന പോരാട്ടമായി ഇത് മാറുന്നതിന് പിന്നില്‍ നികോ കോവാകും ഹെയിന്‍കസുമാണ്.

ലീഗില്‍ 34 മത്സരങ്ങളില്‍ 84 പോയിന്റുമായാണ് ബയേണ്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. രണ്ടാംസ്ഥാനത്തുള്ള ഷാല്‍ക്കെ 63 പോയിന്റ് നേടിയപ്പോള്‍ മൂന്നാമതെത്തിയ ഹോഫെന്‍ഹെയിം 55 ഉം നാലാം സ്ഥാനക്കാരായ ബൊറുസിയ ഡോട്മുണ്ട് 55 പോയിന്റും കരസ്ഥമാക്കി.