Connect with us

National

ബിഹാറില്‍ ബസിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ ആരും മരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍

Published

|

Last Updated

ബീഹാറില്‍ കത്തിയമര്‍ന്ന ബസ്

പാറ്റ്‌ന: ബിഹാറില്‍ അപകടത്തില്‍പ്പെട്ട് മറിഞ്ഞ ബസിന് തീപ്പിടിച്ച് 27 പേര്‍ മരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ബീഹാര്‍ സര്‍ക്കാര്‍. അപകടത്തില്‍ ആരും മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്. മാധ്യമങ്ങളെല്ലാം ദുരന്തത്തിന്റെ ആഴം മനസ്സിലാക്കി വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

മുസാഫര്‍പൂരില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോയ ബസ് ബിഹാറിലെ മോത്തിഹാരിയിലെ ബെല്‍വാ ഗ്രാമത്തില്‍ വെച്ച് മറിഞ്ഞ് തീപ്പിടിച്ച് 12 പേര്‍ മരിച്ചെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. പിന്നീട് മരണസംഖ്യ 27 ആയി ഉയര്‍ന്നതായും വാര്‍ത്തയെത്തി. 27 പേര്‍ മരിച്ചതായി ഈസ്റ്റ് ചമ്പാരന്‍ ജില്ലാ മജിസ്‌ട്രേറ്റ് സ്ഥിരീകരിച്ചതായി സംസ്ഥാന ദുരന്തനിവാരണ മന്ത്രി ദിനേഷ് ചന്ദ്ര യാദവും പറഞ്ഞിരുന്നു. എന്നാല്‍, രാത്രിയോടെ അപകടത്തില്‍ ആരും മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ജില്ലാ ഭരണകൂടം രംഗത്തെത്തുകയായിരുന്നു.

ഇതിനിടെ അപകട വിവരമറിഞ്ഞപ്പോള്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്തുകൊണ്ടിരുന്ന പരിപാടിയില്‍ രണ്ട് മിനുട്ട് നേരം ദുഃഖമാചരിച്ച് മൗനം പാലിക്കുകയും പിന്നാലെ അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നാലര ലക്ഷം രൂപ വീതം അടിയന്തിര സഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ നേതാക്കളുടേയും മറ്റും അനുശോചന പ്രവാഹങ്ങള്‍ക്കിടെയാണ് അപകടത്തില്‍ ആരും മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ രംഗത്തെത്തിയത്. വ്യാജ വാര്‍ത്ത എവിടെ നിന്ന് വന്നു എന്ന അന്വേഷണത്തിലാണ് സര്‍ക്കാറിപ്പോള്‍.

അപകടം നടന്നയുടനെ ബസ്സില്‍ നിന്ന് പൊള്ളലേറ്റ നിലയില്‍ രക്ഷപ്പെടുത്തിയ 13 പേരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നാലെ ബസ് കത്തിയമര്‍ന്നതോടെ ബസിലുള്ളവരെല്ലാം മരിച്ചിട്ടുണ്ടാകുമെന്നും നാല്‍പ്പത് സീറ്റുള്ള ബസില്‍ രക്ഷപ്പെടുത്തിയ 13 പേരുടെ എണ്ണം കുറച്ച് ബാക്കി 27 സീറ്റുകളിലിരുന്നവര്‍ മരിച്ചിട്ടുണ്ടാകും എന്ന അഭ്യൂഹമാണ് വാര്‍ത്തയായത് എന്നാണ് കരുതുന്നത്.