നാല് സീറ്റിന് വേണ്ടി വര്‍ഗീയതക്ക് മുന്നില്‍ അടിയറവ് പറയുന്നത് വലിയ വിപത്ത്: മുഖ്യമന്ത്രി

Posted on: April 10, 2018 6:24 am | Last updated: April 9, 2018 at 11:59 pm
SHARE

മണ്ണഞ്ചേരി(ആലപ്പുഴ): നാല് സീറ്റിന് വേണ്ടി വര്‍ഗീയതക്ക് മുന്നില്‍ അടിയറവ് പറയുന്നത് വലിയ വിപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ് എല്‍ പുരം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിയെ തിരുത്താന്‍ വ്യഗ്രതപ്പെടുന്നവരുടെ കാലമാണിത്. കൊല്ലപ്പെട്ടവന്‍ മഹാനായാലും കൊലചെയ്യുന്നവന്‍ ചീത്തയാളല്ലെന്ന നിലപാടാണ് ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയെ മഹത്വവത്കരിക്കുന്നവര്‍ക്കുള്ളത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലെ ഡയറിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റിയത് ആസൂത്രിതമാണ്. പാഠപുസ്തകങ്ങളില്‍ നിന്ന് പോലും ഗാന്ധിജിയേയും നെഹ്റുവിനേയും ഒഴിവാക്കുന്നു. പലതും വളച്ചൊടിക്കുന്നു. ഗാന്ധിജിയുടെ അനുയായികളെന്ന് പറഞ്ഞ് നടക്കുന്നവര്‍ പോലും സാമ്രാജ്യത്വ അനുകൂലികളായി. ഗാന്ധിജിയുടെ ആശയങ്ങളുമായി നടന്ന ഒട്ടേറെ പ്രമാണിമാര്‍ വര്‍ഗീയ സംഘടനയുടെ ഭാഗമാകാനുള്ളതിന്റെ കാരണം ആശയത്തില്‍ വ്യക്തതയില്ലാത്തതാണ്. ഇറക്കുമതി ഉദാരവത്കരിച്ചപ്പോള്‍ രാജ്യത്ത് സ്വന്തമായി ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ പോലും അന്യരാജ്യങ്ങളില്‍ നിന്ന് വരുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടന ബഹുരാഷ്ട്ര കുത്തകള്‍ക്ക് തുറന്നിട്ടിരിക്കുകയാണ്. രാജ്യത്ത് എന്ത് നടപ്പാക്കിയാലും അതിന്റെ പ്രയോജനം ദരിദ്രര്‍ക്ക് ലഭിക്കണമെന്നാണ് ഗാന്ധിയന്‍ ദര്‍ശനം. എന്നാല്‍ ഇപ്പോഴുള്ള കേന്ദ്ര തീരുമാനങ്ങള്‍ എല്ലാം ജനവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എ എം ആരിഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here