രണ്ട് വര്‍ഷത്തിനകം മലേറിയ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യും: ആരോഗ്യ മന്ത്രി

Posted on: April 26, 2018 6:01 am | Last updated: April 26, 2018 at 12:05 am
SHARE

തിരുവനന്തപുരം: 2020ഓടെ കേരളത്തില്‍ നിന്ന് മലേറിയ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. 2018ഓടെ മലേറിയ മൂലമുള്ള മരണം ഒഴിവാക്കാന്‍ സാധിക്കണം. എവിടെയെങ്കിലും മലേറിയ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ ഇടപെടുകയും അത് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും വേണം. ഇതിനായി പൊതുജന പങ്കാളിത്തം മന്ത്രി അഭ്യര്‍ഥിച്ചു. മലമ്പനി നിവാരണ യജ്ഞം സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനവും ശില്‍പ്പശാല ഉദ്ഘാടനവും ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം കോംപ്ലക്‌സ് ഒളിമ്പ്യ ചേംബേഴ്‌സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ നിര്‍മാണ മേഖലയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്. അതിനാല്‍ തന്നെ അവര്‍ക്ക് നല്ല പരിചരണം നല്‍കേണ്ടത് നമ്മുടെ ആവശ്യമാണ്. ഇതുകൂടി മുന്നില്‍കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 2020ഓടെ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും മലമ്പനി ഇല്ലാതാക്കുന്നതോടൊപ്പം ഇതര സംസ്ഥാനങ്ങളില്‍ താമസിച്ച് തിരിച്ചുവരുന്നവരില്‍ നിന്നും ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നും തദ്ദേശീയ മലമ്പനി ബാധ ഉണ്ടാകുന്നത് തടയാനും ലക്ഷ്യമിടുന്നു. ജീവിതശൈലീ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാനായി ആരോഗ്യ വകുപ്പ് മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നു. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധാപൂര്‍ണമായ ഇടപെടലിലൂടെയും കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഫലപ്രദമായി നേരിടാമെന്നും മന്ത്രി പറഞ്ഞു.

മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിന് ആരോഗ്യ ജാഗ്രതയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നേരത്തെ തുടങ്ങിക്കഴിഞ്ഞു. കൊതുകുനിവാരണത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ വീടും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിവരുന്നതായും മന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയില്‍ രണ്ട് വര്‍ഷമായി മെച്ചപ്പെട്ട സേവനങ്ങളാണ് നല്‍കുന്നത്. 75ലധികം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞു. ബാക്കിയുള്ളവയില്‍ ഭൂരിഭാഗം കേന്ദ്രങ്ങളും ഈ മാസത്തോടെ പ്രവര്‍ത്തനസജ്ജമാകുമെന്നും മന്ത്രി പറഞ്ഞു. മേയര്‍ അഡ്വ. വി കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, കൗണ്‍സിലര്‍ ഐഷാ ബക്കര്‍, മെഡിക്കല്‍ സര്‍വീസ് ഇന്‍ഷ്വറന്‍സ് ഡയറക്ടര്‍ ഡോ. അജിത ആര്‍ നായര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ ജെ റീന, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി മീനാക്ഷി പങ്കെടുത്തു. മലമ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ, ലോഗോ, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള എട്ട് ഭാഷകളിലുള്ള പോസ്റ്റര്‍ എന്നിവയും ചടങ്ങില്‍ പ്രകാശനം ചെയ്തു.