Connect with us

National

കാവേരി പദ്ധതി: പേര് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശിക്കാം

Published

|

Last Updated

ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കാവേരി പദ്ധതിയുടെ കരട് രേഖ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കാവേരി അതോറിറ്റിയോ, സമിതിയോ, ബോര്‍ഡോ രൂപവത്കരിക്കാന്‍ തയാറാണെന്നും ഏത് വേണമെന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനക്കാമെന്നുമാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, എ എം ഖാന്‍വില്‍ക്കാര്‍ എന്നിവരടങ്ങിയ ബഞ്ചിന് മുന്നില്‍ കേന്ദ്ര ജലവിഭവ സെക്രട്ടറി യു പി സിംഗ് നേരിട്ടെത്തിയാണ് പദ്ധതിയുടെ കരട് കോടതിയില്‍ സമര്‍പ്പിച്ചത്.
പദ്ധതിയുടെ നിയമപരമായ കാര്യങ്ങളോ ഔചിത്വമോ കോടതി പരിശോധിക്കില്ലെന്ന് കരട് രേഖ സ്വീകരിച്ച് ബഞ്ച് വ്യക്തമാക്കി. നിലവിലെ വിധിയോട് യോജിക്കുന്നുണ്ടോയെന്ന് മാത്രമാണ് പരിശോധിക്കുകയെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. അതേസമയം, കര്‍ണാടക, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നി സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇനി ഒരു രണ്ടാംഘട്ട നീണ്ട നിയമ പോരാട്ടം ഈ വിഷയത്തില്‍ ഉണ്ടാകാന്‍ ഇടയില്ലാത്തതാകണം പദ്ധതിയെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞത്. പദ്ധതി പരിശോധിച്ച് നിലപാട് അറിയിക്കാന്‍ തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാവേരി വാട്ടര്‍ മാനേജ്മെന്റ് പദ്ധതി 2018ന് കേന്ദ്രം ഏതെങ്കിലുമൊരു പേര് നിര്‍ദേശിക്കുന്നില്ലെന്നും ബോര്‍ഡ്, അതോറിറ്റി, കമ്മിറ്റി ഇവയില്‍ ഏതുമാകാമെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. ഏത് വേണമെന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങളുമായി തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്നും അല്ലാത്ത പക്ഷം കോടതിക്ക് നിലവിലെ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ മന്ത്രിസഭയോട് ആവശ്യപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ പദ്ധതി പ്രകാരമുള്ള അതോറിറ്റി ബെംഗളൂരു ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഏകീകൃതമായ ബോഡിയായിരിക്കും. അതോറിറ്റിയുടെ ചെയര്‍മാനെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കും അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ 65 വസ്സ് പൂര്‍ത്തിയാകുന്നത് വരെയോ ആയിരിക്കും ചെയര്‍മാന്റെ കലാവധിയെന്നും അദ്ദേഹം വ്യക്തമാക്കി. ചെയര്‍മാന്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയമുള്ള മുതിര്‍ന്ന എന്‍ജിനീയറിംഗ് ഉദ്യോഗസ്ഥനോ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനോ ആയിരിക്കും. അതോറിറ്റിക്ക് നാല് സംസ്ഥാനങ്ങളിലേയും ജലവിഭവ വകുപ്പ് മന്ത്രാലയത്തില്‍ നിന്നും സെക്രട്ടറി തസ്തികയിലുള്ള നാല് പാര്‍ട്ട് ടേം അംഗങ്ങള്‍ ഉണ്ടായിരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതി രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ ചെലവില്‍ സംസ്ഥാനങ്ങള്‍ വഹിക്കേണ്ട ശതമാനവും കരട് വ്യക്തമാക്കുന്നുണ്ട്. കര്‍ണാടകയും തമിഴ്‌നാടും 40 ശതമാനം അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍ വഹിക്കണം. കേരളം 15 ശതമാനവും പോണ്ടിച്ചേരി അഞ്ച് ശതമാനവുമാണ് വഹിക്കേണ്ടത്. അതോറിറ്റിയുടെ ചെയര്‍മാന്‍, മെമ്പര്‍മാര്‍ എന്നിവരുടെ അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍, സ്ഥാപനത്തിന്റെ ഫീല്‍ഡ് ചെലവുകള്‍ ഉള്‍പ്പെടെയാണിവ.

ജലസംഭരണി, പരിശോധന, ഉദ്യോഗസ്ഥരുടെ നിയമനം, കാവേരി ജലത്തിന്റെ ക്രമീകരണവും നിയന്ത്രണവും എന്നിവയാണ് അതോറിറ്റിയുടെ ചുമതല. വെള്ളം പങ്കുവെക്കുന്നതിന്റെ മേല്‍നോട്ടം, വെള്ളം നിയന്ത്രിക്കുന്നതിന് റെഗുലേഷന്‍ കമ്മിറ്റിയെ സഹായിക്കുകയെന്നതും ഉള്‍പ്പെടും. കാവേരി ട്രീബ്യൂണലുമായോ, സുപ്രീം കോടതിയുടെ ഫെബ്രുവരി 16ലെ ജഡ്ജിമെന്റുമായോ സഹകരിക്കുന്നില്ലെങ്കില്‍ അതോറിറ്റിക്ക് കേന്ദ്രസര്‍ക്കാറിനെ സമീപിക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ കേന്ദ്രത്തിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും സംസ്ഥാനങ്ങള്‍ അംഗീകരിക്കാന്‍ ബാധ്യസ്ഥരായിരിക്കുമെന്നും പദ്ധതി രേഖ വ്യക്തമാക്കുന്നുണ്ട്. കരട് പരിശോധിക്കുന്നതിന് പോണ്ടിച്ചേരി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി രേഖ വിതരണം ചെയ്യും. കേസ് ഈ മാസം 16ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.

നേരത്തേ, പദ്ധതി രൂപവത്കരിക്കുന്നതില്‍ കാലതാമസം വരുത്തിയതിന് കേന്ദ്ര സര്‍ക്കാറിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. പദ്ധതിയുടെ അന്തിമ മിനുക്ക് പണികള്‍ക്കും മന്ത്രിസഭയുടെ അംഗീകാരത്തിനുമായി പത്ത് ദിവസത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്രത്തിന്റെ നിലപാട് തികഞ്ഞ കോടതിയലക്ഷ്യമാണെന്നും ബഞ്ച് വ്യക്തമാക്കിയിരുന്നു. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പദ്ധതി സമര്‍പ്പിക്കാതിരിക്കുന്നതെന്ന് തമിഴ്‌നാട് വ്യക്തമാക്കി.

---- facebook comment plugin here -----

Latest