Connect with us

National

മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തലോടി; തമിഴ്‌നാട് ഗവര്‍ണര്‍ വിവാദത്തില്‍; പ്രതിഷേധം

Published

|

Last Updated

ചെന്നൈ: മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ അനുവാദമില്ലാതെ തലോടിയ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വിവാദത്തില്‍. ചെന്നൈയില്‍ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിനൊടുവിലായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ കോളജ് അധ്യാപിക വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവത്തില്‍ ഗവര്‍ണറുടെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ചപ്പോള്‍ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടുകയായിരുന്നു. സര്‍വകലാശാല അധികൃതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ അധ്യാപിക പ്രേരിപ്പിച്ചെന്ന വിവാദത്തില്‍ തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കുന്നതിനാണ് 78 കാരനായ ബന്‍വാരി ലാല്‍ രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്.

സംഭവത്തില്‍ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തക ട്വീറ്റ് ചെയ്തതോടെ വിവാദം കത്തി. പലവട്ടം ഞാന്‍ മുഖം കഴുകി. ഒരു പാട് മനോവിഷമവും ദേഷ്യവും തോന്നുന്നു. എനിക്ക് ഇതില്‍ നിന്ന് മോചിതയാകാന്‍ കഴിയുന്നില്ല. മിസ്റ്റര്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, നിങ്ങള്‍ക്ക് അത് മുത്തച്ഛന്റെ സ്‌നേഹപ്രകടനം ആയിരിക്കാം പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ചെയ്തത് തെറ്റാണ്- മാധ്യമപ്രവര്‍ത്തക ട്വിറ്ററില്‍ കുറിച്ചു.

സംഭവം വിവാദമായതോടെ തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ശക്തമായി.  നിര്‍ഭാഗ്യകരമാണെന്ന് ഡി എം കെ വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. ഡി എം കെയുടെ രാജ്യസഭാ എം പി കനിമൊഴിയും മാധ്യമപ്രവര്‍ത്തകയെ അനുകൂലിച്ച് രംഗത്തെത്തി. സംഭവത്തില്‍ ഗവര്‍ണര്‍ മാപ്പ് പറയണമെന്ന് ചെന്നൈ പ്രസ്‌ക്ലബ് ആവശ്യപ്പെട്ടു. ഗവര്‍ണറുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രസ്‌ക്ലബ് രാജ്ഭവനിലേക്കയച്ച കത്തില്‍ വ്യക്തമാക്കി.