പ്രധാനമന്ത്രിക്ക് വേണ്ടി വൈകിപ്പിക്കരുത്, അതിവേഗ പാത ഉടന്‍ തുറന്നുകൊടുക്കണമെന്ന് സുപ്രീംകോടതി

Posted on: May 10, 2018 8:11 pm | Last updated: May 11, 2018 at 7:54 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരക്കിലായതിനാല്‍ ഉദ്ഘാടനം നീട്ടിവച്ച ഡല്‍ഹിയിലെ കിഴക്കന്‍ അതിവേഗ പാത മേയ് 31നോ അതിനുള്ളിലോ തുറന്ന് കൊടുക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ഇന്ത്യന്‍ ദേശീയപാത അതോറിറ്റിക്കാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. ഈ മാസം 31നോ അതിനുള്ളിലോ പാതയുടെ ഉദ്ഘടനം നിര്‍വഹിച്ച് ജൂണ്‍ ഒന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് ഗതാഗതത്തിന് തുറന്നുനല്‍കാനാണ് നിര്‍ദ്ദേശം.
ഡല്‍ഹിയിലെ രൂക്ഷമായ വാഹനത്തിരക്കും മലിനീകരണ പ്രശ്‌നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച അതിവേഗ പാതയാണ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രിക്ക് ഒഴിവില്ലെന്ന പേരില്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാതെ വൈകിപ്പിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പാത എത്രയും പെട്ടെന്ന് തുറന്നുകൊടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ആറുവരിയും 135 കിലോമീറ്റര്‍ ദൈര്‍ഘ്യവുമുള്ള സിഗ്‌നല്‍ രഹിത അതിവേഗ പാതയാണ് ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ. ഈ പാത തുറന്നുകൊടുക്കുന്നതോടെ ഏതാണ്ട് രണ്ട് ലക്ഷത്തോളം വാഹനങ്ങള്‍ നഗരത്തില്‍ നിന്നും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5,763 കോടി രൂപ ചിലവിലാണ് പാതയുടെ നിര്‍മാണം. 2006ല്‍ വിഭാവനം ചെയ്യപ്പെട്ട പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത് 2015ല്‍ ആണ്.

കഴിഞ്ഞ മാസം 29ന് പാത ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചെങ്കിലും പ്രധാനമന്ത്രിയുടെ തിരക്ക് കാരണം നീട്ടി വയ്ക്കുകയായിരുന്നു. ഇക്കാര്യം ദേശീയ പാത അതോറിറ്റി സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.