വാരാപ്പുഴയില്‍ വീട് ആക്രമിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത എടുത്ത യുവാവ് മരിച്ചു

Posted on: April 9, 2018 8:00 pm | Last updated: April 9, 2018 at 11:02 pm

കൊച്ചി: വാരാപ്പുഴയില്‍ വീട് ആക്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയില്‍ മരിച്ചു. വരാപ്പുഴ സ്വദേശി ശ്രീജിത്താണ് മരിച്ചത്. വീട് ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശ്രീജിത്തിനെ ഇന്നലെയാണ് പോലീസ് ആശുപത്രിയില്‍ എത്തിക്കുന്നത്. ഗാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ശ്രീജിത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ശ്രീജിത്തിന്റെ ആന്തരികാവയവങ്ങള്‍ക്കു ക്ഷതമേറ്റിരുന്നതായും മൂത്രതടസ്സം ഉണ്ടായിരുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വരാപ്പുഴയില്‍ പതിനഞ്ചോളം പേര്‍ ചേര്‍ന്ന് വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗഹനാഥനായ വാസുദേവന്‍ തൂങ്ങിമരിച്ചിരുന്നു. ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വെള്ളിയാഴ്ച ശ്രീജിത്തുള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് വീട് തകര്‍ക്കുകയും വീട്ടിലുള്ളവര്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്‌തെന്ന പരാതിയെ തുടര്‍ന്നാണ് ശ്രീജിത്തടക്കം പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. കസ്റ്റഡിയില്‍ ശ്രീജിത്തിനെ മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പിന്നാലെയാണ് വൈകീട്ട് ശ്രീജിത്തിന്റെ മരണം സംഭവിക്കുന്നത്.

ശനിയാഴ്ച്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്റെ ശാരീരികപ്രയാസം കോടതിയെ അറിയിക്കുകയും ചികിത്സ വേണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ശ്രീജിത്തിനെ പ്രവേശിപ്പിച്ചത്.
ഇന്നു ശ്രീജിത്തിനെ സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മിഷന്‍ അംഗം ശ്രീജിത്തിനെതിരായ മര്‍ദനത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു.

പോലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ശ്രീജിത്തിന് പരിക്കേറ്റെതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ വീടാക്രമണത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് മര്‍ദ്ദനമേറ്റതെന്നാണ് പോലീസ് ഭാഷ്യം.