കര്‍ണാടകയില്‍ ഇന്ന് കലാശക്കൊട്ട്; വോട്ടെടുപ്പ് ശനിയാഴ്ച

Posted on: May 10, 2018 6:01 am | Last updated: May 10, 2018 at 12:14 pm

rnaബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങും. നാളെ നിശ്ശബ്ദ പ്രചാരണമാണ്. ആവേശത്തിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ് പ്രചാരണ രംഗം. പോളിംഗിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കോണ്‍ഗ്രസും ബി ജെ പിയും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രചാരണ പരിപാടികള്‍ ഇന്നലെ അവസാനിച്ചു. ശിവാജി നഗര്‍, ഹെബ്ബാള്‍ എന്നിവിടങ്ങളിലാണ് രാഹുല്‍ ഇന്നലെ പ്രസംഗിച്ചത്. ബെംഗളൂരു നഗരത്തില്‍ റോഡ് ഷോയും നടത്തി. റോഡ് ഷോക്ക് സാക്ഷ്യം വഹിക്കാന്‍ പതിനായിരക്കണക്കിന് ആളുകളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്.

ബംഗാര പേട്ട്, ചിക്കമംഗളൂര്‍, ബെല്‍ഗാവി, ബീദര്‍ എന്നിവടങ്ങളിലെ റാലികളിലാണ് ഇന്നലെ മോദി പ്രസംഗിച്ചത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രിയാവുമെന്നുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ധാര്‍ഷ്ട്യമാണ് തെളിയിക്കുന്നതെന്ന് ബംഗാരപ്പേട്ടയിലെ റാലിയില്‍ മോദി കുറ്റപ്പെടുത്തി. നിരവധി വര്‍ഷത്തെ അനുഭവ സമ്പത്തുള്ളവരെ തട്ടിമാറ്റി സ്വയം മുന്നില്‍കയറി നില്‍ക്കുകയാണ് രാഹുല്‍ ചെയ്തിരിക്കുന്നതെന്നും മോദി ആരോപിച്ചു.

തിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ ദേശീയ നേതാക്കളെല്ലാം സംസ്ഥാനത്ത് ക്യാമ്പ് ചെയ്തുള്ള പ്രചാരണമാണ് നടത്തിയത്. മോദിയും അമിത്ഷായും ബി ജെ പിക്ക് വേണ്ടി പ്രചാരണം നയിച്ചപ്പോള്‍ രാഹുല്‍ഗാന്ധി, സോണിയാഗാന്ധി, ഡോ. മന്‍മോഹന്‍ സിംഗ് എന്നിവരും കളത്തിലിറങ്ങി.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുമെന്ന പുതിയ സര്‍വേ ഫലം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ലോക്‌നീതി – സി എസ് ഡി എസ് – എ ബി പി ഏപ്രില്‍ 27 മുതല്‍ മേയ് മൂന്ന് വരെ നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസിന് 92 മുതല്‍ 102 വരെ സീറ്റ് ലഭിക്കാമെന്നാണ് പ്രവചിക്കുന്നത്. ബി ജെ പിക്ക് 79 മുതല്‍ 89 വരെ സീറ്റ് ലഭിക്കുമെന്നും പറയുന്നു. ഇതേ ഏജന്‍സി ഏപ്രില്‍ 13 മുതല്‍ 18 വരെ നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസിന് 85 മുതല്‍ 91 വരെ സീറ്റാണ് പ്രവചിച്ചിരുന്നത്.

റോഡ് ഷോകള്‍ കൊണ്ട് നഗരം വീര്‍പ്പുമുട്ടുകയാണ്. നഗരങ്ങളില്‍ മണിക്കൂറുകളോളം ഗതാഗത തടസം അനുഭവപ്പെട്ടു. ഇന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ ശക്തമായ പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 223 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഒറ്റഘട്ടമായി 12നാണ് വോട്ടെടുപ്പ് നടക്കുന്നത്.