Connect with us

National

ബേങ്ക് വായ്പാ തട്ടിപ്പ്: ആര്‍ ബി ഐ ഗവര്‍ണര്‍ ഹാജരാകണമെന്ന് പാര്‍ലിമെന്ററി സമിതി

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബേങ്ക് തട്ടിപ്പ് ഉള്‍പ്പെടെ അടുത്തിടെ നടന്ന ബേങ്ക് വായ്പാ തട്ടിപ്പ് കേസുകളില്‍ വിശദീകരണം നല്‍കാന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ ഹാജരാകണമെന്ന് പാര്‍ലിമെന്ററി സമിതി. അടുത്ത മാസം 17ന് ഹാജരാകാനാണ് ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനോട് സമിതി ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി അധ്യക്ഷനും മന്‍മോഹന്‍ സിംഗ് അംഗവുമായ പാര്‍ലിമെന്ററി സാമ്പത്തികകാര്യ പാനലാണ് ആര്‍ ബി ഐ ഗവര്‍ണറെ വിളിച്ചുവരുത്തുന്നത്. ബേങ്കുകളുടെ കിട്ടാക്കടത്തെക്കുറിച്ച് സമിതി ആര്‍ ബി ഐ ഗവര്‍ണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് പാര്‍ലിമെന്റ് സമിതികളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

നോട്ട് നിരോധനത്തെക്കുറിച്ച് നേരത്തെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഊര്‍ജിത് പട്ടേലിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ബേങ്ക് തട്ടിപ്പ് കേസിലും വിളിച്ചുവരുത്തുന്നത്. രാജ്യത്തെ പൊതുമേഖലാ ബേങ്കുകളുമായി ബന്ധപ്പെട്ട് അടുത്തിടെ വന്‍ തട്ടിപ്പ് കഥകളാണ് പുറത്തുവന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബേങ്കായ പി എന്‍ ബിയില്‍ നിന്ന് പ്രമുഖ വജ്ര വ്യാപാരി നീരവ് മോദിയും അമ്മാവന്‍ മുകുള്‍ ചോക്‌സിയും ചേര്‍ന്ന് 12,500 കോടിയുടെ തട്ടിപ്പാണ് നടത്തിയത്.

ഇതിന് പുറമെ, വീഡിയോകോണിന് വായ്പ നല്‍കിയതിലും തട്ടിപ്പ് നടന്നതായി പുറത്തുവന്നിരുന്നു. വീഡിയോകോണിന് വായ്പ നല്‍കിയത് സ്വകാര്യ ബേങ്കായ ഐ സി ഐ സി ഐ ബേങ്ക് ആയിരുന്നുവെങ്കിലും ഇതിന് പിന്നില്‍ റിസര്‍വ് ബേങ്കിന്റെ അനുമതി ഉണ്ടായിരുന്നുവെന്നാണ് സൂചന. 3,250 കോടിയാണ് വീഡിയോകോണിന് ബേങ്ക് വായ്പ അനുവദിച്ചത്. നേരത്തെ ഈ വിഷയത്തില്‍ ഐ സി ഐ സി ഐ. സി ഇ ഒ ചന്ദാ കൊച്ചാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യങ്ങള്‍ സര്‍ക്കാറിനെ ആശങ്കയിലാക്കിയിരുന്നു. അതേസമയം, ഈ വിഷയത്തില്‍ ഇതുവരെ ആര്‍ ബി ഐ നിലപാട് വ്യക്തമാക്കിയിട്ടില്ല.

റിസര്‍വ് ബേങ്കിന് പൊതുമേഖലാ ബേങ്കുകളെ നിയന്ത്രിക്കാന്‍ ആവശ്യമായ അധികാരമില്ലെന്ന് ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. ഏത് തരത്തിലുള്ള അധികാരമാണ് വേണ്ടതെന്ന് തങ്ങള്‍ക്ക് അറിയേണ്ടതുണ്ടെന്ന് പാര്‍ലിമെന്ററി സമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.