മേഘാലയയില്‍ അഫ്‌സ്പ പിന്‍വലിച്ചു

Posted on: April 23, 2018 9:49 pm | Last updated: April 24, 2018 at 9:01 am

ന്യൂഡല്‍ഹി: സൈന്യത്തിന് അനിയന്ത്രിത അധികാരം നല്‍കുന്ന അഫ്‌സ്പ മേഘാലയയില്‍ നിന്നും അരുണാചല്‍ പ്രദേശിന്റെ ഏതാനും ഭാഗങ്ങളില്‍ നിന്നും പിന്‍വലിച്ച് കേന്ദ്രം. മേഘാലയയില്‍ നിന്ന് ഏപ്രില്‍ ഒന്നു മിതല്‍ അഫ്‌സ്പ പിന്‍വലിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അരുണാചലില്‍ ദി ആംഡ് ഫോഴ്‌സസ് (സ്‌പെഷ്യല്‍ പവേര്‍സ്)ആക്ട് (അഫ്‌സ്പ) നടപ്പാക്കുന്നത് എട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് ചുരുക്കിയിട്ടുമുണ്ട്. നേരത്തേ, അസാമുമായി അതിര്‍ത്തി പങ്കിടുന്ന 16 പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അഫ്‌സ്പയനുസരിച്ചുള്ള സൈനിക സാന്നിധ്യം ഉറപ്പാക്കിയിരുന്നത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര സേനയുടെ സാന്നിധ്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മേഘാലയയിലും അരുണാലിലും അഫ്‌സ്പയില്‍ ഇളവ് വരുത്തുന്നത്. മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ വിദേശികള്‍ സന്ദര്‍ശിക്കുന്നതിനുള്ള നിയന്ത്രണവും നേരത്തേ ഇളവ് ചെയ്തിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.