Connect with us

Kerala

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സാക്ഷിമൊഴി പോലീസ് തന്നെ തയ്യാറാക്കിയതാണെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

കൊച്ചി: വരാപ്പുഴ വീട് ആക്രമണ കേസില്‍ സാക്ഷിമൊഴി പോലീസ് തന്നെ തയ്യാറാക്കിയതാണെന്ന് പുതിയ വെളിപ്പെടുത്തല്‍. സി പി എം വരാപ്പുഴ ദേവസ്വം പാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരനാണ് അന്വേഷണ സംഘം തയ്യാറാക്കിയ സാക്ഷിമൊഴിക്കെതിരെ രംഗത്തെത്തിയത്. ഒരു സ്വകാര്യ പ്രാദേശിക വാര്‍ത്താ ചാനലിനോടാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ കേസില്‍ പോലീസ് വീണ്ടും പ്രതിക്കൂട്ടിലായി.
വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടത്തില്‍ വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ നിര്‍ണായക സാക്ഷിയായി പോലീസ് രേഖപ്പെടുത്തിയത് പരമേശ്വരന്റെ മൊഴിയായിരുന്നു. പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പരമേശ്വരന്‍ പറയുന്നത്.
അക്രമിസംഘം വാസുദേവനെ അക്രമിക്കുന്നത് താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും വീടാക്രമിച്ച് വാസുദേവനെ മര്‍ദിക്കുന്ന ദിവസം താന്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പരമേശ്വരന്‍ പറഞ്ഞു.
വാസുദേവനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ ഷേണായി പറമ്പില്‍ എസ് ആര്‍ ശ്രീജിത്തും സജിത്തും ഉള്‍പ്പെടെയുള്ളവരെ തിരിച്ചറിഞ്ഞതായി പരമേശ്വരന്‍ പറഞ്ഞതായാണ് പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അതിനിടെ, വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ആളുമാറിയാണോ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നതുള്‍പ്പെടെ അന്വേഷണ വിധേയമാക്കുമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ കൊച്ചിയില്‍ പറഞ്ഞു.
ക്രൈംബ്രാഞ്ച് ഐ ജി. എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡി മരണ കേസ് അന്വേഷിക്കുന്നത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത വരാപ്പുഴ എസ് ഐ ദീപക് അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോയെന്നതും പരിശോധിക്കും. വരാപ്പുഴ എസ് ഐക്കെതിരെ വകുപ്പുതല അന്വേഷണവുമുണ്ടാകും.
എ ഡി ജി പി അനില്‍ കാന്തിനാണ് അന്വേഷണ മേല്‍നോട്ട ചുമതല. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം കൊച്ചിയിലെത്തി കേസ് രേഖകള്‍ കൈപ്പറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.
മരിച്ച ശ്രീജിത്ത് പ്രതിയായിരുന്ന വീട് ആക്രമണ കേസും പ്രത്യേക സംഘം അന്വേഷിക്കും. കസ്റ്റഡിയിലെടുത്ത ശേഷമുള്ള പോലീസ് നടപടികളില്‍ വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രതികളെ വൈദ്യപരിശോധനക്ക് വിധേയമാക്കുന്നതിലടക്കം വീഴ്ച വരുത്തിയെന്നും കണ്ടെത്തിയതായി വിവരമുണ്ട്.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത കളമശ്ശേരി എ ആര്‍ ക്യാമ്പിലെ പോലീസുകാരായ ജിതിന്‍രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തതിരുന്നു.

പോലീസ് മാറിമാറി മര്‍ദിച്ചുവെന്ന് ശ്രീജിത്തിന്റെ സഹോദരന്‍

കൊച്ചി: തന്നെയും ശ്രീജിത്തിനെയും പോലീസ് മാറിമാറി മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത്. വീട്ടില്‍ നിന്നാരംഭിച്ച മര്‍ദനം സ്റ്റേഷനില്‍ വെച്ചും തുടര്‍ന്നെന്ന് സജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ശ്രീജിത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി പുറത്തിറങ്ങിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാത്രി വീട്ടില്‍ കിടന്നുറങ്ങുമ്പോഴാണ് മൂന്ന് പോലീസുകാര്‍ വന്ന് തങ്ങളെ പിടികൂടിയത്. സ്റ്റേഷനിലെത്തിയ ശേഷം പേരും വിവരങ്ങളും പറഞ്ഞാല്‍ വിടാമെന്ന് പറഞ്ഞാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തങ്ങളെ കൂട്ടിക്കൊണ്ടുപോയത്. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ മര്‍ദനം ആരംഭിച്ചിരുന്നുവെന്നും സ്റ്റേഷനിലെത്തിയ ശേഷം വാരാപ്പുഴ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വകയായിരുന്നു മര്‍ദനമെന്നും അദ്ദേഹം പറഞ്ഞു.
വരാപ്പുഴ എസ് ഐ ദീപകായിരുന്നു മര്‍ദനത്തിന് നേതൃത്വം കൊടുത്തത്. മര്‍ദനമേറ്റ് അവശനായ ശ്രീജിത്തിന് വയ്യെന്ന് പറഞ്ഞെങ്കിലും തുടര്‍ന്നും മര്‍ദിക്കുകയായിരുന്നുവെന്നും വാസുദേവന്റെ ആത്മഹത്യയുമായോ വീടാക്രമിച്ചതുമായോ തനിക്കോ സഹോദരനോ ബന്ധമില്ലെന്നും സജിത്ത് പറഞ്ഞു.

 

---- facebook comment plugin here -----

Latest