ആ സ്വപ്‌നത്തിന് സമനില; അര്‍ജന്റീന-ബ്രസീല്‍ ഫൈനല്‍ പോരാട്ടം ആവേശമായി

Posted on: May 14, 2018 12:49 pm | Last updated: May 14, 2018 at 12:49 pm

മലപ്പുറം: അങ്ങനെ ഫുട്‌ബോള്‍ പ്രേമികളുടെ ആ സ്വപ്‌നം സമനിലയില്‍ (1-1) കലാശിച്ചു. ലോക ഫുട്‌ബോളിലെ എന്നും കാണാന്‍ കൊതിക്കുന്ന ചിരവൈരികള്‍ തമ്മിലുള്ള ആ സ്വപ്‌ന ക്ലാസിക് ഫൈനലാണ് ഓരോ ഗോളുകളുമായി സമനിലയിലായത്.
നിറഞ്ഞ ഫുട്‌ബോള്‍ പ്രേമികളുടെ മുന്നില്‍ മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ മലപ്പുറം ഫുട്‌ബോള്‍ ലവേഴ്‌സ് ഫോറമാണ് ലോകം കാത്തിരിക്കുന്ന അര്‍ജന്റീന-ബ്രസീല്‍ സ്വപ്‌ന ഫൈനല്‍ പ്രദര്‍ശന മത്സരം സംഘടിപ്പിച്ചത്.
റഷ്യയില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകക്കപ്പിനെ വരവേറ്റായിരുന്നു പരിപാടി. ആവേശം മെക്‌സികന്‍ തിരമാലകള്‍ പോലെ അലയടിച്ച മത്സരത്തില്‍ ആദ്യ പകുതിയിലെ 19-ാം മിനുട്ടില്‍ ബ്രസീലിനായി ബൂട്ട് കെട്ടിയ മോഹന്‍ ബഗാന്‍ താരം വാഹിദ് സാലിഹ് എതിരാളികളുടെ വലകുലുക്കി.

തുടക്കം മുതലെ ആക്രമിച്ച് കളിക്കുകയായിരുന്നു അര്‍ജന്റീന. എന്നാല്‍ ഗോളവസരങ്ങള്‍ ഒരുപാട് തവണ വീണ് കിട്ടിയെങ്കിലും ലക്ഷ്യം നേടാന്‍ നീലക്കുപ്പായക്കാര്‍ക്കായില്ല. എന്നാല്‍ വിംഗിലൂടെ ആക്രമിച്ച് കളിച്ച ബ്രസീലിന് ലക്ഷ്യം നേടാന്‍ 19 മിനുട്ട് വരെയേ കാത്തിരിക്കേണ്ടി വന്നുള്ളു. തുടര്‍ന്ന് കളിയുടെ മുഴുവന്‍ നിയന്ത്രണവും മഞ്ഞപടയുടെ കാലുകളിലായിരുന്നു. ആവേശത്തോടെ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം ഗോളിന് മറുപടിക്കിറങ്ങിയ നീല കുപ്പായക്കാര്‍ക്ക് 57-ാം മിനുട്ടില്‍ ആശ്വാസമായി മുന്‍ ജില്ലാ സീനിയര്‍ ടീം ക്യാപ്റ്റന്‍ ഇര്‍ശാദ് മനോഹരമായ ഗോളിലൂടെ ആരാധകര്‍ക്ക് മധുരം നല്‍കി. ഇതോടെ നിരാശയായി ഗ്യാലറിയില്‍ ഒതുങ്ങിയിരുന്ന അര്‍ജന്റീന്‍ ആരാധകര്‍ ആര്‍പ്പുവിളികളുമായി ഇളകി മറിഞ്ഞു. വാദ്യമേളങ്ങളോടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ കോട്ടപ്പടി സ്റ്റേഡിയത്തിലേക്ക് എത്തിയത്. കാണികളുടെ ഒഴുക്ക് മൂലം കളികാണാന്‍ എത്തിയവര്‍ അവസാനം ഗ്രൗണ്ട് കൈയേറുന്ന കാഴ്ച്ചയും സ്ഥലത്തുണ്ടായി.

ഇതിനിടെ അതിഥിയായി എത്തിയ ഐ എസ് എല്‍ കമന്റേറ്ററിയിലൂടെ പ്രശസ്തനായ ഷൈജു ദാമോദറിന്റെ വാക്കുകള്‍ കൂടി മൈക്കിലുടെ ഒഴുകിയപ്പോള്‍ കരഘോഷത്തോടെ കാണികള്‍ ആര്‍ത്ത് വിളിച്ചു. പരിപാടി പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം നിര്‍വഹിച്ചു. ഡി എഫ് എ സെക്രട്ടറി പി സുരേന്ദ്രന്‍, ഉപ്പൂടന്‍ ഷൗക്കത്ത്, ഷക്കീല്‍ പുതുശേരി, നജീബ് മഞ്ഞക്കണ്ടന്‍, അബ്ദുല്‍ ഗഫാര്‍, സാജറുദ്ദീന്‍, ആശിഖ് കുരുണിയന്‍ സംബന്ധിച്ചു.