സിറിയയിലെ രാസായുധാക്രമണം: ഇതുവരെ കാണാത്ത ആയുധങ്ങള്‍ പ്രയോഗിക്കുമെന്ന് ട്രംപ്

യു എസ് മിസൈല്‍ വെടിവെച്ചിടുമെന്ന് റഷ്യ
Posted on: April 12, 2018 6:10 am | Last updated: April 12, 2018 at 12:14 am

വാഷിംഗ്ടണ്‍: സിറിയയില്‍ മിസൈല്‍ ആക്രമണം ഉടനുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നല്‍കി. പുതിയതും സ്മാര്‍ട്ടുമായ പുതിയ മിസൈല്‍ ആക്രമണം ഉടനുണ്ടാകുമെന്നും അതിന് വേണ്ടി റഷ്യ തയ്യാറെടുക്കണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. വിമതരുടെ നിയന്ത്രണത്തിലുള്ള ദൗമയില്‍ രാസായുധാക്രമണമുണ്ടായെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ട്രംപിന്റെ മുന്നറിയിപ്പ്.

അതിനിടെ, അമേരിക്കക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി റഷ്യയും രംഗത്തെത്തി. അമേരിക്ക മിസൈല്‍ ആക്രമണം നടത്തുകയാണെങ്കില്‍ അത് വെടിവെച്ചിടും. പുറമെ മിസൈല്‍ വിക്ഷേപിച്ച കേന്ദ്രവും തകര്‍ത്തുകളയുമെന്ന് ലബനാനിലെ റഷ്യന്‍ അംബാസിഡര്‍ ഒരു ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സ്മാര്‍ട്ട് മിസൈലുകള്‍ ഭീകരവാദികളെ ലക്ഷ്യമാക്കിയാണ് പറക്കേണ്ടത്. അല്ലാതെ സിറിയയില്‍ തിരഞ്ഞെടുപ്പിലൂടെ വിജയിച്ച അസദ് സര്‍ക്കാറിനെതിരെയല്ല. സിറിയ അഭ്യന്തരമായി വളരുന്ന ഭീകരതക്കെതിരെ വര്‍ഷങ്ങളായി പോരടിച്ചുകൊണ്ടിരിക്കുകയാണെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം വക്താവ് മറിയ സക്കാറോവ പറഞ്ഞു.

സിറിയന്‍ പ്രസിഡന്റ് ബശാറുല്‍അസദിന് പിന്തുണ നല്‍കുന്ന റഷ്യയുടെ നടപടിയെ കഴിഞ്ഞ ദിവസവും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മനുഷ്യരെ ഗ്യാസ് ഉപയോഗിച്ച് കൊല്ലുന്ന, സ്വന്തം ജനങ്ങളെ കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുമായി റഷ്യ പങ്കാളിയാകരുതെന്ന് ട്രംപ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ച ദൗമയിലുണ്ടായ രാസായുധാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂനിയനിലെ വ്യത്യസ്ത രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ 70ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. മരിച്ചവരില്‍ കൂടുതലും കുട്ടികളും സ്ത്രീകളുമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, രാസായുധാക്രമണം ഉണ്ടായിട്ടില്ലെന്നാണ് റഷ്യയുടെയും സിറിയന്‍ സൈന്യത്തിന്റെയും വാദം.