Connect with us

Sports

ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിലെ കടും വെട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്ത മാസം അയര്‍ലന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള പരിമിത ഓവര്‍ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അര്‍ഹതയുണ്ടായിട്ടും ഇടം കിട്ടാതെ പോയ ഹതഭാഗ്യരുണ്ട്. ഐ പി എല്ലിലും ആഭ്യന്തര ക്രിക്കറ്റ് സീസണിലും തിളങ്ങിയ താരങ്ങള്‍. ഭാവിയില്‍ ടീം ഇന്ത്യയുടെ ഭാഗമാകേണ്ടവര്‍. അവരെ പരിചയപ്പെടാം.

റിഷാഭ് പന്ദ് : മഹേന്ദ്ര സിംഗ് ധോണി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ടീമിലുള്ളപ്പോള്‍ മറ്റൊരു താരത്തിന് സാധ്യതയില്ല. ഐ പി എല്ലില്‍ ധോണിയുടെ തകര്‍പ്പന്‍ പ്രകടനം കൂടി കണ്ടതോടെ സെലക്ടര്‍മാര്‍ക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്ഥാനത്തേക്ക് മറ്റൊരാളെ ആലോചിക്കേണ്ടി വന്നില്ല. എന്നാല്‍, 2020 ഐ സി സി ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ധോണിക്ക് പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്. ഇരുപത് വയസുള്ള റിഷാഭ് പന്ദ് അനുയോജ്യനാണ്. ഐ പി എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായി റിഷാഭിന്റെ പത്ത് ഇന്നിംഗ്‌സുകളില്‍ നിന്ന് 393 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 173.12 ആണ് സ്‌ട്രൈക്ക് റേറ്റ്. 200 പന്തുകള്‍ കളിച്ച താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് റിഷാഭിന്റെതാണ്. 48 പന്തില്‍ 85, 45 പന്തില്‍ 79, 29 പന്തില്‍ 69 എന്നിങ്ങനെ വെടിക്കെട്ട് ഇന്നിംഗ്‌സുകള്‍ ഐ പി എല്‍ സീസണില്‍ റിഷാഭ് പുറത്തെടുത്തു.

ക്രുനാല്‍ പാണ്ഡ്യ: ഇംഗ്ലണ്ടില്‍ അടുത്ത മാസം ഇന്ത്യ എ ടീമിന് വേണ്ടി കളിക്കാം ക്രുനാല്‍ പാണ്ഡ്യക്ക്. സീനിയര്‍ ടീമിലിടം ലഭിക്കാതെ പോയത് താരത്തെ നിരാശയിലാഴ്ത്തും. കാരണം, കഴിഞ്ഞ ഐ പി എല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി സെമിഫൈനലിലും ഫൈനലിലും മാന്‍ ഓഫ് ദ മാച്ച് പ്രകടനം കാഴ്ചവെച്ച ക്രുനാല്‍ അന്നേ ഇന്ത്യയുടെ ടി20 സ്‌ക്വാഡിലെത്തുമെന്ന് പ്രവചനമുണ്ടായി. നടപ്പ് സീസണില്‍ 148.36 സ്‌ട്രൈക്ക് റേറ്റില്‍ 181 റണ്‍സാണ് ക്രുനാല്‍ അടിച്ച് കൂട്ടിയത്. ഒമ്പത് വിക്കറ്റും വീഴ്ത്തി. റിഷാഭ് പന്ദിനെ പോലെ 2020 ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ബി സി സി ഐ സെലക്ടര്‍മാര്‍ പരിഗണിക്കേണ്ട ഒരു ആള്‍ റൗണ്ടറാണ് ക്രുനാല്‍ പാണ്ഡ്യ.

അജിങ്ക്യ രഹാനെ: ഏകദിന സ്‌ക്വാഡില്‍ തീര്‍ച്ചയായും ഉള്‍പ്പെടേണ്ട ബാറ്റ്‌സ്മാനാണ്. കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യ 3-1ന് ജയിച്ചപ്പോള്‍ മാന്‍ ഓഫ് ദ സീരീസ് ആയത് രഹാനെയാണ്. അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 67.20 ശരാശരിയില്‍ 335 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 77.06.

അതിന് ശേഷം ശ്രീലങ്കക്കെതിരെ ഒരു മത്സരം കളിച്ച രഹാനെ ആസ്‌ത്രേലിയക്കെതിരെ 5,55,70,53,61 എന്നിങ്ങനെ ഇന്നിംഗ്‌സുകള്‍ കളിച്ചു. ദക്ഷിണാഫ്രിക്കക്കെതിരെ 71, 11, 8,8,34 നോട്ടൗട്ട് എന്നിങ്ങനെ. പതിനാറ് ഇന്നിംഗ്‌സുകളില്‍ 77.95 ശരാശരിയില്‍ 725 റണ്‍സ്. 2019 ഏകദിന ലോകകപ്പ് ടീമില്‍ രഹാനെ ഉണ്ടാകുമെന്ന ധാരണയാണ് ഇംഗ്ലണ്ടിലേക്കുള്ള ടീം സെലക്ഷനില്‍ അട്ടിമറിക്കപ്പെട്ടത്. ലോകകപ്പ് നടക്കുന്ന ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ബാറ്റിംഗ് പരിചയിക്കാനുള്ള അവസരമാണ് രഹാനെക്ക് നഷ്ടമായത്. ഐ പി എല്ലിലെ തകര്‍പ്പന്‍ ഫോം മാത്രം പരിഗണിച്ച് ലോകേഷ് രാഹുലിനാണ് ഏകദിന സ്‌ക്വാഡില്‍ ഇടം നല്‍കിയത്.

മനീഷ് പാണ്ഡെ : മനീഷിന്റെ പ്രതിഭയില്‍ ആര്‍ക്കും സംശയമില്ല. ആഭ്യന്തര ക്രിക്കറ്റില്‍ നോക്കൗട്ട് റൗണ്ടുകളില്‍ അവസരോചിത ഇന്നിംഗ്‌സുകള്‍ മനീഷ് ഏറെ കളിച്ചിരിക്കുന്നു. 2016 ല്‍ ആസ്‌ത്രേലിയക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു മനീഷ്. കഴിഞ്ഞ വര്‍ഷം അവസാനം കളിച്ച എട്ട് മത്സരങ്ങളില്‍ 88.60 സ്‌ട്രൈക്ക് റേറ്റില്‍ 171 റണ്‍സാണ് മനീഷ് നേടിയത്. ആറ്, നാല്, അഞ്ച് പൊസിഷനുകളില്‍ മാറി മാറിയാണ് മനീഷ് കളിച്ചത്.സ്ഥിരത പുലര്‍ത്താന്‍ സാധിച്ചിരുന്നു. എന്നാല്‍, അംബാട്ടി റായുഡുവിന്റെ ഐ പി എല്‍ ഫോം മനീഷിന് ദേശീയ ടീമില്‍ സ്ഥാനം നഷ്ടമാക്കി.

മായങ്ക് അഗര്‍വാള്‍: 201718 അഭ്യന്തര ക്രിക്കറ്റ് സീസണില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാളാണ്. രഞ്ജിട്രോഫിയില്‍ 105.45 ശരാശരിയില്‍ 1160 റണ്‍സാണ് മായങ്ക് അടിച്ചെടുത്തത്. അഞ്ച് സെഞ്ച്വറികള്‍ നേടി. കര്‍ണാടകയെ രഞ്ജി സെമിഫൈനലിലെത്തിച്ചത് മായങ്കാണ്. ടി20 ഫോര്‍മാറ്റിലും മായങ്ക് മിന്നി. സഈദ് മുഷ്താഖ് അലി ട്രോഫിയില്‍ 144.94 സ്‌ട്രൈക്ക് റേറ്റില്‍ 258 റണ്‍സാണ് മായങ്ക് സ്‌കോര്‍ ചെയ്തത്. വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ട്രോഫിയില്‍ 90.37 ശരാശരിയില്‍ ടൂര്‍ണമെന്റിലെ റെക്കോര്‍ഡ് ആയ 732 റണ്‍സും മായങ്ക് പേരിലാക്കി. കര്‍ണാടകയാണ് ടൂര്‍ണമെന്റ് ചാമ്പ്യന്‍മാരായത്.

ഐ പി എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി 118 റണ്‍സാണ് മായങ്ക് നേടിയത്. രഞ്ജി-മുഷ്താഖ്-ഹസാരെ ട്രോഫികളിലെ പ്രകടനം മാത്രം മതിയായിരുന്നു മായങ്കിന് ദേശീയ ടീമിലെ സീറ്റിന്.

Latest