Connect with us

International

കൊറിയന്‍ ഉച്ചകോടിയിലെ 'മധുരം' രുചിക്കാതെ ജപ്പാന്‍

Published

|

Last Updated

കിം ജോംഗ് ഉന്നും മൂണ്‍ ജെ ഇന്നും പങ്കെടുക്കുന്ന കൊറിയന്‍ ഉച്ചകോടിക്കായി ദക്ഷിണ കൊറിയയില്‍ സജ്ജമാക്കിയ ഹാള്‍

കസേരയില്‍ ആലേഖനം ചെയ്ത് വിവാദ മാപ്പ്

ടോക്യോ: നാളെ നടക്കുന്ന ഉച്ചകോടിക്കിടെ വിളമ്പുന്ന പാനീയം ഇരു കൊറിയന്‍ മേധാവികള്‍ക്കും മധുരമൂറുന്നതാകുമെങ്കിലും ജപ്പാന് അതത്ര രുചിച്ചിട്ടില്ല. മധുരപാനീയം (മാംഗോ മൗസെ) വിളമ്പുന്ന പാത്രത്തില്‍ ജപ്പാന്‍ അവകാശവാദമുന്നയിക്കുന്ന വിവാദ ദ്വീപിന്റെ ഭൂപടം ആലേഖനം ചെയ്തത് അവരെ പ്രകോപിതരാക്കിയിരിക്കുകയാണ്. ഭൂപടം കൊറിയന്‍ ഉപദ്വീപിന്റേതാണെങ്കിലും അതില്‍ വിവാദ ദ്വീപായ ടേക്ഷിമയാണ് ഉള്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് ജപ്പാന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധക്കുറിപ്പ് പുറത്തിറക്കി.

പാത്രത്തില്‍ മാത്രമല്ല, ഉത്തര കൊറിയന്‍ പരമാധികാരി കിം ജോംഗ് ഉന്നിനും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിനും ഇരിക്കാന്‍ തയ്യാറാക്കിയിട്ടുള്ള കസേരയിലുമുണ്ട് വിവാദ മാപ്പ്. ഈ ദ്വീപ് ഇപ്പോള്‍ ദക്ഷിണ കൊറിയയുടെ അധീനതയിലാണെങ്കിലും ജപ്പാന്‍ അതിന്മേല്‍ അവകാശവാദം ഉന്നയിച്ചുവരുന്നുണ്ട്. 1910 മുതല്‍ 1945 വരെ കൊറിയന്‍ ഉപദ്വീപ് ജപ്പാന്റെ കീഴിലായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടതോടെയാണ് ഈ സ്ഥിതി മാറിയത്. ഇരു കൊറിയകള്‍ക്കും ഇടയില്‍ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ 30 ഓളം ചെറുദ്വീപുകളാണ് ടേക്ഷിമ. കൊറിയയില്‍ ഇത് അറിയപ്പെടുന്നത് ഡോക്‌ടോ എന്ന പേരിലാണ്. ഈ ദ്വീപ് ദക്ഷിണ കൊറിയ അനധികൃതമായി അധീനപ്പെടുത്തിയിരിക്കുകയാണെന്നാണ് ജപ്പാന്റെ ആരോപണം. വിഷയം ദീര്‍ഘകാലമായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുകയുന്നുണ്ട്.

അതിനിടെ, ചരിത്രപരമായ ഉച്ചകോടിക്കായി വലിയ സൗഹൃദ സന്നാഹങ്ങളാണ് ദക്ഷിണ കൊറിയ ഒരുക്കിയിരിക്കുന്നത്. ഉച്ചകോടി നടക്കുന്ന മുറിയുടെ ഘടന പോലും മാറ്റിയിരിക്കുന്നു. ചതുരാകൃതിയിലുള്ള മേശ മാറ്റി ദീര്‍ഘവൃത്താകൃതിയിലാക്കിയത് ഇരു നേതാക്കളുടെയും ആശയവിനിമയത്തെ കൂടുതല്‍ ഊഷ്മളമാക്കുമെന്നാണ് അവര്‍ കരുതുന്നത്. മുറിയുടെ പാര്‍ശ്വങ്ങളില്‍ കൊറിയയുടെ പരമ്പരാഗത വീടായ ഹനോകിന്റെ ചിത്രം പതിച്ചിരിക്കുന്നു.

ഉച്ചകോടിക്കെത്തുന്ന അതിഥികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിലുമുണ്ട് പ്രത്യേകതകള്‍. മൂന്ന് ഉത്തര കൊറിയന്‍ മുന്‍ പ്രസിഡന്റുമാരുടെ സ്വന്തം നഗരത്തിലെ പ്രത്യേക ഭക്ഷണമാകും അതിഥികള്‍ക്ക് വിളമ്പുക. കൂടാതെ, തണുത്ത നൂഡില്‍സ്, പ്രത്യേക പുഡ്ഡിംഗുകള്‍, കനലില്‍ ചുട്ടെടുത്ത ബീഫ് ഇവയുമുണ്ടാകും.

 

---- facebook comment plugin here -----

Latest