സിറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍: റഷ്യ, ഇറാന്‍ നേതാക്കള്‍ തുര്‍ക്കിയില്‍

മൂന്ന് രാജ്യങ്ങളുടെയും നേതാക്കള്‍ സിറിയന്‍ പ്രശ്‌നപരിഹാരത്തിന് വേണ്ടി കൂടിയിരിക്കുന്നത് രണ്ടാം തവണ
Posted on: April 5, 2018 6:04 am | Last updated: April 4, 2018 at 11:09 pm
സിറിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് അങ്കാറയിലെത്തിയ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സ്വീകരിക്കുന്നു

മോസ്‌കോ: സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് തുര്‍ക്കിയും ഇറാനും റഷ്യയും വീണ്ടും ഒരുമിക്കുന്നു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി എന്നിവര്‍ ചര്‍ച്ചകള്‍ക്കായി തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെത്തി. ഏഴ് വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തിനും പ്രതിസന്ധികള്‍ക്കും പരിഹാരം കാണാനുള്ള ഈ മൂന്ന് രാജ്യങ്ങളുടെ നീക്കം ഏറെ പ്രാധാന്യമുള്ളതാണെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ നവംബറിന് ശേഷം ഇത് രണ്ടാം തവണയാണ് ഈ രാജ്യങ്ങളിലെ നേതാക്കള്‍ സിറിയന്‍ വിഷയത്തിന് വേണ്ടി കൂടിയിരിക്കുന്നത്. നേരത്തെ റഷ്യന്‍ നഗരമായ സോചിയിലായിരുന്നു കൂടിക്കാഴ്ച.

ഇറാനും റഷ്യയും സിറിയന്‍ സര്‍ക്കാറിന് പിന്തുണ പ്രത്യക്ഷമായി നല്‍കുന്നുണ്ട്. മൂന്ന് രാജ്യങ്ങള്‍ക്കും സിറിയന്‍ പ്രതിസന്ധി അവസാനിപ്പിക്കണമെന്ന താത്പര്യമുള്ളതിനാല്‍ ഇവര്‍ക്കിടയില്‍ ക്രമേണ വലിയ അടുപ്പം ഉണ്ടായതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മൂന്ന് രാജ്യങ്ങളും അവര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ നിരുത്സാഹപ്പെടുത്തി സിറിയയുടെ സമാധാനം ആഗ്രഹിച്ചുകൊണ്ടിരിക്കുകയാണെന്നും നിരീക്ഷകര്‍ പറയുന്നു.

അതിനിടെ കിഴക്കന്‍ ഗൗതയുടെ പൂര്‍ണ നിയന്ത്രണം പിടിച്ചടക്കാന്‍ സിറിയന്‍ സൈന്യം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്ന് നിരവധി വിമത സൈനികര്‍ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ ഗൗതയിലെ ആളുകള്‍ നേരിടുന്ന മാനുഷിക പ്രതിസന്ധികളെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പലതവണ വിമര്‍ശിച്ചിരുന്നു.