Connect with us

National

ബാബരി കേസ്: വിശാല ബഞ്ച് വേണ്ടെന്ന് ഹിന്ദുത്വ സംഘടനകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസ് പൂര്‍ണമായും ഭൂമിതര്‍ക്ക കേസ് മാത്രമാണെന്ന് വ്യക്തമാക്കി ഹിന്ദുത്വ സംഘടനകള്‍ സുപ്രീം കോടതിയില്‍. രാഷ്ട്രീയമോ മതപരമോ ആയ വിഷയത്തിന്റെ അടിസ്ഥാനത്തില്‍ കേസ് വിശാല ബഞ്ചിന് വിടാനാകില്ലെന്നും ഹിന്ദുത്വ സംഘടനകള്‍ ഇന്നലെ വ്യക്തമാക്കി. കേസ് വിശാല ബഞ്ചിന് വിടേണ്ടതില്ലെന്ന് ബാബരി മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട് ആദ്യം ഹരജി നല്‍കിയ ഗോപാല്‍ സിംഗിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുന്നസീര്‍ എന്നിവരടങ്ങിയ ബഞ്ചിനോട് ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ പ്രാഥമിക നടപടിക്രമവും കീഴവഴക്കവും അനുസരിച്ച് ഹൈക്കോടതി വിധികളെ ചോദ്യം ചെയ്തുള്ള ഹരജികള്‍ എപ്പോഴും മൂന്നംഗ ബഞ്ചാണ് പരിഗണിച്ചിട്ടുള്ളതെന്നും ഹരീഷ് സാല്‍വേ വ്യക്തമാക്കി. രാം ലല്ലാ വിരാജ്ഞനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കെ പ്രസാരണ്‍ ഇതിനെ പിന്തുണക്കുകയും ചെയ്തു.

അതേസമയം, മുസ്‌ലിം പക്ഷത്തിനുള്ള ഹരജിക്കാരനായ സിദ്ദീഖിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ ഇക്കാര്യത്തെ എതിര്‍ത്ത് രംഗത്തെത്തി. വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും കേസ് വിശാല ബഞ്ചിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ അടുത്ത മാസം 15ന് വാദംകേള്‍ക്കാനായി വീണ്ടും പരിഗണിക്കും. വിഷയത്തില്‍ സുന്നി വഖ്ഫ് ബോര്‍ഡും വിശാല ബഞ്ചിന് വിടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.