ഓഖി: കാണാതായവരെ മരിച്ചതായി കണക്കാക്കി ധനസഹായം നല്‍കും

കാണാതായത് 91 പേര്‍, ധനസഹായം 20 ലക്ഷം വീതം
Posted on: April 7, 2018 6:19 am | Last updated: April 7, 2018 at 12:21 am

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ പെട്ട് കേരളത്തില്‍ നിന്ന് കാണാതായവരെ മരിച്ചതായി കണക്കാക്കി ധനസഹായം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ദുരന്തത്തെ തുടര്‍ന്ന് കാണാതായ 91 പേരെ മരണമടഞ്ഞതായി കണക്കാക്കിയാണ് അവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കുന്നത്.

ധനസഹായ വിതരണം ഈ മാസം 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഓഖി ദുരന്തത്തില്‍ പെട്ട് കേരളത്തില്‍ നിന്ന് കാണാതായ 92 പേരാണ് തിരിച്ചെത്താനുണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടുകിട്ടുകയും സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഓഖി ദുരന്തത്തില്‍പ്പെട്ടവരില്‍ ഇനിയും കണ്ടുകിട്ടാത്തവരെ മരിച്ചതായി കണക്കാക്കി കുടുംബത്തിന് 20 ലക്ഷം രൂപ വീതമാണ് നല്‍കുന്നത്.49 പേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടുകിട്ടിയിരുന്നു. ഇവരുടെ ആശ്രിതരായ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നിക്ഷേപിച്ചതിന്റെ രേഖകള്‍ നേരത്തെ കൈമാറിയിരുന്നു. ഓഖി ദുരന്തത്തില്‍പ്പെട്ട് ആകെ മരണമടഞ്ഞത് 141 പേരാണെന്നാണ് ഔദ്യോഗിക വിവരം. തിരുവനന്തപുരം വെട്ടുകാട് പള്ളി പരിസരത്ത് സംഘടിപ്പിക്കുന്ന പരിപാടിയില്‍ കാണാതായ 91 പേരുടെയും കുടുംബാംഗങ്ങളായ 365 പേര്‍ക്ക് ധനസഹായം നിക്ഷേപിച്ചതിന്റെ രേഖകള്‍ മുഖ്യമന്ത്രി കൈമാറും. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കും

 

സഭയുടെ ആശങ്ക
അടിസ്ഥാനമില്ലാത്തത്: മന്ത്രി

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് ലത്തീന്‍ സഭ ഉന്നയിക്കുന്ന ആശങ്കകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. മത്സ്യത്തൊഴിലാളികള്‍ക്കായി ബൃഹത്തായ പദ്ധതി തയ്യാറാക്കിവരികയാണ്. സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ അത്രയും ഗൗരവത്തില്‍ എന്തുകൊണ്ടോ സഭ മനസിലാക്കുന്നില്ല. ഓഖിയില്‍ ചില രാഷ്ട്രീയം കടന്നുവരുന്നുണ്ട്. ചിദംബരം അധ്യക്ഷനായ റിപ്പോര്‍ട്ട് വന്നുകഴിഞ്ഞു. ദുരന്തം നടന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ നടന്ന വഴിതടയലിനും മറ്റും പിന്നില്‍ രാഷ്ട്രീയമുണ്ടായിരുന്നു. കേരളതീരം സേഫാണെന്നാണ് ഓഖി വരുന്നതുവരെ കരുതിയിരുന്നത്. കേരളത്തിന് ഒരു മറൈന്‍ ആംബുലന്‍സ് ഇല്ല. മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ക്ക് കൊച്ചിന്‍ഷിപ്പ്‌യാര്‍ഡില്‍ ഓര്‍ഡര്‍ നല്‍കി.

എട്ട് കോടി രൂപയാണ് ചെലവ്. ബജറ്റില്‍ വകയിരുത്തിയത് രണ്ട് കോടിയും. ബി പി സി എല്‍, സി എസ് ആര്‍ ഫണ്ടില്‍ നിന്ന് ഒരു മറൈന്‍ ആംബുലന്‍സിന്റെ ചെലവ് വഹിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. കൊച്ചിന്‍ഷിപ്പ് യാര്‍ഡ് ഒരെണ്ണത്തിന്റെ പകുതി ചെലവ് വഹിക്കും. ബാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് കണ്ടെത്തും. കേന്ദ്രസര്‍ക്കാറില്‍ നിന്ന് 169 കോടി രൂപ അടുത്തിടെ ലഭിച്ചു. സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ പ്രത്യേക പദ്ധതിയില്‍ തുകയൊന്നും അനുവദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.