Connect with us

National

ചായകുടിക്കായി കെജരിവാളിന്റെ ഓഫീസ് ചെലവഴിച്ചത് ഒരു കോടിയിലേറെ രൂപ

Published

|

Last Updated

ന്യൂഡല്‍ഹി: ചായസല്‍ക്കാരത്തിന് വേണ്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ചെലവഴിച്ചത് ഒരു കോടിയിലേറെ രൂപ. വിവരാവകാശ പ്രവര്‍ത്തകനായ ഹേമന്ദ് സിംഗ് ഗുനിയക്ക് ലഭിച്ച രേഖകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കെജരിവാളിന്റെ ഓഫീസ് ചായക്കും ചെറുകടികള്‍ക്കുമായി 1,03,04,162 രൂപയാണ് ചെലവഴിച്ചത്. അതേസമയം യാത്രകള്‍ക്കായി മുഖ്യമന്ത്രി ചെലവഴിച്ചത് വെറും 11.99 ലക്ഷം രൂപയാണ്.

2015 -16 സാമ്പത്തിക വര്‍ഷം ചായ, ലഘുകടി ഇനത്തില്‍ 23.12 ലക്ഷം, 2016-17ല്‍, 46.54 ലക്ഷം, 2017-18ല്‍ 33.36 ലക്ഷം എന്നിങ്ങനെയാണ് മൂന്ന് വര്‍ഷത്തെ കണക്കുകള്‍. മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിലും സെക്രട്ടേറിയറ്റിലുമായുള്ള ചെലവാണിത്.

അതേസമയം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാറുകളെ അപേക്ഷിച്ച് കെജരിവാളിന്റെ ചെലവ് വളരെ കുറവാണ്. 2016ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചായ ഇനത്തില്‍ ചെലവിട്ടത് ഒന്‍പത് കോടിയാണെങ്കില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പത്ത് മാസം കൊണ്ട് ചെലവിട്ടത് 68 ലക്ഷം രൂപയാണ്.

Latest