അറബ് മേഖലയില്‍ താമസിക്കാന്‍ മികവുറ്റ രാജ്യം യു എ ഇയെന്ന് സര്‍വേ

Posted on: May 9, 2018 10:04 pm | Last updated: May 9, 2018 at 10:04 pm

ദുബൈ: അറബ് ലോകത്ത് സുരക്ഷയോടെ ജീവിക്കാന്‍ ഏറ്റവും മികച്ച രാജ്യം യു എ ഇയെന്ന് സര്‍വേ റിപോര്‍ട്. പത്താമത് വാര്‍ഷിക അറബ് യൂത്ത് സര്‍വേയിലാണ് യു എ ഇയില്‍ മികച്ച രീതിയിലുള്ള താമസ സൗകര്യവും സുരക്ഷയും ജീവിക്കാന്‍ ഏറെ അനുയോജ്യമായ രാജ്യമാണെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്. 16 രാജ്യങ്ങളില്‍ നിന്നുള്ള യുവ സമൂഹമാണ് യു എ ഇ മികച്ച രാജ്യമെന്ന് അഭിപ്രായപ്പെട്ടത്. പ്രതീക്ഷകളുടെയും ആശങ്കയുടെയും ഒരു പതിറ്റാണ്ട് എന്ന പ്രമേയത്തിലാണ് സര്‍വേ ഒരുക്കിയത്. ഇത് തുടര്‍ച്ചയായ ഏഴാം തവണയാണ് യൂത്ത് സര്‍വേയില്‍ യു എ ഇ മികച്ച രാജ്യമായി തിരഞ്ഞെടുക്കുന്നത്.

ഇന്ന് അറബ് യൂത്ത് സര്‍വേ ഫലം വീക്ഷിച്ചിരുന്നു. 16 രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ പത്താമത് വാര്‍ഷിക സര്‍വേയില്‍ തുടര്‍ച്ചയായ ഏഴാം തവണയാണ് യു എ ഇയെ തിരഞ്ഞെടുക്കുന്നത്. സ്വദേശങ്ങളില്‍ യു എ ഇയുടേത് പോലുള്ള സൗകര്യങ്ങള്‍ പിന്‍പറ്റണമെന്നും സര്‍വേയില്‍ പങ്കെടുത്ത യുവാക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യു എ ഇ എല്ലാവര്‍ക്കുമുള്ളതാണ്. അറബ് യുവാക്കളുടെ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ വികാസം പ്രാപിക്കണം. അവയെ ഉന്മൂലനം ചെയ്യുകയോ ഇല്ലായ്മ ചെയ്യുകയോ അരുതെന്ന് താന്‍ ഗവണ്‍മെന്റുകളോട് ഉണര്‍ത്താറുണ്ടെന്നും സര്‍വേ ഫലം വീക്ഷിച്ചു യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ പങ്ക് വെച്ചു. പത്താമത് സര്‍വേയില്‍ പങ്കെടുത്തവര്‍ മേഖലയില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉന്നതമായ ജോലികളില്‍ പ്രവേശിക്കുന്നതിനും മികവുറ്റ രാജ്യം യു എ ഇ ആണെന്ന് അപിപ്രായപെട്ടിരുന്നു. ഈ വര്‍ഷം ജനുവരി 21 മുതല്‍ ഫെബ്രുവരി 20 വരെയാണ് സര്‍വേ സംഘടിപ്പിച്ചത്. അറബ് മേഖലയിലെ ഓരോ രാജ്യത്തിന്റെയും വിവിധ മേഖലകളില്‍ നിന്ന് 200 യുവ ജനങ്ങളെ വീതമാണ് സര്‍വേയില്‍ പങ്കെടുപ്പിച്ചത്. യു എ ഇയില്‍ താമസിക്കുന്നതിന് മികച്ച എമിറേറ്റുകളില്‍ ഒന്നാം സ്ഥാനത്തായി അബുദാബിയെയും ദുബൈയെയും 40 ശതമാനം പേര്‍ വീതം പിന്തുണച്ചിരുന്നു. താമസിക്കാന്‍ മികവുറ്റതില്‍ രണ്ടാം സ്ഥാനം ഷാര്‍ജ എമിറേറ്റാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 20 ശതമാനം പേര്‍ അഭിപ്രായപെട്ടു.