എസ് സി, എസ് ടി വിധി വിദ്വേഷത്തിനിടയാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Posted on: April 13, 2018 6:25 am | Last updated: April 12, 2018 at 11:37 pm

ന്യൂഡല്‍ഹി: പട്ടികജാതി- പട്ടിക വര്‍ഗ നിയമം ദുര്‍ബലപ്പെടുത്തുന്ന സുപ്രീം കോടതി വിധി രാജ്യത്ത് ഗുരുതര പ്രത്യാഘാതം സൃഷ്ടിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ എഴുതി നല്‍കിയ വാദത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിമയത്തിന്റെ വീര്യം വിധി ചോര്‍ത്തി. രാജ്യത്ത് വിദ്വേഷവും ഭയവും സൃഷ്ടിച്ചുവെന്നും അറ്റോര്‍ണി ജനറല്‍ നല്‍കിയ വാദത്തില്‍ കൂട്ടിച്ചേര്‍ത്തു. അധികാരപരിധി കടന്നുള്ള നിയമനിര്‍മാണമാണ് കോടതി നടത്തിയത്. നിയമത്തിലെ ന്യൂനത പരിഹരിക്കുകയല്ല സുപ്രീം കോടതി ചെയ്തതെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. നിയമനിര്‍മാണ സഭയും ജുഡീഷ്യറിയും എക്സിക്യൂട്ടീവും തങ്ങളില്‍ അര്‍പ്പിതമായ അധികാരപരിധിക്ക് അകത്താണ് പ്രവര്‍ത്തിക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ഓര്‍മപ്പെടുത്തി. നിയമം ദുര്‍ബലപ്പെടുത്തിയത് രാജ്യത്തെ സൗഹൃദാന്തരീക്ഷം തകര്‍ത്തു. പരസ്പരം പോരടിക്കുന്ന അവസ്ഥയില്‍ രാജ്യം എത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

മാര്‍ച്ച് ഇരുപതിനാണ് എസ് സി, എസ് ടി (അതിക്രമം തടയല്‍) നിയമത്തിന്റെ ദുരുപയോഗം തടയുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ചെറുക്കുന്നതിനുള്ള നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് ഇത്തരം പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നും അറസ്റ്റിന് മുമ്പ് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി വാങ്ങണമെന്നുമായിരുന്നു സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതോടെ വിധി സ്റ്റേ ചെയ്യണമെന്നും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചിരുന്നു. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.